ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ അവിശ്വസനീയ വിജയത്തിന്റെ ചൂടാറുംമുമ്പ‌് കോൺഗ്രസിൽ കരുനീക്കം തുടങ്ങി. ആലപ്പുഴയിലെ തോൽവിയിൽ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ ചുറ്റിപ്പറ്റിയാണ‌് വിവാദമുയർത്തിയിരിക്കുന്നത‌്.
പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്ട‌് അദ്ദേഹത്തിന‌് കിട്ടിയ 18,000 വോട്ടിന്റെ ഭൂരിപക്ഷം എങ്ങനെ 5844 ആയെന്നാണ‌് ചെന്നിത്തലയ‌്ക്കുനേരെ ഉയരുന്ന ചോദ്യം. ആലപ്പുഴ കുത്തകസീറ്റായി കൈവശംവച്ച വേണുഗോപാലിന‌് തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന‌് ഒഴിഞ്ഞുമാറാനാകില്ലെന്നാണ‌് മറുചേരിയുടെ വാദം.
തെരഞ്ഞെടുപ്പ‌് ഫലം വിലയിരുത്താനായി കെപിസിസി ഭാരവാഹിയോഗവും രാഷ്ട്രീയകാര്യസമിതിയും ചൊവ്വാഴ‌്ച തിരുവനന്തപുരത്ത‌് ചേരും. വിജയിച്ച സ്ഥാനാർഥികളെയും കെപിസിസി യോഗത്തിലേക്ക‌് ക്ഷണിച്ചിട്ടുണ്ട‌്. ആഹ്ലാദം പങ്കിടലും ലഡ്ഡുവിതരണവുമല്ലാതെ മറിച്ചൊന്നും തൽക്കാലം പ്രതീക്ഷിക്കേണ്ടെന്നാണ‌് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഒരു കെപിസിസി ഭാരവാഹി പറഞ്ഞത‌്. എന്നാൽ, ഇപ്പോഴത്തെ വിജയാരവത്തിന്റെ അലയൊലി അധികം നീളില്ലെന്നാണ‌് ചെന്നിത്തലയ‌്ക്കും കെ സി വേണുഗോപാലിനും എതിരായ നീക്കം നൽകുന്ന സൂചന.
മുതിർന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മൻചാണ്ടി, പി സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോടും അമർഷം പുകയാൻ തുടങ്ങിയിട്ടുണ്ട‌്. കേരളത്തിലെ വിജയത്തിൽ ആന്റണിക്കും ചാക്കോയ‌്ക്കും വേണുഗോപാലിനും പങ്കൊന്നുമില്ലെന്ന‌് ഒരു വിഭാഗം ആരോപിക്കുന്നു. കോൺഗ്രസിന്റെ ദേശീയതലത്തിലെ തീരുമാനങ്ങളിൽ നിർണായക പങ്കുവഹിച്ച ആന്റണിയോട‌് ഒരു വിഭാഗം കുറെ നാളായി അകന്നുനിൽക്കുകയാണ‌്. തന്നോട‌് കൂറുപുലർത്തുന്നവർമാത്രമേ ആന്റണിയുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ളൂവെന്ന ആക്ഷേപം ശക്തമാണ‌്. വയനാട്ടിലെ പ്രചാരണത്തിലെ പോരായ‌്മ പൊലിപ്പിച്ചുകാട്ടി എഐസിസിക്ക‌് റിപ്പോർട്ട‌് നൽകിയതിനു പിന്നിൽ കെ സി വേണുഗോപലിന്റെ കരങ്ങളുണ്ടെന്ന‌് മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടരും രഹസ്യമായി പരാതിപ്പെടുന്നു.
ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവും കേന്ദ്രത്തിൽ കോൺഗ്രസ‌് അധികാരത്തിൽ വരുമെന്ന പ്രതീതി ജനിപ്പിക്കാൻ കഴിഞ്ഞതുമാണ‌് കേരളത്തിലെ വിജയത്തിനു പിന്നിലെന്നും അതിൽ ഇവിടത്തെ നേതൃത്വത്തിന‌് കാര്യമായ പങ്കില്ലെന്നുമാണ‌് വേണുഗോപാൽ, പി സി ചാക്കോ തുടങ്ങിയവർ ഡൽഹിയിൽ നൽകിയ ചിത്രം. ഇതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി തുടങ്ങിയവർ അമർഷത്തിലാണ‌്.
