തിരുവനന്തപുരം
ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കുട്ടികളുടെ ബാല പാർലമെന്റ‌് ശ്രദ്ധേയമായി. കുടുംബശ്രീ ബാലസഭയാണ‌് പാർലമെന്റ‌് സംഘടിപ്പിച്ചത‌്. പഴയ നിയമസഭാ ഹാളിൽനടന്ന പരിപാടി മന്ത്രി എ സി മൊയ‌്തീൻ ഉദ‌്ഘാടനം ചെയ‌്തു. ഓരോ ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികൾ വീതമാണ‌് ബാല പാർലമെന്റിൽ പങ്കെടുത്തത‌്. കുട്ടികളിൽ പാർലമെന്റ് നടപടിക്രമങ്ങൾ, ഭരണസംവിധാനങ്ങൾ, നിയമനിർമാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ബാലപാർലമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ ജില്ലാ പാർലമെന്റിൽ നിന്നും അഞ്ച‌് ആൺകുട്ടികളും അഞ്ച‌് പെൺകുട്ടികളും അടങ്ങിയ പത്തുപേരാണ‌് സംസ്ഥാന ബാലപാർലമെന്റിൽ പങ്കെടുക്കുന്നത‌്.
രാജ്യത്തെ ക്രിയാത്മകമായ മാറ്റങ്ങളിലേക്കും അവബോധത്തിലേക്കും നയിക്കുന്ന തരത്തിൽ ബാലപാർലമെന്റുകളുടെ പ്രവർത്തനങ്ങൾ മാറണമെന്ന‌് മന്ത്രി എ സി മൊയ‌്തീൻ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ കൂടി അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ജനാധിപത്യപ്രക്രിയയെ മാറ്റിയെടുക്കണം. ജനാധിപത്യ നടപടിക്രമങ്ങൾ ഈ സമൂഹത്തിന്റെ നൻമയ്ക്കും വികസനത്തിനും അടിസ്ഥാന മൂല്യങ്ങൾസംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാൽ ബാലപാർലമെന്റ് എന്ന പദ്ധതിക്ക് തുടർപ്രവർത്തനങ്ങൾ വേണം. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നുള്ള ബോധ്യം ജനപ്രതിനിധികൾക്കുണ്ടാകണം. ജനാധിപത്യത്തിന്റെ ചരിത്രം കൂടി പഠിച്ചുകൊണ്ട് രാജ്യത്തിന് പുതുതായി എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ കഴിയുകയും മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും വേണം. കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.
ബാലപാർലമെന്റിൽ പ്രധാനമന്ത്രിയായി എത്തിയ അഭിമന്യു എ എസ് (തിരുവനന്തപുരം), സ്പീക്കർ സൂര്യ സുരേഷ് (കോട്ടയം), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ (കണ്ണൂർ), രാഷ്ട്രപതി അഭിഷേക് എൽ നമ്പൂതിരി (കോട്ടയം), പ്രതിപക്ഷ നേതാവ് അലീന (ആലപ്പുഴ) എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
വാർഡ് കൗൺസിലർ ജയലക്ഷ്മി സംസാരിച്ചു. പ്രോഗ്രാം ഓഫീസർ അമൃത ജി എസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ജോമോൻ, ജിജിൻ, ഗംഗാധരൻ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക് കോ–-ഓർഡിനേറ്റർമാർ, റിസോഴ്സ് പേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ഡയറക്ടർ ആശാ വർഗീസ് സ്വാഗതവും മലപ്പുറം ജില്ലാമിഷൻ കോ–- ഓർഡിനേറ്റർ സി കെ ഹേമലത നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2wfde2p
via IFTTT
No comments:
Post a Comment