വൈദ്യുതിനിരക്ക് വർധിപ്പിക്കാത്തതിന്റെ പേരിൽ വൈദ്യുതിബോർഡിന‌് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ റാങ്കിങ്ങിൽ എ ഗ്രേഡ് ലഭിച്ചില്ല. രാജ്യത്തെ വൈദ്യുതി ബോർഡുകളുടെ പ്രവർത്തനങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്കിങ്ങിലാണ് നിരക്ക‌് കൂട്ടാത്തതിനാൽ കേരളത്തിന‌് ഗ്രേഡ‌് നഷ്ടമായത‌്.
സാമ്പത്തികം, പ്രവർത്തനം, പരിഷ്കാരങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം മാർക്കിടുന്നത്. പ്രവർത്തന മാനദണ്ഡങ്ങൾക്ക് മികച്ച മാർക്ക് നേടിയപ്പോഴും സാമ്പത്തിക കാര്യക്ഷമതയിൽ മാർക്ക് ലഭിച്ചില്ല. ആറു മാർക്കുള്ള വിഭാഗത്തിൽ വരുമാനവും കാലോചിത നിരക്ക് പരിഷ്കരണവുമാണ‌് വിലയിരുത്തുന്നത്. എൽഡിഎഫ‌് സർക്കാർ വന്നശേഷം നിരക്ക് വർധിപ്പിച്ചിട്ടില്ല. ഇതാണ് വിഭാഗത്തിൽ മാർക്ക് ലഭിക്കാത്തതിനു കാരണം. ഇതേ കാരണത്താൽ റാങ്കിങ് മാനദണ്ഡത്തിൽ ചെലവും വരുമാനവും തമ്മിലുള്ള അന്തരത്തിലും കെഎസ്ഇബിക്ക‌് ലഭിച്ചത് 15ൽ 4.93 മാർക്കാണ്.
കേരളം മാതൃകയെന്ന‌് റിപ്പോർട്ട‌്
അതേസമയം, കേരളത്തിന് ഈവർഷം 63.58 മാർക്കോടെ ലഭിച്ച ബി പ്ലസ് ഗ്രേഡ് കേന്ദ്രീകൃത റാങ്കിങ് നിലവിൽവന്നതിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ്.
ഇതിനുമുമ്പ‌് ലഭിച്ച മികച്ച മാർക്ക് 56.72 ആണ്. അതേസമയം ഓഡിറ്റിങ്, ആസ്തിയും കടവും തമ്മിലുള്ള അനുപാതം എന്നിവയിൽ മുഴുവൻ മാർക്കും ലഭിച്ചു. വൈദ്യുതി നിരക്ക് വർധിപ്പിച്ചില്ലെങ്കിലും കെഎസ്ഇബിയുടെ സാമ്പത്തികാടിത്തറ ഭദ്രമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
സർക്കാർ വൈദ്യുതി ബോർഡിന് നൽകുന്ന പിന്തുണ വിഭാഗത്തിലും കേരളത്തിന് മുഴുവൻ മാർക്കാണ്. സബ്സിഡി പണം കാലതാമസമില്ലാതെ നൽകുക, ഏറ്റവും കുറഞ്ഞ നിരക്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന‌് വൈദ്യുതി വാങ്ങുക, ആധുനികവൽക്കരണം, പുതിയ കണക്ഷൻ നൽകുന്നതിലെ കാര്യക്ഷമത എന്നീ മേഖലകളിൽ കേരളം മാതൃകയാണെന്നും റിപ്പോർട്ട് പറയുന്നു.
കേവലം 1.42 മാർക്കിനാണ് എ ഗ്രേഡ് നഷ്ടമായത്. 75 മുതൽ 80 വരെ എ ഗ്രേഡും ഇതിനുമുകളിൽ എ പ്ലസ് ഗ്രേഡുമാണ്. ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ലഭ്യമാകും. അതിനൊപ്പം വായ്പയ്ക്ക് പലിശയിളവും വേഗത്തിൽ പണം കണ്ടെത്താനുമാകും.
from Kerala || Deshabhimani Online News http://bit.ly/2HCDxoH
via IFTTT
No comments:
Post a Comment