കേരളത്തിൽ നെല്ലുൽപ്പാദനത്തിൽ വൻവർധന. ഇതുവരെ 6.74 ലക്ഷം മെട്രിക‌് ടൺ നെല്ല‌് സംഭരിച്ചു. കഴിഞ്ഞവർഷം 5.25 ലക്ഷം മെട്രിക‌് ടൺ മാത്രമായിരുന്നു ഉൽപ്പാദനം. ജൂൺ 30ന‌് മാത്രമേ നെല്ല‌് സംഭരണം പൂർത്തിയാകൂ. ഇപ്പോഴും കൊയ‌്ത്തു നടക്കുന്ന സ്ഥലങ്ങളിലെ സംഭരണംകൂടി പൂർത്തിയാകുമ്പോൾ ഇനിയും വർധനയുണ്ടാകും. ഇതുവരെ 1705 കോടി രൂപയുടെ നെല്ലാണ‌് സംഭരിച്ചത‌്. ഇതിൽ 1029 കോടിയും കർഷകർക്കു നൽകിക്കഴിഞ്ഞു. 676 കോടി കൊടുക്കാനുണ്ട‌്. 1,67,000 കർഷകരിൽ നിന്നാണ‌് നെല്ല‌് സംഭരിച്ചത‌്. 60.35 ശതമാനം തുകയും കൊടുത്തു. ഇനി കൊടുക്കാനുള്ളത‌് 39.65 ശതമാനം.
എക്കൽ അടിഞ്ഞതോടെ കുട്ടനാട്ടിൽ വൻവിളവ‌്
പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ ഇതുവരെ 1.89 ലക്ഷം മെട്രിക‌് ടൺ നെല്ല‌് സംഭരിച്ചു. കഴിഞ്ഞവർഷം 1.15 ലക്ഷം മെട്രിക‌് ടൺ മാത്രമായിരുന്നു ഉൽപ്പാദനം. സംഭരണം പൂർത്തിയാകുമ്പോൾ രണ്ട‌് ലക്ഷം മെട്രിക‌് ടണ്ണാകുമെന്നാണ‌് പ്രതീക്ഷ. മണ്ണിനെ ഫലഭൂയിഷ‌്ഠമാക്കുന്ന എല്ലാഘടകവും ഒത്തുവന്നതാണ‌് ഇത്തവണത്തെ മികച്ച വിളവിനു കാരണമെന്ന‌് അസിസ‌്റ്റന്റ‌് മാനേജർ (പാഡി, സപ്ലൈകോ) എ വി സുരേഷ‌്കുമാർ പറഞ്ഞു. കാലാവസ്ഥ, ജലം, മണ്ണിലുണ്ടായ മാറ്റം എന്നിവ അനുകൂലമായി. കരിനിലങ്ങളിൽ പോലും നല്ല വിളവുണ്ടായി. ജൈവാംശം നഷ‌്ടപ്പെട്ട പാടങ്ങളെ പ്രളയംമൂലം അടിഞ്ഞുകൂടിയ എക്കൽ ഫലഭൂയിഷ‌്ഠമാക്കി.
നെല്ലിനു ഗുണകരമായ സൂക്ഷ‌്മവും അല്ലാത്തതുമായ മൂലകങ്ങൾ പ്രളയത്തിൽ പാടങ്ങളിൽ അടിഞ്ഞുകൂടിയതും അമ്ലാംശം മാറിയതും കർഷകർക്ക‌് അനുഗ്രഹമായി. കേരള പുനർനിർമാണത്തിന്റെ ഭാഗമായി കൃഷിക്ക‌് സംസ്ഥാന സർക്കാർ വലിയ പ്രോത്സാഹനമാണ‌് നൽകിയത‌്. ഏക്കറിന‌് 45 കിലോവീതം കൃഷിക്കാർക്ക‌് സൗജന്യമായി വിത്തുനൽകി. ചെളിയും പോളയും നീക്കാൻ ഹെക്ടറിന‌് 12,200 രൂപയും കേടായ മോട്ടോറുകൾ നന്നാക്കാൻ 10,000 രൂപവരെയും നൽകി. മട വീണ പാടശേഖരങ്ങൾക്ക‌് യുദ്ധകാലാടിസ്ഥാനത്തിലാണ‌് പുനർനിർമിക്കാൻ തുക അനുവദിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2EkUGSH
via IFTTT
No comments:
Post a Comment