തിരുവനന്തപുരം
സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ‌്കൂളുകളിൽ പ്ലസ‌് വൺ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,00,099 സീറ്റിലേക്കാണ‌് ആദ്യ അലോട്ട‌്മെന്റ‌്. 42,471 സീറ്റ‌് അവശേഷിക്കുന്നുണ്ട‌്. പ്ലസ‌്‌വൺ പ്രവേശത്തിനായി 4,79,730 അപേക്ഷയാണ‌് ലഭിച്ചത‌്. ആദ്യ അലോട്ട‌്മെന്റ‌് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ www.hscap.kerala.gov.in വെബ‌്സൈറ്റിൽ.
വെള്ളിയാഴ‌്ച രാവിലെ 10 മുതൽ ആദ്യ അലോട്ട‌്മെന്റ‌് ലഭിച്ച കുട്ടികൾക്ക‌് പ്രവേശം നേടാം. എസ്എസ‌്എൽസി പുനർ മൂല്യനിർണയത്തിലൂടെ ഉയർന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡുകൾ പരീക്ഷാഭവനിൽനിന്ന് നേരിട്ട് ഉൾപ്പെടുത്തിയാണ് ആദ്യ അലോട്ട്മെന്റ് വ്യാഴാഴ‌്ച രാത്രി പ്രസിദ്ധീകരിച്ചത‌്. പുനർമൂല്യനിർണയത്തിൽ ഗ്രേഡ‌് വ്യത്യാസം വന്നിട്ടുള്ളവർ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നുള്ള റിസൾട്ടിന്റെ പ്രിന്റൗട്ട് പ്രവേശസമയത്ത് ഹാജരാക്കണം. ആദ്യ അലോട്ട‌്മെന്റ‌് പ്രകാരമുള്ള വിദ്യാർഥി പ്രവേശം 27 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർബന്ധമായി അലോട്ട്മെന്റ് ലഭിക്കുന്ന സ്കൂളിൽ 27ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശമോ സ്ഥിരപ്രവേശമോ നേടാം. താൽക്കാലിക പ്രവേശത്തിന് ഫീസടേക്കണ്ടതില്ല. താൽക്കാലികപ്രവേശം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾമാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിശ്ചിത സമയത്തിനുള്ളിൽ സ്കൂളുകളിൽ പ്രവേശത്തിന് ഹാജരാകണമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സ്വീകരിക്കും.
സ്പോർട്സ് ക്വോട്ട സ്പെഷ്യൽ അലോട്ട്മെന്റ് റിസൾട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. പ്രവേശം 27 വരെ ആയിരിക്കും. വെബ്സൈറ്റിൽ അലോട്ട്മെന്റിനൊപ്പം പ്രസിദ്ധീകരിക്കുന്ന നിർദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശ നടപടികൾ പൂർത്തിയാക്കണം. മുഴുവൻ കുട്ടികൾക്കും പ്രവേശം സാധ്യമാകുംവിധം പ്ലസ‌് വൺ സീറ്റുകൾ വർധിപ്പിച്ചായിരിക്കും തുടർ അലോട്ട‌്മെന്റുകൾ നടത്തുക.
from Kerala || Deshabhimani Online News http://bit.ly/2YH4G0k
via IFTTT
No comments:
Post a Comment