കേരള നേതാക്കൾക്ക‌് ചുമതലയുണ്ടായിരുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന‌് നിലംതൊടാൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ‌്. ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന പി സി ചാക്കോ, ആന്ധ്രയുടെ ചുമതല വഹിച്ച ഉമ്മൻചാണ്ടി എന്നിവരെല്ലാം പ്രതിക്കൂട്ടിലാണ‌്. അതിനിടെ കേരളത്തിലെ വിജയത്തിന്റെ ക്രെഡിറ്റ‌് തട്ടിയെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ‌് ചെന്നിത്തലയും പരസ‌്പരം മത്സരത്തിലാണ‌്. പ്രചാരണവേളയിൽ പല മണ്ഡലത്തിലും ഉയർന്ന അസ്വാരസ്യം പരിഹരിക്കുന്നതിൽ മുല്ലപ്പള്ളി ചെറുവിരൽപോലും അനക്കിയില്ലെന്ന‌് ചെന്നിത്തലയുടെ ഒളിയമ്പ‌്. ഇതിന‌് മറുപടിയായാണ‌് ഹരിപ്പാട്ടെ വോട്ട‌് നഷ്ടം തന്ത്രപരമായി എതിർചേരി ഉയർത്തിക്കൊണ്ടുവരുന്നത‌്. കേരളത്തിലെ വിജയത്തിൽ ഏറ്റവും കൂടുതൽ ആശ്വാസം കൊള്ളുന്നത‌് മുല്ലപ്പള്ളിയാണ‌്. കഴിഞ്ഞതവണത്തേതിൽനിന്ന‌് ഒരു സീറ്റ‌് കുറഞ്ഞിരുന്നെങ്കിൽ ഏഴുമാസംമുമ്പ‌് കെപിസിസി അധ്യക്ഷസ്ഥാനത്ത‌് എത്തിയ മുല്ലപ്പള്ളിയെ ചുവരിൽ ഒട്ടിച്ചേനെയെന്നാണ‌് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത‌്.
പുന:സംഘടന കീറാമുട്ടി
പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ കെപിസിസിക്കുമുമ്പിൽ കീറാമുട്ടിയായി കിടപ്പുണ്ട‌്. യുഡിഎഫ‌് കൺവീനറായ ബെന്നി ബെഹനാൻ, കെപിസിസി വർക്കിങ‌് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ‌്, കെ സുധാകരൻ, പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എന്നിവർക്ക‌് പകരക്കാർ വേണമോ എന്നത‌് പ്രശ‌്നമാണ‌്. ഇവർ പദവിയിൽ തുടരണമോ എന്നത‌് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും. ഈ സ്ഥാനങ്ങളിൽ കണ്ണുവച്ച‌് നിരവധിപേർ കളത്തിലുണ്ട‌്. യുഡിഎഫ‌് കൺവീനർസ്ഥാനം ലക്ഷ്യമിട്ട‌് മുൻ എറണാകുളം എംപി കെ വി തോമസ‌് ഡൽഹിയിൽ വട്ടമിട്ടുകഴിഞ്ഞു. സീറ്റ‌് നിഷേധിച്ചപ്പോൾ ബിജെപിയിലേക്ക‌് ചേക്കേറുമെന്ന‌് ഭീഷണിമുഴക്കിയ തോമസിനെ പിടിച്ചുനിർത്തിയത‌് പകരം പദവി വാഗ‌്ദാനംചെയ‌്താണ‌്. ഒന്നുകിൽ യുഡിഎഫ‌് കൺവീനർ, അല്ലെങ്കിൽ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം–- ഇതിൽ കുറഞ്ഞ ഒന്നിനും തോമസ‌് വഴങ്ങില്ല. എറണാകുളം സീറ്റിനായി പലരും ചരടുവലി തുടങ്ങിക്കഴിഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VNxW3H
via IFTTT
No comments:
Post a Comment