പള്ളൂർ> ആർഎസ്എസ് കൊലക്കത്തിയിൽ പിടഞ്ഞുവീണ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ ധീരസ്മരണയിൽ പള്ളൂർ ചെങ്കടലായി. ഒന്നാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ബാബുവിന്റെ പൊള്ളുന്ന ഓർമയുമായി പള്ളൂരിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനവും പൊതുയോഗവും നടന്നു. ചൊക്ലി രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ചുള്ള ബഹുജന പ്രകടനത്തിൽ ചെങ്കൊടികളും ബാബുവിന്റെ ചിത്രംപതിച്ച ബനിയനും തൊപ്പികളുമായാണ് നാട് അണിനിരന്നത്.
പള്ളൂരിന്റെ ഹൃദയവികാരമായിരുന്ന ബാബുവിനെ നാട് എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനമുന്നേറ്റം തീർത്ത ബഹുജന പ്രകടനവും വളണ്ടിയർ മാർച്ചും. ഇത്രമാത്രം ജനങ്ങൾ അണിനിരന്ന മഹാപ്രകടനം പള്ളൂരിന്റെ ചരിത്രത്തിലാദ്യമാണ്. ബാൻഡ‌് വാദ്യത്തിന്റെ അകമ്പടിയോടെ നടന്ന പ്രകടനം ഗ്രാമത്തി, കോയ്യോട്ടു തെരു വഴി പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി ജനാർദനൻ അധ്യക്ഷനായി.
എംഎൽഎമാരായ എം സ്വരാജ്, എ എൻ ഷംസീർ എന്നിവർ സംസാരിച്ചു. ടി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി എം സി പവിത്രൻ, ബാബുവിന്റെ മകൾ അനാമിക, സഹോദരൻ കണ്ണിപ്പൊയിൽ മനോജ് എന്നിവരും പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ചുള്ള വിവിധ മത്സര വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു. രാവിലെ സ‌്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവുമുണ്ടായി.
from Kerala || Deshabhimani Online News http://bit.ly/2Ltw4NE
via IFTTT
No comments:
Post a Comment