തൃശൂർ
ധനസാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ മനുവാദികൾ വീണ്ടും ഇന്ത്യയിൽ അധികാരത്തിലെത്തിയ അപായകരമായ സാഹചര്യത്തിൽ പുരോഗമന കലാസാഹിത്യ സംഘം നടുക്കവും ആശങ്കയും രേഖപ്പെടുത്തി. മനുവാദി പരിവാറിന്റെ ഭീഷണി നേരിടുന്ന ദളിത് ആദിവാസി ന്യൂനപക്ഷ സാംസ‌്കാരിക സാമൂഹങ്ങളേയും സ്ത്രീ സ്വാതന്ത്ര്യത്തേയും സർഗാത്മക സ്വാതന്ത്ര്യത്തേയും ശാസ്ത്രചിന്തയേയും സംരക്ഷിക്കാനുള്ള പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. കോർപറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം നുണ പ്രചരിപ്പിച്ചും സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിച്ചും ജനങ്ങളിൽ അന്യമത വിദ്വേഷവും യുദ്ധവെറിയും സൃഷ്ടിച്ചുമാണ് നരേന്ദ്രമോദിക്ക് വീണ്ടും അധികാരത്തിൽ വരാൻ കഴിഞ്ഞത്. ഇതോടെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച ജനാധിപത്യമൂല്യങ്ങളും മതേതരത്വവും നമ്മുടെ ഭരണഘടനയും കൂടുതൽ വെല്ലുവിളി നേരിടുകയാണ്. സാഹിത്യവും കലയും ശാസ്ത്രചിന്തയും സർഗസ്വാതന്ത്ര്യവും ഭീഷണിയിലാണ്.
ജനാധിപത്യവും മതേതരത്വവും സർഗാത്മക സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് സംഘം അതിന്റെ നിതാന്ത ജാഗ്രത തുടരും. മതേതരവാദികളായ എല്ലാ പ്രതിഭകളേയും വായനക്കാരേയും ആസ്വാദകരേയും അണിനിരത്തി മനുവാദി ഹിന്ദുത്വ വർഗീയശക്തികൾക്കെതിരായ സാംസ‌്കാരികപോരാട്ടം തുടരും.ദേശീയരാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷനേതൃത്വം കോൺഗ്രസാണെന്ന‌് ധരിച്ചുള്ള വിധിയെഴുത്താണ് കേരളത്തിൽ നടന്നത്. ഈ ധാരണ അബദ്ധമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തന്നെ തെളിയിച്ചു. ജനാധിപത്യവും മതേതരത്വവും സർഗസ്വാതന്ത്ര്യവും സംരക്ഷിക്കാൻ നടന്ന പോരാട്ടങ്ങളിൽ അൽപ്പംപോലും പങ്കുവഹിച്ചിട്ടില്ലാത്ത, അതിന‌് പ്രാപ്തിയില്ലാത്ത കക്ഷിയാണ് ഇന്നത്തെ കോൺഗ്രസ്. മാത്രമല്ല, പല ഘട്ടങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്നതിന് ഹിന്ദുത്വവാദികൾക്കൊപ്പം പങ്കുചേർന്ന ചരിത്രമാണ് അവർക്കുള്ളത്.
ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷ അംഗങ്ങളുടെ കുറവ് ധനസാമ്രാജ്യത്വത്തിനും മനുവാദി ഭരണത്തിനുമെതിരായ പോരാട്ടത്തെ ദുർബലമാക്കും എന്നതിൽ സംശയമില്ല. ഈ കുറവ് നികത്തുംവിധം പാർലമെന്റിനു പുറത്തെ ജനകീയ സമരങ്ങളും സാംസ‌്കാരിക പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് എഴുത്തുകാരോടും കലാകാരന്മാരോടും സാംസ‌്കാരിക പ്രവർത്തകരോടും സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ‌് ടി ഡി രാമകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ആർ അജയൻ കണക്കും അവതരിപ്പിച്ചു. വൈശാഖൻ, പ്രൊഫ. വി എൻ മുരളി, ഡോ. കെ പി മോഹനൻ, പുരുഷൻ കടലുണ്ടി എംഎൽഎ, സി പി അബൂബക്കർ, വി സീതമ്മാൾ, ഡോ. എസ് രാജശേഖരൻ, ജാനമ്മ കുഞ്ഞുണ്ണി, സി ആർ ദാസ് ,എ ഗോകുലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
2019 ഡിസംബറിൽ മലപ്പുറത്ത് സംസ്ഥാന സമ്മേളനം ചേരാൻ നിശ്ചയിച്ചു. അതിനു മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും.
from Kerala || Deshabhimani Online News http://bit.ly/2K7gOnr
via IFTTT
No comments:
Post a Comment