തിരുവനന്തപുരം> അന്താരാഷ‌്ട്ര ബന്ധമുള്ള മയക്കുമരുന്ന‌് മാഫിയ തലവൻ മൂർഖൻ ഷാജിയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും അടക്കമുള്ള സ്വത്തുക്കൾ എക‌്സൈസ‌് വകുപ്പ‌് കണ്ടുകെട്ടി. ഇടുക്കി അടിമാലിയിലെ രണ്ട‌് കെട്ടിടം, അവ സ്ഥിതിചെയ്യുന്ന ഭൂമിയും വ്യത്യസ‌്ത സർവേ നമ്പരിലുള്ള നാല‌് വസ‌്തുവുമാണ‌് തിരുവനന്തപുരം അസി. എക‌്സൈസ‌് കമീഷണർ എ ആർ സുൾഫിക്കർ എൻഡിപിഎസ‌് നിയമപ്രകാരം കണ്ടുകെട്ടിയത‌്. മൂർഖൻ ഷാജിയുടെയും ഭാര്യ, മക്കൾ എന്നിവരുടെയും പേരിലുള്ളതാണ‌് ഈ സ്വത്ത‌്.
അടിമാലിയിൽ തന്നെ ഷാജിയുടെ ബിനാമിയായി 57 ലക്ഷം രൂപ വിലമതിക്കുന്ന മറ്റൊരു വസ‌്തുവിന്റെ വിവരം എക‌്സൈസിന‌് ലഭിച്ചെങ്കിലും ഏറ്റെടുക്കൽ നടപടി സ്വീകരിക്കുന്നതിനിടെ അവ കൈമാറി. ഒരു സ‌്ത്രീയുടെ പേരിലുള്ളതായിരുന്നു ഈ വസ‌്തു. തിരുവനന്തപുരത്തെ രണ്ട‌് ഹാഷിഷ‌് കേസിൽ റിമാൻഡിലാണ‌് മൂർഖൻ ഷാജി. മയക്കുമരുന്ന‌് കേസിൽ പിടിയിലാകുന്ന പ്രതികൾ അറസ‌്റ്റിലാകുന്നതിന‌് ആറു വർഷം മുമ്പുവരെ വാങ്ങിയ സ്വത്ത‌് എൻഡിപിഎസ‌് ആക്ടുപ്രകാരം കണ്ടുകെട്ടാം. ഈ വകുപ്പ‌് അപൂർവമായേ നടപ്പാക്കാറുള്ളൂ. എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ്ങിന്റെ നിർദേശപ്രകാരമാണ‌് നടപടി. റവന്യൂ വകുപ്പ‌്, രജിസ‌്ട്രേഷൻ വകുപ്പ‌് എന്നിവയിൽനിന്ന‌് രേഖകളുടെ കോപ്പിയടക്കം വിവരങ്ങൾ ശേഖരിച്ചു. തുടർന്ന‌് ഏറ്റെടുത്ത‌് ഉത്തരവിറക്കി.
ഈ ഉത്തരവിന്റെ കോപ്പി ജയിലിൽ കഴിയുന്ന ഷാജിക്കും എൻഡിപിഎസ‌് ആക്ടുപ്രകാരം ചെന്നൈയിൽ പ്രവർത്തിക്കുന്ന കോമ്പിറ്റന്റ‌് അതോറിറ്റിക്കും കൈമാറി. അടുത്ത 15ന‌് കോമ്പിറ്റന്റ‌് അതോറിറ്റി മൂർഖൻ ഷാജിക്ക‌് ഹിയറിങ്ങിന‌് സമയം അനുവദിച്ചു. ഇയാളുടെ ബാങ്ക‌് അക്കൗണ്ട‌് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചു.അടിമാലി സ്വദേശിയായ മൂർഖൻ ഷാജിയുടെ മുഖ്യ കച്ചവടം ഹാഷിഷാണ‌്. വിവിധ സംസ്ഥാനങ്ങളിലേക്കും മാലി ഉൾപ്പെടെ വിദേശങ്ങളിലേക്കും ഇവ കടത്തുന്ന സംഘത്തിലെ മുഖ്യനാണ‌് ഇയാൾ. തിരുവനന്തപുരത്ത‌് എക‌്സൈസ‌് ഇൻസ‌്പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ പിടിച്ച രണ്ട‌് ഹാഷിഷ‌് കേസിൽ പ്രധാന പ്രതിയും ഷാജിയാണ‌്. 2003ൽ അടിമാലി പൊലീസ‌് എടുത്ത കേസിൽ ഇയാൾ നാലുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ‌് ഇയാൾ.
അടിമാലിയിലെ സ‌്ത്രീയുടെ പേരിൽ വാങ്ങിയ 57 ലക്ഷം രൂപയുടെ സ്വത്ത‌് വിറ്റെങ്കിലും ഷാജിയുടെ പണം ഉപയോഗിച്ചാണ‌് അവ വാങ്ങിയത‌് എന്നതിന‌് തെളിവ‌് ലഭിച്ചിട്ടുണ്ട‌്. ഒളിവിലായിരിക്കുമ്പോൾ ഷാജി സ‌്ത്രീക്ക‌് എഴുതിയ കത്താണ‌് എക‌്സൈസിന‌് ലഭിച്ചത‌്. ഈ സ്വത്ത‌് വിറ്റ പണംകൊണ്ട‌് വേറെ സ്വത്ത‌് വാങ്ങിയാൽ അവയും കണ്ടുകെട്ടാൻ എക‌്സൈസ‌് നടപടി സ്വീകരിക്കും.
മൂർഖൻ ഷാജിയെ പൂട്ടാനുറച്ച‌് എക‌്സൈസ‌് വകുപ്പ‌്. രണ്ട‌് ഹാഷിഷ‌് കേസിൽ റിമാൻഡിൽ കഴിയുന്ന ഷാജിയും സംഘവും ജാമ്യത്തിലിൽ ഇറങ്ങാതിരിക്കാൻ ഉടൻ കുറ്റപത്രം സമർപ്പിക്കും. സംഗീത കോളേജിന‌് സമീപത്തുനിന്ന‌് 1.8 കിലോ ഹാഷിഷ‌് പിടിച്ച കേസിൽ കുറ്റപത്രം നൽകിയിരുന്നു. മണ്ണന്തലയിൽനിന്ന‌് 13.5 ലക്ഷംരൂപ വിലവരുന്ന ഹാഷിഷ‌് പിടികൂടിയ കേസിലാണ‌് ഇനി കുറ്റപത്രം നൽകാനുള്ളത‌്. എൻഡിപിഎസ‌് ആക്ടുപ്രകാരം 180 ദിവസത്തിനകം കുറ്റപത്രം നൽകണം. ഇല്ലെങ്കിൽ പ്രതിക്ക‌് ജാമ്യം ലഭിക്കും.
from Kerala || Deshabhimani Online News http://bit.ly/300mfdx
via IFTTT
No comments:
Post a Comment