തിരുവനന്തപുരം > സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിർമിച്ച ഭരണഘടനയെ തകർക്കാൻ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത സത്യാഗ്രഹം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വൈദേശിക ശക്തികൾക്കെതിരായി കൈ മൈയ് മറന്ന് പോരാടിയ നാടാണിത്. കുഞ്ഞാലിമരയ്ക്കാറും പഴശി രാജാവും പൊരുതിയ ചരിത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തിൽ ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരായി കണക്കാക്കാൻ പറ്റില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യമാണ് ഏതൊരു മനുഷ്യനും വിലമതിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നേടിയെടുക്കാൻ രാജ്യത്ത് ദീർഘകാല സമരമാണ് നടന്നത്. സ്വാതന്ത്ര്യത്തിനായി നിരവധി ജീവത്യാഗങ്ങളുണ്ടായി. അത്തരത്തിലുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ നടപടി. രാജ്യത്തെങ്ങും സ്ഫോടനാത്മകമായ അന്തരീക്ഷമാണ്.
ദീർഘകാല പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉജ്വലമായ പ്രഖ്യാപനം രാജ്യത്തിന്റെ ഭാഗമായുണ്ടായി. ഏതെങ്കിലുമൊരു മതാധിഷ്ഠിത രാജ്യമായിരിക്കില്ല ഇന്ത്യ. മത നിരപേക്ഷ രാജ്യമാകും.എല്ലാ മതത്തിൽ പെട്ടവർക്കും ഒരുമതത്തിലും വിശ്വസിക്കാത്തവർക്കും ജീവിക്കാനുള്ള ഇടമാണ് മതനിരപേക്ഷ ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പൗരത്വനിയമം പാസാക്കിയത്.
ഇതിനെതിരെയാണ് രാജ്യത്താകമാനം പ്രതിഷേധത്തിന്റ അലമാലകൾ ശക്തമായി ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നതെന്ന സന്ദേശം ലോകത്തിന് നൽകുന്നത്. ഇത്തരം ഘട്ടങ്ങളിൽ നമ്മൾ എല്ലായിപ്പോഴും ഒന്നിച്ചുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന, ഈ മണ്ണിനെ പോറ്റിവളർത്തുന്ന പ്രവാസികളായ മലയാളികളോട് സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന നിലപാടാണ് കേരളത്തിന്റേത് എന്ന പ്രഖ്യാപനം കൂടിയാണ് ഈ കൂട്ടായ്മ. ഭരണഘടന ഉറപ്പ്നൽകുന്ന മതനിരപേക്ഷതയുടെ പിന്നിലാണ് നാം എന്നാണ് എല്ലാവരും കൂടി ഒറ്റജനതയായി പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകളിലൂടെ വികസിച്ച് വന്നവരാണ് നാം. ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായാണ് രാഷ്ട്രം എന്ന സങ്കൽപ്പമുണ്ടാകുന്നത്. മതങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്ത ജാതികളുടെ വൈവിധ്യങ്ങൾക്കിടെയും തങ്ങൾക്ക് പൊതുവായ സാംസ്കാരിക സവിശേഷതകൾ ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ആധുനിക ഇന്ത്യ രൂപം കൊള്ളുന്നത്. അത് സൃഷ്ടിച്ചത് നാം ഒന്നാണെന്ന ബോധമുള്ള ജനങ്ങളാണ്. എത്രയോ ജനങ്ങൾ ഈ ധാരയിൽ അണിനിരന്നിരിക്കുന്നു.
സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് നമ്മുടെത്. റോമാക്കാർ, ഗ്രീക്കുകാർ, ചീനക്കാർ ആര്യൻമാർ തുർക്കികൾ മുകളന്മാർ എന്നിങ്ങനെ എത്രയെത്ര ധാരകളെ അകമേവ പേറിയാണ് നാം വളർന്നതെന്ന് ആലോചിക്കണം.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുകയും ചൂഷണം നടത്തുകയും ചെയ്തപ്പോൾ അതിനെതിരായ പ്രതിരോധ മുന്നേറ്റങ്ങൾ ഉയർന്നുവന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനം വ്യത്യസ്ത ആശയധാരകളുടെ മഹാപ്രവാഹമായിരുന്നു. കാഴ്ചപ്പാടുകൾ പലതായിരുന്നെങ്കിലും രാജ്യത്തിന്റെ മോചനമായിരുന്നു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെല്ലാം സ്വപ്നം കണ്ടത്. ഈ ജനകീയ മുന്നേറ്റത്തെ വർഗീയമായും വംശീയമായും തരംതിരിക്കാൻ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ ശ്രമം നടന്നു.
ഭിന്നിപ്പിക്കുക വഴി സ്വാതന്ത്ര്യ സമരത്തെ ദുർബലപ്പെടുത്താനാണ് അവർ ശ്രമിച്ചത്. എന്നാൽ നമ്മൾ അതിനെ അതിജീവിച്ചു. അങ്ങനെയാണ് ആധുനിക ഇന്ത്യയെ മതനിരപേക്ഷമായ ഒന്നായി നമുക്ക് സൃഷ്ടിക്കാനായത്.
നമ്മുടെ ഭരണഘടന എങ്ങനെയാണ് രൂപപ്പെട്ടതെന്ന് നമുക്ക് ബോധമുണ്ടാകണം. ഇക്കാലത്ത് അതിന് ഏറെ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ഉയർന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ടാണ് ഭരണഘടന രൂപീകരിച്ചത്. അതിനെ തകർക്കാൻ അനുവധിക്കില്ല.
മതാധിഷ്ഠിത രാഷ്ട്രമാകാൻ അനുവധിക്കില്ലെന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറ. ഭാഷ,മതം,ലിംഗം,സംസ്കാരം പ്രദേശം എന്നിങ്ങനെയുള്ള വിവേചനങ്ങളെ അത് എതിർക്കുന്നു.
പാർലിമെന്ററി ജനാധിപത്യത്തെ മാറ്റി പ്രസിഡൻഷ്യൽ ഭരണരീതിക്കായി ശ്രമിക്കുന്നത് നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തിനെ അട്ടിമറിക്കാനുള്ളതാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടാണ് മനുഷ്യസ്നേഹികളെ കൂട്ടിയോചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2LXXE3y
via IFTTT
No comments:
Post a Comment