കണ്ണൂര്‍ > കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാമണ്ഡലത്തില്‍ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി സ്വദേശികളായ മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, കെഎം. മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 171-ാം വകുപ്പ് പ്രകാരമാണ് കേസ്.
പുതിയങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 നമ്പര്‍ പോളിങ് ബൂത്തുകളില്‍ ഇവര്‍ കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ഈ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും എല്‍ഡിഎഫ് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന വിശദമായ അന്വേഷണത്തിലും തെളിവെടുപ്പിലും ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്തതായി കണ്ടെത്തി.
മുഹമ്മദ് ഫായിസ് വൈകിട്ട് 4.10ന് ബൂത്ത് 70ല്‍ പ്രവേശിച്ച് 4.16ന് വോട്ട് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ബൂത്ത് 69ല്‍ 4.30 ഓടെ എത്തിയ ഇയാള്‍ 4.44ന് അവിടെയും വോട്ട് ചെയ്തു. അബ്ദുല്‍ സമദ് വൈകിട്ട് 4.38ന് ബൂത്ത് 69ല്‍ എത്തി 4.47 ഓടെ വോട്ട് ചെയ്തു. അതേബൂത്തില്‍ 5.27 ഓടെ വീണ്ടുമെത്തി 5.29ന് ഇയാള്‍ വീണ്ടും വോട്ട് ചെയ്തു.
അബ്ദുല്‍ സമദ് 4.38-ന് 69-ാം നമ്പര്‍ പോളിങ് ബൂത്തില്‍ കയറി. 4.47-ന് രജിസ്റ്ററില്‍ ഒപ്പുവെച്ചു. 4.47-ന് വോട്ടുചെയ്തു. ഇതേ ബൂത്തില്‍ത്തന്നെ 5.27-ന് വീണ്ടും കയറി. 5.29-ന് രണ്ടാമത് വോട്ടുചെയ്തു.
കെ എം മുഹമ്മദ് ബൂത്ത് 69ല്‍ 4.05ന് പ്രവേശിച്ച് 4.08ന് ആദ്യ വോട്ട് ചെയ്തു. തുടര്‍ന്ന് അതേ ബൂത്തില്‍ 4.15ന് വീണ്ടുമെത്തി വോട്ട് ചെയ്തു. 5.26ന് മൂന്നാമതും ഇതേ ബൂത്തിലെത്തിയ ഇയാള്‍ 5.28ന് വീണ്ടും വോട്ടുചെയ്തു. ഇതിലൊന്ന് ഓപ്പണ്‍ വോട്ടാണെന്നാണ് ഇയാള്‍ തെളിവെടുപ്പില്‍ പറഞ്ഞത്. അടുത്ത വോട്ട് ഗള്‍ഫിലുള്ള സക്കീര്‍ എന്നയാള്‍ക്ക് വേണ്ടി ചെയ്തതായി ആദ്യം കലക്ടര്‍ക്ക് മൊഴി നല്‍കിയ മുഹമ്മദ് പിന്നീട് മടങ്ങിയെത്തി അത് കള്ളവോട്ടായിരുന്നുവെന്നും മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാവായ ബൂത്ത് ഏജന്റാണ് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് കലക്ടര്‍ക്ക് മൊഴി നല്‍കി.
സെക്ടറല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രണ്ടു ബൂത്തുകളും. പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Loe6fp
via IFTTT
No comments:
Post a Comment