കോട്ടയം
നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം മുറിച്ചു നീക്കി. ആറു പതിറ്റാണ്ടായി അക്ഷര നഗരത്തിന്റെ മുദ്രയായി നിന്ന പാലം ഇനി ഓർമ. യന്ത്രങ്ങളുപയോഗിച്ച‌് പല കഷണങ്ങളായി മുറിച്ചാണ‌് പാലം നീക്കിയത‌്. ശനിയാഴ‌്ച കോട്ടയം വഴിയുള്ള റെയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
വെള്ളിയാഴ‌്ച അർധരാത്രിയോടെയാണ‌് പാലം നീക്കാനുള്ള നടപടികൾ ആരംഭിച്ചത‌്. പാലത്തോടു ചേർന്നുള്ള വൈദ്യുതി ലൈനുകൾ സുരക്ഷിതമായി നീക്കുകയാണ‌് ആദ്യം ചെയ‌്തത‌്. പിന്നീട‌് വലിയ ഇലക‌്ട്രിക്ക‌് കട്ടർ ഉപയോഗിച്ച‌് ആർച്ച‌് മുറിക്കുന്ന പ്രവർത്തി രാവിലെ ആറിന‌് ആരംഭിച്ചു. രണ്ടു ക്രെയിനുകളിൽനിന്നുള്ള ഇരുമ്പുവടം ആർച്ചിൽ ബന്ധിപ്പിച്ചിരുന്നു.
ആർച്ചിന്റെ പാലത്തോടു ചേർന്നുള്ള ഭാഗമാണ‌് രണ്ട‌് വശത്തും മുറിച്ചത‌്. പിന്നീട‌് നടുവെ മുറിച്ചും രണ്ട‌് കഷണമാക്കി. ശേഷം കൂറ്റൻ ക്രെയിൻ ഉപയോഗിച്ച‌് എടുത്തു മാറ്റി. ശനിയാഴ‌്ച രാവിലെ ഒമ്പതോടെ ആദ്യ ആർച്ച‌് പൂർണമായി നീക്കി. പകൽ 12.30–-ഓടെ രണ്ടാമത്തേതും. പാലത്തിന്റെ ഭാരം കുറയ‌്ക്കാനാണ‌് ആർച്ചുകൾ ആദ്യം പൊളിച്ചുനീക്കിയത‌്.
പാലം ആറു കഷണങ്ങളായി മുറിച്ച‌് നീക്കുന്ന പ്രവർത്തി പകൽ 1.30–-ഓടെ ആരംഭിച്ചു. ഇതിനു മുന്നോടിയായി റെയിൽപാളം മൂടി സുരക്ഷിതമാക്കി. ഇരുമ്പു കമ്പികൾ ഉപയോഗിച്ച‌് പാലത്തിന‌് താങ്ങ‌് നൽകിയിരുന്നു. നിരവധി പേർ ആകാംക്ഷയോടെ നോക്കിയിരിക്കെ രാത്രി ഏഴോടെ പാലം പൂർണമായി നീക്കി. പാലത്തിന്റെ മുറിച്ച കഷണങ്ങൾ ക്രെയിനുപയോഗിച്ച‌് നീക്കി. 7.30 ന‌് ഇലക‌്ട്രിക്കൽ ലൈനുകൾ പുനസ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചു.
നിയന്ത്രിത സ‌്ഫോടനത്തിലൂടെ പാലം തകർക്കാനുള്ള ശ്രമം നേരത്തേ പരാജയപ്പെട്ടതിനെ തുടർന്നാണ‌് മുറിച്ചു നീക്കാൻ റെയിൽവേ തീരുമാനിച്ചത‌്. ഞായറാഴ്ച ട്രെയിൻ ഗതാഗതത്തിന് പൂർണ നിരോധനമില്ലെങ്കിലും നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2YTzSd7
via IFTTT
No comments:
Post a Comment