പൊലീസുദ്യോഗസ്ഥരുടെ തപാൽവോട്ട് സംബന്ധിച്ച ആരോപണം സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. പൊലീസുകാർക്ക് നൽകിയ തപാൽ ബാലറ്റുകൾ പിൻവലിക്കണമെന്ന ആവശ്യം ഭരണഘടനയുടെ 329–-ാം വകുപ്പുപ്രകാരം നിലനിൽക്കില്ലെന്ന‌് കമീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ‌്താവനയിൽ പറഞ്ഞു.
തട്ടിപ്പോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കാം.ഫലപ്രഖ്യാപനത്തിനുശേഷം ട്രിബ്യൂണലിൽ ഹർജി നൽകാമെന്നും കമീഷൻ അറിയിച്ചു. ഇതുസംബന്ധിച്ച ചെന്നിത്തലയുടെ ഹർജി തള്ളണമെന്നാണ് കമീഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് വിജ്ഞാപനംമുതൽ ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള പ്രക്രിയയിൽ ഹൈക്കോടതികൾ ഇടപെടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കമീഷൻ വിശദീകരിച്ചു.
ബാലറ്റ് വിതരണം സംബന്ധിച്ച് 2014ൽ കമീഷൻ കൊണ്ടുവന്ന സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഇറക്കിയ ഉത്തരവ‌് തെരഞ്ഞെടുപ്പുചട്ടങ്ങൾ പ്രകാരമുള്ളതാണ‌്. തപാൽവോട്ടിൽ പൊലീസുകാരിൽനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങളുടെ വസ്തുതസംബന്ധിച്ച് ഡിജിപിക്ക‌് കത്തെഴുതിയിരുന്നു. ഇന്റലിജന്റ‌്സ് എഡിജിപിയെക്കൊണ്ട് അന്വേഷണം നടത്തിച്ചെന്നും അന്വേഷണ റിപ്പോർട്ട് പൂർണമായും അംഗീകരിച്ചെന്നുമാണ് അറിയിച്ചത്.
മറ്റ‌് സേനാംഗങ്ങളുടെ തപാൽവോട്ട് ശേഖരിച്ച, ജനപ്രാതിനിധ്യ നിയമത്തിലെ 136(ഡി), എഫ്, ജി എന്നീ വകുപ്പുകൾ ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് ഐജിക്ക‌് നിർദേശം നൽകിയതായി ഡിജിപി മറുപടി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇടക്കാല റിപ്പോർട്ട് നൽകിയെന്നും അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസംകൂടി വേണമെന്നും അറിയിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കമീഷന്റെ പ്രസ്താവനയിൽ പറയുന്നു.
from Kerala || Deshabhimani Online News http://bit.ly/2w8iXqF
via IFTTT
No comments:
Post a Comment