കൊച്ചി
ശാന്തിവനം സംരക്ഷിക്കാനെന്ന പേരിൽ ഉടമ നടത്തുന്ന നിയമനടപടി സ്വന്തം വസ്തു സംരക്ഷിക്കാനുള്ള രഹസ്യ അജൻഡയുടെ ഭാഗമാണെന്ന് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. പദ്ധതി എത്രയുംവേഗം നടപ്പാകുകയാണെങ്കിൽ വോൾട്ടേജ് കുറവും മറ്റും നേരിടുന്ന ചെറായി, മുനമ്പം, പള്ളിപ്പുറം പ്രദേശങ്ങളിലെ ഒന്നരലക്ഷത്തോളം ആളുകൾക്ക‌് (40,000 ഉപയോക്താക്കൾ) ഗുണമുണ്ടാകുമെന്നും കെഎസ്ഇബി ട്രാൻസ്മിഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എ എ റുക്‌സാന ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. പൊതുതാൽപ്പര്യവും സ്വകാര്യതാൽപ്പര്യവും താരതമ്യം ചെയ്യുമ്പോൾ, പൊതുതാൽപ്പര്യത്തിനാണ് പ്രാധാന്യമെങ്കിൽ സ്വകാര്യതാൽപ്പര്യം വഴിമാറണമെന്ന് ഹൈക്കോടതി മുമ്പ് വിധിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
അലൈൻമെന്റ് മാറ്റണമെന്ന ഹർജിക്കാരിയുടെ ആവശ്യം പരിശോധിച്ച എഡിഎമ്മിന്റെ നിർദേശപ്രകാരം കെഎസ്ഇബി സാധ്യതാപഠനം നടത്തിയിരുന്നു. അലൈൻമെന്റ് മാറ്റുന്നത് ചെലവ് വർധിക്കാൻ കാരണമാകും. മാത്രമല്ല, ലൈൻ മറ്റു പലരുടെയും ഭൂമിയിലൂടെയാകും കടന്നുപോവുക. അത് കൂടുതൽ പരാതിക്ക് കാരണമാകും. രണ്ടേക്കറോളം പ്രദേശം നിബിഡവനമാണെന്ന ഹർജിക്കാരിയുടെ വാദം തെറ്റാണ്.
തന്റെ അച്ഛൻ ഭൂമിയെ സ്വാഭാവികവനമാക്കിയെന്ന ഹർജിക്കാരിയുടെ വാദവും തെറ്റാണ്. ഇത്തരം വാദങ്ങളൊന്നും മുൻകാലങ്ങളിൽ ഉന്നയിച്ചിട്ടില്ല. ഈ ഭൂമിയെ വനഭൂമിയായി കാണാനാകില്ല. ഇതിനെ വനമായി വിജ്ഞാപനം ചെയ്തിട്ടില്ല. ഈ ഭൂമി വനമല്ലെന്നാണ് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ജില്ലാ കലക്ടർക്ക‌് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഹർജിക്കാരിയുടെ വസ്തുവിലെ കുളത്തിന്റെ ഒരു ഭാഗവും വസ്തുവിന്റെ മുൻവശവും ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളെക്കുറിച്ചുള്ള പരാമർശങ്ങളൊക്കെ കേസിന് ബലം കിട്ടാൻ ഉപയോഗിക്കുന്നതാണ്. വിവിധതരം സസ്യങ്ങളും ജീവജാലങ്ങളും ധാരാളമുണ്ടെന്ന വാദം മറ്റ‌് ചെറുകിട ഭൂ ഉടമകളുടെ ചെലവിൽ സ്വന്തം സ്ഥലം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ളതാണ്. ഈ വസ്തു കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിനുകീഴിൽ വരുന്നില്ല. ചെലവ് കുറച്ചും ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കിയും പദ്ധതി നടപ്പാക്കാൻ എല്ലാ കാലവും കെഎസ്ഇബി ശ്രമിച്ചിരുന്നു. 90 ശതമാനം പണി കഴിഞ്ഞിട്ടും ഇപ്പോഴും തടയാനുള്ള ശ്രമം തുടരുകയാണ്. തടസ്സങ്ങൾമൂലമാണ് പദ്ധതിച്ചെലവ് 7.8 കോടിയിൽനിന്ന‌് 30.47 കോടിയായി ഉയർന്നത്. നിലവിൽ 30 ടവറുകളിൽ 15 എണ്ണവും സ്ഥാപിച്ചുകഴിഞ്ഞു. ഇനി അലൈൻമെന്റ് മാറ്റുന്നത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല. ഒരു ചെറിയ മാറ്റംപോലും മൊത്തം അലൈൻമെന്റിനെ ബാധിക്കും.
