സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത പ്രകാരം ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിദഗ്ധ സമിതി ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം 2019–20 അധ്യയനവർഷംതന്നെ തുടങ്ങും. ഇതിന്റെഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നീ മൂന്ന‌് ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ രൂപീകരിക്കും. ഐഎഎസ് കാഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല.
ഇപ്പോൾ ഡിപിഐ, ഡിഎച്ച്എസ്ഇ, ഡിവിഎച്ച്എസ്ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു എന്നിവ ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷനെ പരീക്ഷാ കമീഷണറായി നിയമിക്കും.
എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആർഡിഡി, എഡി, ഡിഡിഇ, ഡിഇഒ, എഇഒ എന്നീ ഓഫീസ് സംവിധാനങ്ങളും നിലവിലുള്ളതുപോലെ തുടരും.
ഹയർസെക്കൻഡറിതലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ ആകും. സ്കൂളിന്റെ പൊതുചുമതലയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ അക്കാദമിക് ചുമതലയും പ്രിൻസിപ്പൽ വഹിക്കും.
ഹൈസ്കൂളിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർസെക്കൻഡറിക്കുകൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃതസംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും. ഹയർസെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്പെഷ്യൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
from Kerala || Deshabhimani Online News http://bit.ly/2HIjhDk
via IFTTT
No comments:
Post a Comment