ഫറോക്ക്
ശ്രീലങ്കയിൽനിന്നും 15 ഐ എസ് തീവ്രവാദ സംഘടനാ പ്രവർത്തകർ എന്ന് കരുതുന്ന സംഘം ലക്ഷദ്വീപിലെ മിനിക്കോയിലേക്ക‌് നീങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത‌് തീരസുരക്ഷ കർശനമാക്കാൻ വീണ്ടും നിർദേശം. ഇതു രണ്ടാം തവണയാണ് തീവ്രവാദ ഭീഷണിയുടെ പേരിൽ കേരളത്തിന്റെ തീരദേശ മേഖലയിൽ കടലിലും കരയിലും സുരക്ഷ ശക്തമാക്കാൻ നിർദേശം വരുന്നത്. ശ്രീലങ്കയിൽനിന്നും വെള്ള നിറത്തിലുള്ള ബോട്ടിലാണ് ഐ എസ് സംഘം ലക്ഷദ്വീപ് ലക്ഷ്യമിട്ട് നീങ്ങിയിരിക്കുന്നതെന്നാണ് രഹസ്യവിവരം. ഇതു പ്രകാരമാണ് എല്ലായിടത്തും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരദേശ പൊലീസിനോടാവശ്യപ്പെട്ടത‌്. ഇതു പ്രകാരം മലബാർ മേഖലയിലും തീരദേശ പൊലീസ് സ്റ്റേഷനുകളിൽ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കു കീഴിൽ സുരക്ഷാ ക്രമീകരണങ്ങളും തീരവാസികളിലും മത്സ്യത്തൊഴിലാളികൾക്കിടയിലും ബോധവൽക്കരണത്തിനും നിർദേശമുണ്ട്.
ബേപ്പൂർ തീരദേശ പൊലീസിന്റെയും മറൈൻ എൻഫോഴ‌്‌സ‌്‌മെന്റ‌് വി ഭാഗത്തിന്റെയും നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ മുതൽ പ്രത്യേക സുരക്ഷാ പരിശോധനയുണ്ട്. എല്ലാ ജില്ലാതല മേധാവികൾക്കും തീരസംരക്ഷണം ശക്തമാക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് രണ്ടാമതും നിർദേശം ലഭിച്ചത്. ഇതനുസരിച്ച് അതത് തീരദേശ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ‌് മേധാവികളുടെ സഹായത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ബോട്ടുകൾ പ്രവർത്തനക്ഷമമല്ലാത്തിടങ്ങളിൽ കലക്ടർ, ഫിഷറീസ് വകുപ്പ് എന്നിവരുമായി സഹകരിച്ച‌് സുരക്ഷാ പട്രോളിങ് കോസ്റ്റൽ പൊലീസ‌് സ‌്റ്റേഷനുകളിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി. തീരത്തും കടലിലും മത്സ്യബന്ധന തുറമുഖങ്ങൾ, മറ്റു തുറമുഖങ്ങൾ, ഫിഷ് ലാൻഡിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ബോട്ടുകളും വള്ളങ്ങളുമുൾപ്പെടെ എല്ലാ യാനങ്ങളും പരിശോധിക്കണം. അനധികൃതമായി കടലിലും കരയിലും ഒരുവിധ ഏർപ്പാടുകളുമില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന യാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയുടെ വിവരങ്ങൾ ഉടൻ തീരദേശ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
തീരദേശ സമീപസ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ , ഹോട്ടലുകൾ, ലോഡ്ജ്, ഹോം സ്റ്റേ കേന്ദ്രങ്ങൾ തുടങ്ങിയവ നിരീക്ഷിച്ച് അസ്വാഭാവികമായി എന്തെങ്കിലും നീക്കങ്ങൾ കാണപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശമുണ്ട‌്. നിലവിലെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ , കടലോര ജാഗ്രതാ സമിതി അംഗങ്ങൾ, മത്സ്യതൊഴിലാളികൾ തുടങ്ങിയവരെയും ബോധ്യപ്പെടുത്തി അവരിൽ അവബോധം വളർത്തി സഹകരിപ്പിക്കാനും ഇവരോട് വിവരങ്ങൾ തീരദേശ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2EyHXMG
via IFTTT
No comments:
Post a Comment