തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും വിദ്യാർഥികളുടെ എണ്ണം വർധിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ‌്ഞത്തിൻെറ കരുത്തിൽ ഹൈടെക്കായി മാറിയ വിദ്യാലയങ്ങളിലേക്ക‌് അൺഎയ‌്ഡഡ‌് മേഖലയിൽനിന്ന‌് രക്ഷിതാക്കൾ കുട്ടികളെ മാറ്റിച്ചേർത്തുതുടങ്ങി. 2017–- 18 വർഷത്തിൽ 1.5 ലക്ഷം കുട്ടികളാണ‌് വർധിച്ചതെങ്കിൽ 2018–-19 വർഷത്തിൽ 1.80 ലക്ഷം വിദ്യാർഥികളാണ‌് വർധിച്ചത‌്. വ്യാഴാഴ‌്ചയാണ‌് പ്രവേശന നടപടികൾ ആരംഭിച്ചത‌്. ആദ്യ മൂന്നു ദിവസങ്ങളിൽ കാൽലക്ഷത്തിലേറെ കുട്ടികൾ ഒന്നാംക്ലാസിൽ ചേർന്നിട്ടുണ്ട‌്. തിരക്ക‌് പരിഗണിക്കുമ്പോൾ ഒന്നാം ക്ലാസിൽ ഇത്തവണ 30000 വിദ്യാർഥികൾ വർധിക്കുമെന്നാണ‌് നിഗമനം.
കഴിഞ്ഞ തവണ 2,71,813 കുട്ടികളാണ‌് ഒന്നാംക്ലാസിൽ എത്തിയത‌്. തൊട്ടു മുൻവർഷത്തേക്കാൾ 15000 വിദ്യാർഥികൾ കൂടുതലായിരുന്നു. കഴിഞ്ഞ രണ്ടു വർഷവും പൊതുവിദ്യാലയങ്ങൾ ഹൈടെക‌് ആക്കുന്നതിന‌് വലിയ പ്രാധാന്യമാണ‌് സർക്കാർ നൽകിയത‌്.കഴിഞ്ഞവർഷത്തോടെ 45000 ഹൈസ‌്കൂൾ ക്ലാസ‌് മുറികളാണ‌് ഹൈടെക‌് ആയത‌്. ഇത്തവണ മുതൽ പ്രൈമറി ക്ലാസുകളും ഹൈടെക‌് ആക്കുന്നതിന‌് സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട‌്.
അംഗീകാരമില്ലാത്ത സ‌്കൂളുകളിൽനിന്ന‌് വരുന്നവർക്ക‌് ടി സി നിർബന്ധമല്ല
അംഗീകാരമില്ലാത്ത അൺഎയ‌്ഡഡ് സ‌്കൂളുകളിൽനിന്ന‌് പൊതുവിദ്യാലയങ്ങളിലേക്ക‌് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ടിസി ഇല്ലാതെ പ്രവേശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കി. രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിൽ ചേരാനെത്തുന്നവരെ വയസ്സിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അതത‌് ക്ലാസുകളിൽ പ്രവേശിപ്പിക്കണം. 9,10 ക്ലാസുകളിൽ ചേരാനെത്തുന്നവർക്ക‌് വയസ്സിന്റെയും പ്രധാന അധ്യാപകന്റെ മേൽനോട്ടത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന‌് ഉത്തരവിലുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2WvWuiM
via IFTTT
No comments:
Post a Comment