കൊച്ചി > നഗരത്തിൽ വൻതീപിടിത്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന‌് കമീഷണർ എസ‌് സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം ബ്രോഡ്‌വേയിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന‌് നഗരത്തിലെ മർച്ചന്റ‌് അസോസിയേഷൻ ഭാരവാഹികളുമായും ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ‌്ക്ക‌് ശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു കമീഷണർ.
നഗരത്തിൽ പ്രവർത്തിക്കുന്ന മാളുകൾ, തിയറ്ററുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിങ്ങും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് കമീഷണർ നിർദേശിച്ചു.
വൈദ്യുത നിയന്ത്രണ സംവിധാനവും വയറിങ്ങും പരിശോധിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങൾ ഏർപ്പെടുത്തണം, എല്ലാ സ്ഥാപനങ്ങളിലും ഫയർ അലാം സംവിധാനം ഏർപ്പെടുത്തണം, ഫയർ ഹൈഡ്രന്റുകളുടെ സ്‌കെച്ച് എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കണം, തീ കെടുത്തുന്ന ഉപകരണങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം, തീപിടിത്തം ഉണ്ടാകുന്ന സാഹചര്യങ്ങൾ നേരിടാൻ ഫയർ ആൻഡ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകണം, മേൽനിലകളും ടെറസും അടച്ചുക്കെട്ടി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, സ്റ്റെയർ കേസുകളും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല, സ്ഥാപനത്തിന് അകത്തും പരിസരങ്ങളിലുമുള്ള തീപിടിത്തം ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ അടിയന്തരമായി മാറ്റണം, തീപിടിത്തം ഉണ്ടായാൽ ഫയർ എൻജിനുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സ്രോതസ്സിന്റെ വിവരങ്ങൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കണം, സ്ഥാപനങ്ങളുടെ മുൻവശവും ഫുട്പാത്തും ഫയർ എൻജിനുകളുടെ സുഗമമായ സഞ്ചാരത്തിന് സൗകര്യപ്പെടുത്തി ഒഴിച്ചിടണം, ഉപയോക്താക്കൾക്ക‌് വാഹനങ്ങളുടെ പാർക്കിങ് സൗകര്യം അതാത് സ്ഥാപനങ്ങൾ തന്നെ ക്രമീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് യോഗം മുന്നോട്ടുവച്ചത്. ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി, സ്പെഷ്യൽ ബ്രാഞ്ച് എസിപി എസ് ടി സുരേഷ‌്കുമാർ എന്നിവരും മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും അവലോകന യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2XeeU8f
via IFTTT
No comments:
Post a Comment