ഭൂമി കുടുംബദേവതയുടെ ആരാധനാലയമായ ഘണ്ഠാകർണൻ കാവാണെന്ന് ഹർജിക്കാരി പറയുന്നു. പക്ഷേ, ഇതൊന്നും നേരത്തെയുള്ള നിയമനടപടികളിൽ ഉന്നയിച്ചിട്ടില്ല. ഭരദൈവ പ്രതിഷ്ഠയെക്കുറിച്ച് ഹർജിക്കാരി പറയുന്നത് 2019 ജനുവരിയിൽ എഴുതിയ കത്തിൽമാത്രമാണ്. നാട്ടുകാർ അവിടെ വൈകിട്ട് വിളക്ക‌് കത്തിക്കുന്നു, അർച്ചന നടത്തുന്നു എന്നീ വാദങ്ങളൊക്കെ തെറ്റാണെന്നാണ് തോന്നുന്നത്. ടവർനിർമാണംമൂലം പൂജ നടത്തുന്നതിന് തടസ്സമൊന്നുമുണ്ടായിട്ടില്ല. ഭരിക്കുന്ന പാർടിയുടെ പ്രവർത്തകരുമായി വന്ന് കെഎസ്ഇബി ഭൂമിയിൽ അതിക്രമിച്ചുകയറിയെന്ന വാദവും തെറ്റാണ്. ഹർജിക്കാരിയാണ് പുറമെനിന്ന‌് ആളുകളെ കൊണ്ടുവന്ന‌് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കെഎസ്ഇബി ആരാധനാലയങ്ങളോ സസ്യങ്ങളോ നശിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലം പറയുന്നു.
ശാന്തിവനത്തിലെ ടവര്‍ നിര്‍മാണത്തിന് സ്‌റ്റേയില്ല
കൊച്ചി
പറവൂർ വഴിക്കുളങ്ങര ശാന്തിവനത്തിലെ വൈദ്യുതി ടവർ നിർമാണം സ്‌റ്റേ ചെയ്യണമെന്ന ഭൂവുടമയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസിലെ എതിർകക്ഷികളായ കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്കും കെഎസ്ഇബി അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ച കോടതി, കേസ് വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. വൈദ്യുതി ടവർ നിർമാണം തടയണമെന്നും ലൈൻ വഴി മാറ്റി വിടണമെന്നുമാണ് ഭൂവുടമയായ മീനാ മേനോൻ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജി തീർപ്പാകുംവരെ നിർമാണം തടയണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. സമാനമായ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും എന്തിനാണ് വീണ്ടും ഹർജി ഫയൽ ചെയ്തത്. സിംഗിൾബെഞ്ച് വിധിയിൽ അതൃപ്തിയുണ്ടെങ്കിൽ അപ്പീൽ നൽകുകയായിരുന്നില്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. നിവേദനപത്രികയുമായി അധികൃതരെ സമീപിക്കാനാണ് നേരത്തെ നിർദേശിച്ചതെന്നും അധികൃതർ അതിൽ തീരൂമാനമെടുത്തില്ലെന്നും ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അങ്ങനെയുണ്ടെങ്കിൽ വീണ്ടും ഹർജി ഫയൽ ചെയ്യുകയാണോ വേണ്ടതെന്ന് കോടതി ചോദിച്ചു. ഇതിനുശേഷമാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്.
from Kerala || Deshabhimani Online News http://bit.ly/2WRs2zO
via IFTTT
No comments:
Post a Comment