തിരുവനന്തപുരം > ഉടൻ ടെൻഡർ നടപടികൾ തുടങ്ങാമെന്ന് കേരളത്തിന് ഉറപ്പുനൽകിയ ശേഷമാണ് കേന്ദ്രം കേരളത്തിന്റെ ദേശീയപാതവികസനം അട്ടിമറിച്ചത്. ഭൂമി ഏറ്റെടുക്കാൻ താൽപ്പര്യം അറിയിക്കുന്ന വിജ്ഞാപനം (ത്രീ എ വിജ്ഞാപനം) പുറത്തിറങ്ങിയാൽ ടെൻഡർ നടപടി തുടങ്ങുമെന്നാണ് കേന്ദ്രം അറിയിച്ചത്. അതാകട്ടെ, എൽഡിഎഫ് സർക്കാർ മുഖ്യ അജൻഡയായി പദ്ധതി ഏറ്റെടുത്ത് നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചശേഷവും.
ത്രീ എയ്ക്കുപുറമെ, ഭൂമി ഏറ്റെടുക്കുന്നുവെന്ന ത്രീ ഡി, നഷ്ടപരിഹാരമായി നൽകുന്ന തുക നിർണയിക്കുന്ന ത്രി ജി എന്നീ വിജ്ഞാപനങ്ങൾ പുറത്തിറങ്ങിയശേഷമേ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) മാനദണ്ഡപ്രകാരം ടെൻഡർ നടപടി ആരംഭിക്കൂ.
എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലും ശക്തമായ സമ്മർദവുംമൂലം എൻഎച്ച്എഐ കേരളത്തിന് ഇതിൽ ഇളവ് നൽകി.
അനുമതി നൽകിയത് കഴിഞ്ഞവർഷം
2018 ജനുവരി 17ന് ഡൽഹിയിൽ നടന്ന യോഗത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി ത്രീ എ വിജ്ഞാപനം ഇറക്കിയാൽ ടെൻഡർ നടപടികൾ ആരംഭിക്കാമെന്ന് മന്ത്രി ജി സുധാകരന് ഉറപ്പുനൽകിയത്. എന്നാൽ, കാസർകോട് കാലിക്കടവുമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ 1277 ഹെക്ടർ ഏറ്റെടുക്കാനുള്ള ത്രി എ വിജ്ഞാപനം സംസ്ഥാന സർക്കാർ ഇറക്കിയിട്ടും ദേശീയപാത അതോറിറ്റി ടെൻഡർ നടപടി തുടങ്ങിയില്ല. മാത്രമല്ല, പല റീച്ചുകളിലും ത്രീഡി വിജ്ഞാപനം ഇറക്കിയിട്ടുപോലും കേന്ദ്രം ടെൻഡർ നടപടി സ്വീകരിച്ചില്ല.
യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു
ഉമ്മൻചാണ്ടി സർക്കാർ 2013ൽ ഉപേക്ഷിച്ചതാണ് ദേശീയപാതാ വികസനം. കാസർകോടുമുതൽ തിരുവനന്തപുരംവരെ നാലുവരി പാതയാക്കാൻ അലൈൻമെന്റ് തീരുമാനിക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തശേഷമാണ് യുഡിഎഫ് സർക്കാർ ഒളിച്ചോടിയത്.
ഭൂമി ഏറ്റെടുക്കലിനെതിരെ ചില സ്ഥലങ്ങളിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് നടപടി നിർത്തിവച്ചത്. യാതൊരുവിധ തുടർനടപടികളും സ്വീകരിക്കാതെ ഉമ്മൻചാണ്ടി സർക്കാർ നിസ്സഹകരണം തുടർന്നപ്പോൾ എൻഎച്ച്എഐ പദ്ധതിയിൽനിന്ന് പിന്മാറി. എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ നടപടികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ച സർക്കാർ പദ്ധതിയെ വീണ്ടും ട്രാക്കിലാക്കി. ഒപ്പം വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി ഡിസൈനിലും അലൈൻമെന്റിലും മാറ്റംവരുത്തി.
60–-80 കിലോമീറ്റർ വേഗതയ്ക്ക് ആവശ്യമായ ഡിസൈനും അലൈൻമെന്റുമാണ് 2013ൽ തയ്യാറാക്കിയത്. എന്നാൽ, എൽഡിഎഫ് സർക്കാർ 80–-100 കിലോമീറ്റർ വേഗതയ്ക്ക് അനുയോജ്യമായ രീതിയിലിത് മാറ്റി.
