ലണ്ടൻ> ‘വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം’–- കേരളത്തിൽ മുതൽമുടക്കാൻ യുകെയിലെ സംരംഭകരെ മുഖ്യമന്ത്രി ക്ഷണിച്ചത‌് ഇങ്ങനെയാണ‌്. വ്യവസായനിക്ഷേപം ആകർഷിക്കുന്നതിന് മികച്ച പശ്ചാത്തലസൗകര്യം ഒരുക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണെന്ന‌് ലണ്ടനിലെ മാധ്യമപ്രവർത്തകരോടും പിണറായി വിജയൻ പറഞ്ഞു. ഇതിന‌് സാമ്പത്തിക പരിമിതി തടസ്സമാകില്ല. വ്യവസായനിക്ഷേപ കേന്ദ്രമെന്ന നിലയിൽ കേരളം പിന്നിലാണെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് നടത്തുന്നത്.
സുഗമമായി വ്യവസായം നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് ഉണ്ടാക്കി. നിയമങ്ങളിലും ഭരണനടപടികളിലും മാറ്റം വരുത്തി. നിക്ഷേപസൗഹൃദാന്തരീക്ഷമുണ്ടാക്കാൻ ഒട്ടേറെ നടപടികളെടുത്തു. വ്യവസായങ്ങൾക്ക് ഓൺലൈനിൽ അനുമതി നൽകുന്നതിന് ഏകജാലകസംവിധാനം ഏർപ്പെടുത്തി. റിട്ടേണുകൾ ഓൺലൈനിൽ ഫയൽചെയ്യാം. അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി. വ്യവസായരംഗത്ത് മുതൽമുടക്കാൻ വരുന്നവർക്ക് നല്ല പരിഗണന ലഭിക്കും. എന്നാൽ, വ്യവസായവൽക്കരണം പരിസ്ഥിതിയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പാക്കും.
സർക്കാർ ഐടി പാർക്കുകളിൽ വൻകിട ഐടി കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഇതിനുപുറമെ മറ്റു മേഖലകളിലും നിക്ഷേപം ആകർഷിക്കാനാകുന്നു. വ്യവസായ വികസനത്തിലൂടെ ചെറുപ്പക്കാർക്ക് അന്തസ്സുള്ള തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നത്. കേരളം സന്ദർശിക്കുന്ന വിദേശ സഞ്ചാരികളിൽ നല്ല പങ്ക് ബ്രിട്ടനിൽനിന്നാണ്. എന്നാൽ, ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Q9LipX
via IFTTT
No comments:
Post a Comment