പാലക്കാട‌്
ജൂൺ മൂന്നിന‌് സ‌്കൂൾ തുറക്കുമ്പോൾ അധ്യാപകരില്ല എന്ന പരാതി ഇനിയുണ്ടാകില്ല. സർക്കാർ സ‌്കൂളുകളിൽ എൽപി മുതൽ ഹൈസ‌്കൂൾ വരെ വിവിധ വിഷയങ്ങളിൽ സംസ്ഥാനത്താകെ എണ്ണായിരത്തോളം അധ്യാപകരെ നിയമിച്ചാണ‌് പിഎസ‌്സി അഡ്വൈസ‌് മെമ്മോ നൽകിയത‌്. ജില്ലയിൽ മാത്രം അഞ്ഞൂറ‌് പുതിയ അധ്യാപകരാണ‌് അധ്യയന മേഖലയിലേക്ക‌് എത്തുന്നത‌്. സംസ്ഥാനത്ത‌് ഇത‌് റെക്കോഡ‌് നിയമനമാണ‌്. അഡ്വൈസ‌് ലഭിച്ചവർക്ക‌് ഉടൻ സ‌്കൂളുകൾ നിശ‌്ചയിച്ചുനൽകും.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസ രംഗത്ത‌് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ‌് പുതിയ അധ്യാപക നിയമനം. സ‌്കൂൾ തുറന്ന‌് മാസങ്ങൾ കഴിഞ്ഞാലും അധ്യാപകരെ നിയമിക്കാതെ ദിവസവേതനക്കാരെ നിശ‌്ചയിച്ചാണ‌് പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നത‌്. ഇത‌് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും. അതത‌് സ‌്കൂൾ പിടിഎകളാണ‌് അധ്യാപകരെ അന്വേഷിച്ച‌് അലയുന്നത‌്. അതിന‌് മാറ്റം വരുത്തണമെന്ന കർശന ഇടപെടലാണ‌് സ‌്കൂൾ തുറക്കുന്നതിന‌് മുമ്പേ അധ്യാപക നിയമനവും പൂർത്തിയാക്കി പാഠഭാഗങ്ങളിലും കുട്ടികളുടെ കഴിവുകളിലും ശ്രദ്ധിക്കാൻ അധ്യാപകരെ പ്രാപ‌്തമാക്കുന്നത‌്.
സർക്കാർ സ‌്കൂളുകളിൽ ഒഴിവ‌് വരുന്ന അധ്യാപകരുടെ വിവരം പിഎസ‌്സിയെ അറിയിക്കുകയും അതനുസരിച്ച‌് ഉദ്യോഗാർഥികളുടെ അപേക്ഷ സീകരിച്ച‌് പരീക്ഷ നടത്തി റാങ്ക‌് ലിസ‌്റ്റ‌് തയ്യാറാക്കുകയും ചെയ‌്തതിന്റെ അടിസ്ഥാനത്തിലാണ‌് ഒരുവർഷം കൊണ്ടുതന്നെ റെക്കോഡ‌് നിയമനം നടത്താൻ സർക്കാരിനും പിഎസ‌്സിക്കും കഴിഞ്ഞത‌്. അഞ്ച‌്മാസം മുമ്പാണ‌് എൽപി, യുപി, എച്ച‌്എസ‌്എ റാങ്ക‌് ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചത‌്. ഇത്രയും വേഗം നിയമനം ലഭിക്കുന്നതും ആദ്യമാണ‌്. റാങ്ക‌് ലിസ്റ്റ‌് വന്ന‌് വർഷങ്ങൾ കഴിഞ്ഞാലും നിയമനം ലഭിക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട‌്. കോടതി ഇടപെടലും സമരങ്ങളും നടത്തിയ അനുഭവവുമുണ്ട‌്. എന്നിട്ടും നിയമനം നടത്താതെ ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന സാഹചര്യവും ഇവിടെയുണ്ടായിരുന്നു. അതിനൊന്നും ഇടനൽകാതെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ എല്ലാം വളരെ പെട്ടെന്ന‌് പൂർത്തിയാക്കി വിദ്യാർഥികളുടെ പഠനത്തിന‌് ഒരു കോട്ടവും വരരുത‌് എന്ന സർക്കാരിന്റെ നിർബന്ധ ബുദ്ധിയാണ‌് ഇത്രയും പെട്ടെന്ന‌് അധ്യാപകനിയമനം സാധ്യമാക്കിയത‌്.
ജില്ലയിൽ മാത്രം ലോവർ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയിൽ 447 അധ്യാപകരാണ‌് പുതിയതായി വരുന്നത‌്. ഹൈസ‌്കൂൾ മേഖലയിൽ അമ്പതോളം അധ്യാപകരെ നിയമിച്ച‌് അഡ്വൈസ‌് മെമ്മൊ അയച്ചു. വിദ്യാർഥികളെപ്പോലെ അധ്യാപകർക്കും പുതിയ അധ്യായന വർഷം പ്രവേശനോത്സവമാണ‌്. അതിനുള്ള ഒരുക്കത്തിലാണ‌് അധ്യാപക സംഘടനകൾ.
from Kerala || Deshabhimani Online News http://bit.ly/2Ew6Po4
via IFTTT
No comments:
Post a Comment