ആലുവ
എടയാർ സ്വർണക്കവർച്ച കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി. സംഘത്തിലുൾപ്പെട്ട തൊടുപുഴ മുതലക്കോടം പുള്ളേലിവീട്ടിൽ ബിബിൻ ജോർജിനെ നേരത്തെ അറസ‌്റ്റ‌് ചെയ‌്തിരുന്നു. ഇയാളെ ചോദ്യംചെയ‌്തപ്പോഴാണ‌് മറ്റു പ്രതികളെപ്പറ്റി വിവരം ലഭിച്ചത‌്. നാലു പ്രതികളെ വെള്ളിയാഴ‌്ചയാണ‌് പൊലീസ‌് പിടികൂടിയത‌്. സ്വർണശുദ്ധീകരണശാലയിലെ മുൻഡ്രൈവർ സതീഷ‌്, ഇടുക്കി സ്വദേശികളായ നസീബ‌്, സനീഷ‌്, റഷീദ‌് എന്നിവരാണ‌് കസ‌്റ്റഡിയിലുള്ളത‌്.
തേനിക്കുസമീപം സിങ്കുകണ്ടം മലയിൽ ഒളിവിൽ കഴിയുമ്പോഴാണ‌് ഇവർ പിടിയിലായത‌്. മൊബൈൽ ഫോണുകൾ ഓഫ‌് ചെയ‌്തിരിക്കുകയായിരുന്നു. പൊലീസിനെതിരെ ചെറുത്തുനിൽപ്പിന‌് ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ‌്പെടുത്തുകയായിരുന്നു. ഇവരിൽനിന്ന‌് എയർഗണ്ണും പിടിച്ചെടുത്തു.
മെയ‌് ഒമ്പതിനായിരുന്നു കേസിനാസ‌്പദമായ സംഭവം. ആറുകോടിയിലധികം വിലവരുന്ന 20 കിലോ സ്വർണമാണ‌് പ്രതികൾ തട്ടിയെടുത്തത‌്. സ്വർണം ശുദ്ധീകരിക്കുന്ന എടയാറിലെ സിആർജി മെറ്റലോയ‌്ഡ‌്സ‌് എന്ന സ്ഥാപനത്തിലേക്ക‌് കാറിൽ എത്തിച്ചതായിരുന്നു സ്വർണം. കമ്പനിഗേറ്റിൽ കാറെത്തിയ ഉടൻ രണ്ടംഗസംഘം ചില്ലുതകർത്തു. കാറിലുണ്ടായിരുന്ന നാലുപേരെ കുരുമുളക‌് സ‌്പ്രേ അടിച്ചശേഷം രണ്ടുപേർ ബൈക്കിൽ സ്വർണമടങ്ങിയ ബാഗുമായി രക്ഷപ്പെടുകയായിരുന്നു. തലേന്ന‌് ഇവർ ‘റിഹേഴ‌്സൽ’ നടത്തിയതായും പൊലീസിന‌് വിവരം ലഭിച്ചു. കാർ എത്തുന്നതിന‌് മണിക്കൂറുകൾമുമ്പ‌് കവർച്ചസംഘം പരിസരത്തെത്തി നിരീക്ഷിച്ചിരുന്നു. പിടിയിലായവരെ ചോദ്യംചെയ‌്താൽമാത്രമേ കവർച്ചയെപ്പറ്റി യഥാർഥ വസ‌്തുത മനസ്സിലാക്കാനാകൂവെന്ന‌് എറണാകുളം റൂറൽ എസ‌്‌പി രാഹുൽ ആർ നായർ മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. ഇവർ പദ്ധതി ആസൂത്രണം ചെയ‌്തതിനെപ്പറ്റി പൊലീസിന‌് ഏറെക്കുറെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2HCBdPD
via IFTTT
No comments:
Post a Comment