കൊച്ചി
കുട്ടികളെ കൂടെനിർത്താൻ അനുമതി തേടി കുടുംബകോടതിയെ സമീപിക്കുന്ന പുരുഷരക്ഷിതാക്കളെ പോക‌്സോ കേസിൽ കുടുക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്ന് ഹൈക്കോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമ (പോക്‌സോ) പ്രകാരം അച്ഛനെതിരെ കേസ് രജിസ്റ്റർചെയ്തുവെന്നതുകൊണ്ടുമാത്രം ആരോപണം സത്യമാണെന്ന് ഉറപ്പിക്കരുതെന്ന് ജസ്റ്റിസുമാരായ കെ ഹരിലാൽ, ടി വി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് കുടുംബകോടതികൾക്കു നിർദേശം നൽകി.
രക്ഷിതാക്കൾ സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ അപൂർവമായി ഉണ്ടാകാറുണ്ട്. പക്ഷെ, രജിസ്റ്റർ ചെയ്യുന്നവയിലധികവും കള്ളക്കേസുകളാണ്. ഇത്തരം കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിൽ യാഥാർഥ്യം കണ്ടെത്താൻ വിചാരണക്കോടതി ജാഗ്രത പുലർത്തണം. കേസ് രജിസ്റ്റർചെയ്തുവെന്നതുകൊണ്ടുമാത്രം കുട്ടിയെ കൂടെനിർത്താൻ അച്ഛന് അവകാശമില്ലെന്ന് കരുതരുത്. അച്ഛനെ ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ നൽകിയ പരാതിയിലാണോ കേസ് രജിസ്റ്റർചെയ്തത‌് എന്ന് കുടുംബകോടതി പരിശോധിക്കണം. ഇല്ലെങ്കിൽ കുട്ടിയെ കൂടെനിർത്തണമെന്ന ഉദ്ദേശ്യത്തോടെ നിയമപോരാട്ടം നടത്തുന്ന നിഷ്‌കളങ്കരായവരും പോക്‌സോ പ്രകാരമുള്ള കള്ളക്കേസുകളുടെ ഇരയാകും. കുട്ടികളെ കൂടെനിർത്തണമെന്ന‌് ആവശ്യപ്പെടുന്ന ഹർജികളിൽ പോക്‌സോ കേസുകളെക്കുറിച്ച് പറയുമ്പോൾ അത് കുട്ടിയെ അച്ഛന് നൽകാതിരിക്കാനുള്ള ഉപായമല്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമകരമായ ഉത്തരവാദിത്തം കുടുംബകോടതിക്കുണ്ട്. ആ കേസിന്റെ അന്വേഷണഫലം എന്താണെന്ന് പരിശോധിക്കണം. കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കണം.
എന്നാൽമാത്രമേ അച്ഛൻ കൂട്ടിയെ ലെെംഗികമായി പീഡിപ്പിച്ചോയെന്നും ആരോപണത്തിന് അടിസ്ഥാനമുണ്ടോയെന്നും പ്രഥമദൃഷ്ട്യാ മനസ്സിലാക്കാനാവൂ. ഓരോ കേസും കുടുംബകോടതി വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണം. ഇക്കാര്യത്തിൽ അതിവേഗത്തിലുള്ളതോ കടുപ്പമുള്ളതോ ആയ തീരുമാനം എടുക്കരുത്. അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ വസ്തുതകളെ തള്ളി കുടുംബകോടതി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നല്ല പറയുന്നത്. ആരോപണം തെളിയിക്കാനുതകുന്ന വിശ്വാസയോഗ്യമായ തെളിവുകളില്ലാതെ വെറുമൊരു കേസിന്റെ അടിസ്ഥാനത്തിൽമാത്രം കുട്ടിയുടെ കസ്റ്റഡി അച്ഛന് നൽകാതിരിക്കരുതെന്നുമാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ഹെെക്കോടതി വ്യക്തമാക്കി.
അമ്മ മരിച്ച അഞ്ചു വയസ്സുകാരിയെ (കീഴ‌്ക്കോടതിയിൽ ഹർജി നൽകുന്ന കാലത്ത് രണ്ടു വയസ്സ‌്) അച്ഛനൊപ്പം വിട്ട ഒറ്റപ്പാലം കുടുംബകോടതിവിധിയെ ചോദ്യംചെയ്ത് അമ്മയുടെ രക്ഷിതാക്കൾ നൽകിയ അപ്പീലാണ് ഹെെക്കോടതി പരിഗണിച്ചത്. അച്ഛൻ മദ്യപാനിയാണെന്നും കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചയാളാണെന്നും അമ്മയുടെ മരണത്തിന് ഉത്തരവാദിയാണെന്നും കുട്ടിയെ കൂടെ വിടരുതെന്നും വാദമുയർന്നു. കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ചെന്ന കേസ് തള്ളിയതാണെന്നു കോടതി ചൂണ്ടിക്കാട്ടി. അമ്മയുടെ മരണം സംബന്ധിച്ച കേസും പെരിന്തൽമണ്ണ പൊലീസ് എഴുതിത്തള്ളി. സർക്കാരിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് കുട്ടിയെ കസ്റ്റഡിയിൽ വിട്ടുകൊടുക്കാതിരിക്കാനുള്ള കാരണമല്ല. കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയെന്നതിന് തെളിവില്ല. അമ്മയുടെ മരണത്തിനുശേഷം കുട്ടിയെ നോക്കിയത് ഇയാളാണ്. തുടർന്ന് കുടുംബകോടതി ഉത്തരവ് ഹെെക്കോടതി ശരിവയ‌്ക്കുകയായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Q6P9UP
via IFTTT
No comments:
Post a Comment