തിരുവനന്തപുരം> അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ‌് മാണിവിഭാഗം നേതാവുമായ കെ എം മാണിക്ക‌് നിയമസഭയുടെ ആദരാഞ്ജലി. പകരംവയ‌്ക്കാനില്ലാത്ത സാമാജികനെയാണ‌് നഷ്ടമായതെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ പറഞ്ഞു. നിയമസഭയിൽ ഒരോ ദിവസവും തനിക്ക‌് പുതിയതാണെന്ന‌് മാണി പറയുമായിരുന്നു. ഒരു ജിജ്ഞാസുവിന്റെ യൗവനതീക്ഷ‌്ണമായ മനസ്സ‌് അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കാൻ കെൽപ്പുണ്ടെന്ന‌് തെളിയിച്ചു. രാഷ്ട്രീയ പ്രവർത്തകർക്ക‌് എന്നും മാർഗദർശിയായിരുന്നു അദ്ദേഹമെന്നും സ‌്പീക്കർ പറഞ്ഞു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും സ‌്നേഹാദരവ‌് ആർജിക്കാൻ അദ്ദേഹത്തിന‌് കഴിഞ്ഞു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ശ്രദ്ധേയനായി. ലോക പാർലമെന്റ‌് ചരിത്രത്തിൽത്തന്നെ സ്ഥാനംനേടുന്ന അത്യപൂർവമായ സാമാജികനായിരുന്നു. തലമുറകളും രാഷ്ട്രീയ അഭിരുചികളിൽ മാറ്റമുണ്ടായിട്ടും നിയമസഭാ അംഗമായി തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന‌് വിജയിച്ചു. സഭയിൽ കൃത്യത പുലർത്തി. ഇറങ്ങിപ്പോക്ക‌് പ്രംസഗത്തിന്റെ കാര്യത്തിലടക്കം മുതിർന്ന നേതാക്കൾക്കുപോലും അദ്ദേഹം മാതൃകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു മാണിയെന്ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല പറഞ്ഞു. നിയമസഭ അദ്ദേഹത്തിന‌് പാഠശാലയായിരുന്നു. സംസ്ഥാന പാർടികൾ ദേശീയകാഴ‌്ചപ്പാടോടെ പ്രവർത്തിക്കണമെന്ന‌് നിർബന്ധബുദ്ധിയുള്ള നേതാവായിരുന്നു മാണിയെന്ന‌് പി ജെ ജോസഫ‌് പറഞ്ഞു. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി കെ നാണു, കെ ബി ഗണേശ‌്കുമാർ, തോമസ‌് ചാണ്ടി, എം കെ മുനീർ, അനൂപ‌് ജേക്കബ‌്, ഒ രാജഗോപാൽ, പി സി ജോർജ‌് എന്നിവരും സംസാരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2K85OGA
via IFTTT
No comments:
Post a Comment