കൊച്ചി> പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ ക്രമക്കേട‌് പുറത്തുവന്ന സാഹചര്യത്തിൽ, ഉദ്യോഗസ്ഥരെ പഴിചാരി മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ‌് രംഗത്ത‌്. പാലം നിർമാണത്തിൽ നയപരമായ തീരുമാനം മാത്രമാണ‌് യുഡിഎഫ‌് സർക്കാർ എടുത്തതെന്നും നിർമാണത്തിലെ വീഴ‌്ചയുടെ പൂർണ ഉത്തരവാദിത്തം റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് കോർപറേഷനാ (ആർബിഡിസികെ)ണെന്നുമാണ‌് ഇബ്രാഹിംകുഞ്ഞിന്റെ വാദം.
ദേശീയപാതയിലെ പാലം നിർമാണം സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ഏറ്റെടുത്തതുമുതൽ ക്രമക്കേടിനുള്ള സാധ്യതയാണ‌് തേടിയതെന്ന ആരോപണം നിലനിൽക്കെയാണ‌് ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ മുൻമന്ത്രി ശ്രമിക്കുന്നത‌്. പുതിയ സാങ്കേതികവിദ്യയാണ് പാലത്തിനായി കരാറെടുത്ത സ്വകാര്യ കമ്പനി പരീക്ഷിച്ചത‌്. അതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആർബിഡിസികെയും കിറ്റ‌്കോയും തയ്യാറാകാത്തതാണ‌് വീഴ‌്ചയ‌്ക്ക‌് കാരണമെന്നും ഇബ്രാഹിംകുഞ്ഞ‌് പറയുന്നു.
പാലം വിഴുങ്ങിയവർ വെള്ളംകുടിക്കും
കൊച്ചി>മേൽപ്പാലത്തിന്റെ നിർമാണഘട്ടത്തിൽ ഒരിക്കൽപ്പോലും അവലോകനം നടത്തിയിട്ടില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട‌്. ചെറിയ പദ്ധതികൾപോലും രണ്ടുമാസത്തിലൊരിക്കലെങ്കിലും അവലോകനം നടക്കുമെന്നിരിക്കെ സുപ്രധാന പദ്ധതിനടത്തിപ്പിനിടയിൽ അവലോകനം നടന്നിട്ടില്ലെന്നത‌് ഭരണനേതൃത്വത്തിന്റെ വീഴ‌്ചയാണ‌്. പദ്ധതി രൂപരേഖ അംഗീകരിച്ചതുമുതൽ മേൽനോട്ടത്തിലെ പിഴവാണ‌് വീഴ‌്ചയ‌്ക്കു കാരണമായതെന്നാണ‌് പാലം പരിശോധിച്ച ചെന്നൈ ഐഐടിയിലെ വിദഗ‌്ധസംഘത്തിന്റെ അഭിപ്രായം. മേൽപ്പാലം പണി ദേശീയപാത അതോറിറ്റിയെക്കൊണ്ട‌് ചെയ്യിക്കാൻ കഴിയാതിരുന്നത‌് യുഡിഎഫ‌് സർക്കാരിന്റെ വീഴ‌്ചയാണ‌്. യുപിഎ സർക്കാരിന്റെ ഭരണകാലത്തായിരുന്നു പദ്ധതിക്ക‌് തുടക്കംകുറിച്ചത‌്. എന്നാൽ, കേന്ദ്ര സർക്കാരിനെക്കൊണ്ട‌് പദ്ധതി ഏറ്റെടുപ്പിക്കാൻ യുഡിഎഫ‌് സർക്കാരിനായില്ല. കേന്ദ്ര സർക്കാരിന്റെ ജൻറം പദ്ധതിയിൽപ്പെടുത്തി പാലം പണിയാൻ കൊച്ചി കോർപറേഷൻ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു.
എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിന്റെ നിർദേശാനുസരണമാണ‌് അന്ന‌് കൗൺസിൽ അങ്ങനെയൊരു തീരുമാനമെടുത്തത‌്. എന്നാൽ, എല്ലാ രാഷ്ട്രീയപാർടികളും ആ തീരുമാനം അംഗീകരിച്ചപ്പോൾ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പാർടിയുടെ പ്രതിനിധി യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി. അടുത്തദിവസം പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി ഇബ്രാഹിംകുഞ്ഞ‌് പ്രഖ്യാപിച്ചു. തുടർന്ന‌് യുഡിഎഫ‌് മന്ത്രിസഭ അത‌് അംഗീകരിച്ചു.
യുഡിഎഫ‌് സർക്കാരിന്റെ കാലത്തുതന്നെ പദ്ധതി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയിരുന്നു. അനാവശ്യ ധൃതികാട്ടിയത‌് പാലത്തിന്റെ ബലക്ഷയത്തിനു കാരണമായി. യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
from Kerala || Deshabhimani Online News http://bit.ly/2Lvy4VX
via IFTTT
No comments:
Post a Comment