തൃശൂർ> ആവേശാരവങ്ങളോടെ തൃശൂർ പൂരത്തിന് കൊടിയേറി. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരനഗരിയിലെ ആൽമരങ്ങളിലും എട്ടു ഘടകദേശക്ഷേത്രങ്ങളിലും ചൊവ്വാഴ്ച കൊടിയേറ്റം ആഘോഷമായി. ഇനി ആറാം നാൾ, 13നാണ്, പൂരങ്ങളുടെ പൂരം.
തിരുവമ്പാടി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 11.30 നും പാറമേക്കാവിൽ 12.03നുമായിരുന്നു കൊടിയേറ്റം. തിരുവമ്പാടിയിൽ ദേശക്കാർ ക്ഷേത്ര ശ്രീകോവിലിനു സമീപം കൊടിമരം സ്ഥാപിച്ചപ്പോൾ ആചാരവെടികൾ മുഴങ്ങി. പകൽ മൂന്നു മണിയോടെ മേളത്തിന്റെ അകമ്പടിയിൽ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങി. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ കോലമേന്തി. ഷൊർണൂർ റോഡിലൂടെ കുമരപുരം വിനോദിന്റെ നേതൃത്വത്തിൽ നടപാണ്ടിയായി മൂന്നരയോടെ നടുവിലാലിലും തുടർന്ന് നായ്ക്കനാലിലും പൂരക്കൊടികൾ നാട്ടി. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തെത്തി മേളം കൊട്ടിക്കലാശിച്ചു.
പാറമേക്കാവിൽ പെരുവനം കുട്ടൻമാരാർ നയിച്ച വലിയപാണിയുടെയും പാണ്ടിയുടെയും എഴുന്നള്ളിപ്പിന്റെയും അകമ്പടിയിൽ കൊടിയേറി. തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരമുയർത്തിയപ്പോൾ കോലമേന്തിയ പാറമേക്കാവ് ദേവിദാസൻ തുമ്പിക്കൈ ഉയർത്തി പൂരപ്രേമികളെ അഭിവാദ്യം ചെയ്തു.
തുടർന്ന് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും പൂരക്കൊടി ഉയർത്തി. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് വൻ ജനാവലി കൈത്താളവുമായി ആവേശം പകർന്നു. തുടർന്ന് മണികണ്ഠനാലിലും പൂരക്കൊടി ഉയർത്തിയപ്പോൾ ആചാരവെടികൾ മുഴങ്ങി. പാണ്ടിമേളം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തെത്തി കലാശിച്ചു.
മന്ത്രി വി എസ് സുനിൽകുമാർ, കെ രാജൻ എംഎൽഎ, മേയർ അജിത വിജയൻ, കൗൺസിലർമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി ചന്ദ്രശേഖരൻ, സെക്രട്ടറി പ്രൊഫ. എം മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ സതീഷ് മേനോൻ, സെക്രട്ടറി ജി രാജേഷ്, ക്ഷേത്രം ഭാരവാഹികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ ഇരു വിഭാഗത്തിന്റെയും കൊടിയേറ്റ ചടങ്ങുകളിൽ സന്നിഹിതരായി.
from Kerala || Deshabhimani Online News http://bit.ly/2VUU8Nm
via IFTTT
No comments:
Post a Comment