കോട്ടയം> കോൺഗ്രസിനേയും പി ജെ ജോസഫിനെയും വിമർശിച്ച് കേരളാ കോൺഗ്രസ് മുഖമാസിക പ്രതിച്ഛായയിൽ ലേഖനം. "കെ എം മാണി മടങ്ങിപോയി മുറിവുണങ്ങാത്ത മനസ്സുമായി' എന്ന തലക്കെട്ടോടെയാണ‌് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത‌്. ബാർ കോഴ വിവാദത്തിലടക്കം പി ജെ ജോസഫിനെയും കോൺഗ്രസിനേയും വിമർശിച്ചാണ‌് ലേഖനം കൊടുത്തിട്ടുള്ളത‌്. പത്രാധിപർ ഡോ കുര്യാസ് കുമ്പളക്കുഴിയാണ‌് ലേഖനം എഴുതിയത‌്.
അമ്പത് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബാർ കോഴക്കേസ് ശത്രുക്കൾക്ക് മുന്നിൽ വീണു കിട്ടുന്നത്. ഉറഞ്ഞു തുള്ളിയ ശത്രുക്കൾക്കിടയിൽ നിന്ന് "ഹാ ബ്രൂട്ടസേ നീയും' എന്ന് സീസറെ പോലെ നിലവിളിക്കാനെ കെ എം മാണിക്ക് കഴിഞ്ഞുള്ളു എന്നും ലേഖനം പറയുന്നു. തരം കിട്ടിയാൽ മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. "കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ'എന്നാണ് ഇത്തരക്കാരെ കെ എം മാണി വിശേഷിപ്പിച്ചിരുന്നതെന്നും ലേഖനത്തിൽ പറയുന്നു.
ബാർ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബർ 31 ന് കെ എം മാണി എന്ന രാഷ്ട്രീയ അതികായന്റെ കൊടിയിറക്കം തുടങ്ങിയെന്നും ലേഖനം എടുത്ത് പറയുന്നുണ്ട്. കേരളാ കോൺഗ്രസിനെ തകർക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. "ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ" എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികൾ പയറ്റിയത് . വേണ്ടിവന്നാൽ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോൺഗ്രസിനെ സ്നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോൾ ഔസേപ്പച്ചൻ സമ്മതിക്കുമോ എന്നായിരുന്നു കെ എം മാണിയുടെ സന്ദേഹം. സാറു പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷെ അതുണ്ടായില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും പ്രതിച്ഛായ പറയുന്നു.
ബാർ കോഴ ആരോപണത്തിൽ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോയെന്ന് അറിയില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2Jcju3p
via IFTTT
No comments:
Post a Comment