വേണ്ടത് 3035 ഹെക്ടർ
3035 ഹെക്ടറാണ് പദ്ധതിക്ക് ആവശ്യം. 1758 ഹെക്ടർ സർക്കാരിന്റെ കൈവശമുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളിൽ തലപ്പാടി –-ചെങ്കള (33.04 ഹെക്ടർ), ചെങ്കള–-നീലേശ്വരം (39.21), തളിപ്പറമ്പ്–-മുഴപ്പിലങ്ങാട് (100.5), തലശേരി–-മാഹി (36.547), അഴിയൂർ–-വെങ്ങളം (71.85), വെങ്ങളം–-രാമനാട്ടുകര (1.120), രാമനാട്ടുകര–-കുറ്റിപ്പുറം (108.54), കുറ്റിപ്പുറം–-കാപ്പിരിക്കോട് (24.247) സർക്കാർ ഏറ്റെടുത്തു. ഇതിനുപുറമെ നീലേശ്വരം, തളിപ്പറമ്പ് എന്നീ റെയിൽവേ ഓവർ ബ്രിഡ്ജുകൾക്കുവേണ്ടിയും സ്ഥലം ഏറ്റെടുത്തു. ഇതിൽ തലശേരി–-മാഹി ബൈപാസിന്റെയും നീലേശ്വരം ഓവർബ്രിഡ്ജിന്റെയും തിരുവനന്തപുരം–-കഴക്കൂട്ടം ഫ്ളൈഓവർ എന്നിവയുടെയും നിർമാണം തുടങ്ങി കേരളം സ്വന്തം നിലയ്ക്ക് മുന്നോട്ട് അട്ടിമറിക്കാൻ കേന്ദ്രം പരമാവധി ശ്രമിക്കുമ്പോൾ കേരളം സ്വന്തം നിലയിൽ ദേശീയപാത വികസനവുമായി മുന്നോട്ടുപോവുകയാണ്. ദേശീയപാതവികസനം പൂർണമായും കേന്ദ്രസർക്കാരിന്റെ ചുമതലയിലാണ്.
പക്ഷേ, രാഷ്ട്രീയ കാരണങ്ങളാൽ ദ്രോഹനടപടികൾ സ്വീകരിക്കുന്നതിനാൽ സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടുപയോഗിച്ച് നിർമാണ പ്രവർത്തനം നടത്തുന്നുണ്ട്. തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം ഇങ്ങനെ സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണ്. ഇതുകൂടാതെ ആലപ്പുഴ, കൊല്ലം ബൈപാസുകളുടെ 50 ശതമാനം ചെലവും നിർവഹണവും മേൽനോട്ടവും സംസ്ഥാന സർക്കാരാണ് ചെയ്യുന്നത്. കരമന–-കളിയിക്കാവിള റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ചാണ്.
വടക്കഞ്ചേരി –-മണ്ണുത്തി പാത നിർമാണം നിലച്ചിട്ട് 10 മാസം
ശിവദാസ് തച്ചക്കോട്
വടക്കഞ്ചേരി -–- മണ്ണുത്തി ദേശീയപാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും നിർമാണം നിലച്ചിട്ട് പത്ത് മാസം പിന്നിട്ടു. കഴിഞ്ഞവർഷം ജൂലൈ–-ആഗസ്റ്റ് മാസങ്ങളിലാണ് നിർമാണം നിർത്തിയത്. ദേശീയപാത കരാറെടുത്ത കെഎംസി കമ്പനിയുടെ അനാസ്ഥയും സാമ്പത്തികപ്രതിസന്ധിയുമാണ് കാരണം.
കുതിരാൻ തുരങ്കമുൾപ്പെടെ 900 കോടി രൂപയാണ് ആകെ നിർമാണ പ്രവൃത്തികൾക്ക് ആവശ്യമായ തുക. എന്നാൽ, പ്രവൃത്തികൾ നീണ്ടു പോയതിനാൽ തുക വർധിച്ചു. ഇതിനകം 1100 കോടി രൂപയുടെ പ്രവൃത്തികൾ നടന്നെന്നാണ് കരാർ കമ്പനി പറയുന്നത്. ഇനി 250 കോടി രൂപ കൂടി ലഭിച്ചാൽ മാത്രമേ പണി പൂർത്തീകരിക്കാനാകൂ എന്നും കമ്പനി പറയുന്നു. കമ്പനിക്ക് നിലവിൽ ലഭിക്കാനുള്ള ബാങ്ക് വായ്പയുടെ പരിധി അവസാനിച്ചു. കൂടുതൽ തുക വായ്പ ലഭിക്കാൻ സ്വകാര്യകമ്പനിയെ സമീപിച്ചിരിക്കുകയാണ്. ഈ തുക കിട്ടുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്ത് മാസത്തോളമായി ശമ്പളം കിട്ടാതിരുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസം അഞ്ച് മാസത്തെ ശമ്പളം നല്കാൻ തയ്യാറായതും ശുഭസൂചനയാണ്.
വടക്കഞ്ചേരിയിലെയും പട്ടിക്കാട്ടിലെയും മേൽപ്പാലങ്ങളുടെയും സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികളുമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇതിൽ വടക്കഞ്ചേരിയിലെ മേൽപ്പാലത്തിന്റെ പണി പകുതിയോളം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും പട്ടിക്കാട്ടിൽ നിർമാണം ആരംഭിച്ചിട്ടില്ല.
from Kerala || Deshabhimani Online News http://bit.ly/2DKwHMA
via IFTTT
No comments:
Post a Comment