ആലുവ
എടയാറിലെ സ്വർണശുദ്ധീകരണശാലയിലേക്ക‌് കൊണ്ടുവന്ന 20 കിലോ സ്വർണം വാഹനം ആക്രമിച്ച‌് കവർന്ന കേസിൽ ഒരാൾ അറസ‌്റ്റിൽ. സ്വർണശുദ്ധീകരണശാലയിലെ മുൻ ജീവനക്കാരൻ, തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജിനെയാണ‌് അറസ‌്റ്റ‌് ചെയ‌്തത‌്.
കഴിഞ്ഞദിവസം കസ‌്റ്റഡിയിലെടുത്ത ഇയാളുടെ അറസ‌്റ്റ‌് വ്യാഴാഴ‌്ച രേഖപ്പെടുത്തി. കവർച്ചയിൽ നേരിട്ട‌് ഇടപെടാത്ത ഇയാൾ ഗൂഢാലോചനയുടെ മുഖ്യകേന്ദ്രമായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു. മറ്റു നാലു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇവർ സംസ്ഥാനം വിട്ടതായാണ‌് സൂചന.
കഴിഞ്ഞ ഒമ്പതിനാണ‌് എടയാർ സ്വർണശുദ്ധീകരണശാലയിലേക്ക‌് കൊണ്ടുവന്ന സ്വർണം ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നത‌്. കാറിലുണ്ടായിരുന്ന നാലുപേരെയും കമ്പനിയിലെ മറ്റു ജീവനക്കാരെയും ചോദ്യംചെയ‌്തതിൽനിന്നാണ‌് അന്വേഷണം മുൻ ജീവനക്കാരനിലേക്ക‌് തിരിഞ്ഞത‌്. തുടർന്ന‌് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണത്തിലാണ‌് ബിബിൻ ജോർജിനെ കസ‌്റ്റഡിയിലെടുത്തത‌്. കമ്പനിഗേറ്റിൽ സ്വർണം കൊണ്ടുവന്ന കാറിന്റെ ചില്ല‌് തകർത്ത‌് കാറിലുണ്ടായിരുന്നവർക്കുനേരെ കുരുമുളക‌് സ‌്പ്രേ ചെയ‌്താണ‌് സ്വർണം കവർന്നത‌്. കാർ വന്ന വഴിയിൽനിന്ന‌് വേറെ വാഹനങ്ങളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഉണ്ടോയെന്ന‌് സംഘത്തിന‌് വിവരം നൽകിയത‌് ബിബിൻ ജോർജിന്റെ നേതൃത്വത്തിലായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു. കാറിലുള്ളവർ തിരിച്ചറിയുമെന്നതിനാലാണ‌് ഇയാൾ മാറിനിന്നത‌്.
മോഷണംപോയ സ്വർണം കണ്ടെടുക്കാനായില്ല. ഇത‌് മറ്റു പ്രതികളുടെ കൈവശമാണെന്നാണ‌് ബിബിന്റെ മൊഴി. മറ്റു പ്രതികളെക്കുറിച്ചുള്ള പൂർണവിവരം പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2YIgwYc
via IFTTT
No comments:
Post a Comment