ആലുവ > ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരനായ കോൺഗ്രസ‌് നേതാവ‌് അബൂട്ടി എന്ന അബു പിടിയിൽ. തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവിലായിരുന്ന ശ്രീഭൂതപുരം അപ്പോലി വീട്ടിൽ അബുവാണ‌് പിടിയിലായത്. ഇയാളെ ആലുവ ഡിവൈഎസ്‌പി ചോദ്യം ചെയ്യുകയാണ്. അൻവർസാദത്ത‌് എംഎൽഎയുടെ അടുപ്പക്കാരനായ അബു, തിരുവൈരാണിക്കുളം സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക‌് കോൺഗ്രസിന്റെ പാനലിൽ മത്സരിച്ചിരുന്നു.
വ്യാജരേഖ തയ്യാറാക്കാൻ സ്ഥലമുടമയിൽനിന്ന‌് അബൂട്ടി ഏഴുലക്ഷം രൂപ കൈപ്പറ്റിയതായി പൊലീസ‌് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തട്ടിപ്പ‌് സംബന്ധിച്ച‌് പൊലീസും വിജിലൻസും ലാൻഡ‌് റവന്യൂ കമീഷണറേറ്റും പ്രത്യേകമായാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഫോർട്ട‌്കൊച്ചി ആർഡിഒ ഓഫീസിലെ രേഖകൾ പരിശോധിച്ചു. ചൂർണിക്കര പഞ്ചായത്തിലെ 14–-ാം വാർഡിൽ ദേശീയപാതയോട‌് ചേർന്നുള്ള 25 സെന്റ‌് തണ്ണീർത്തടം വർഷങ്ങൾക്കുമുമ്പ‌് ഉടമ മണ്ണിട്ട‌് നികത്തി ഗോഡൗൺ നിർമിച്ചിരുന്നു. ഭൂമിയിൽ വീണ്ടും നിർമാണം നടത്താൻ ഉടമ ശ്രമിച്ചപ്പോഴാണ‌് അബു ഇടപെട്ട‌് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത‌്. തൃശൂർ മതിലകം മുളംപറമ്പിൽ വീട്ടിൽ ഹംസയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ളതാണ‌് വസ‌്തു.
കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവാണ‌് അബു ആദ്യം തയ്യാറാക്കിനൽകിയത‌്. തരംമാറ്റൽ ഉത്തരവ‌് ആർഡിഒയാണ‌് നൽകേണ്ടത‌് എന്ന‌് വില്ലേജ‌് ഓഫീസർ അറിയിച്ചപ്പോൾ അബു അതിനും വ്യാജരേഖയുണ്ടാക്കി നൽകി. ഇതിൽ സംശയം തോന്നിയ വില്ലേജ‌് ഓഫീസർ ആർഡിഒയോട‌് വിവരം തിരക്കി.
തെരഞ്ഞെടുപ്പ‌് ഡ്യൂട്ടിയിൽ സംസ്ഥാനത്തിന‌് പുറത്തായിരുന്ന ആർഡിഒ, താൻ അത്തരം അനുമതി നൽകിയിട്ടില്ലെന്ന‌് ഫോണിൽ വില്ലേജ‌് ഓഫീസറെ അറിയിച്ചു. തുടർന്ന‌് വില്ലേജ‌് ഓഫീസർ തഹസിൽദാർക്ക‌് വിവരം റിപ്പോർട്ട‌് ചെയ്യുകയായിരുന്നു. ശ്രീഭൂതപുരം ലിഫ‌്റ്റ‌് ഇറിഗേഷന്റെ പൈപ്പ‌് പറമ്പിനരുകിലേക്ക‌് മാറ്റിസ്ഥാപിക്കാമെന്നുപറഞ്ഞ‌് ഭൂവുടമയിൽനിന്ന‌് 50,000 രൂപ തട്ടിയ സംഭവത്തിൽ അബുവിനെതിരെ കാലടി പൊലീസിലും പരാതിയുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2JtwRvv
via IFTTT
No comments:
Post a Comment