തിരുവനന്തപുരത്തെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബോറട്ടറിയിലെ രണ്ടുഉദ്യോഗസ്ഥർ വ്യാജ രാസപരിശോധനാ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് വിജിലൻസ് കണ്ടെത്തി. നാർക്കോട്ടിക‌് ഡിവിഷനിലെ സയന്റിഫിക‌് ഓഫീസറായ ജയപ്രകാശും യുഡി ടൈപ്പിസ്റ്റായ മൻസൂർ ഷായുമാണ് പ്രതികളെന്ന് വിജിലൻസ് ഇൻസ്‌പെക്ടർ എ സോമശേഖരൻ നായർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി എക്‌സൈസ് റേഞ്ചിനു കീഴിലെ 24–-ാം നമ്പർ കള്ളുഷാപ്പിലെ കള്ളിൽ മെഥനോളും ഫോർമാൽഡിഹൈഡും കണ്ടെത്തിയ സംഭവത്തിൽ ലൈസൻസികളെ രക്ഷിക്കാനാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന‌് സ്‌പെഷ്യൽ ഗവ. പ്ലീഡർ(വിജിലൻസ്) മുഖേന സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കി. കള്ളുഷാപ്പിൽ 2014 ജൂൺ 18ന് കടുതുരുത്തി പൊലീസ് നടത്തിയ പരിശോധനയെ തുടർന്ന് ലൈസൻസികളായ രാജേഷ് ഗോപാലൻ, സി ടി ജെയിംസ്, പ്രമീള ഷൈൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
കള്ളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടെന്ന റിപ്പോർട്ടാണ് ലാബിൽനിന്ന‌് അസിസ്റ്റന്റ് എക്‌സൈസ് കമീഷണർക്ക് നൽകിയത്. എന്നാൽ, രാസവസ്തുക്കൾ ഇല്ലെന്ന റിപ്പോർട്ടാണ് വൈക്കം കോടതിയിലേക്കും പൊലീസിനും അയച്ചത്. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിച്ച‌് വൈക്കം കോടതിയിലേക്ക് അയച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018 നവംബറിൽ ഹൈക്കോടതി കേസ് റദ്ദാക്കി.രാസപരിശോധനാഫലം വ്യാജമാണെന്നും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി, വിധി തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ പ്രത്യേകം അപേക്ഷ നൽകിയിട്ടുണ്ട‌്. ഒരേ നമ്പരിലുള്ള റിപ്പോർട്ടുകളിൽ വ്യത്യസ‌്ത ഉള്ളടക്കമാണുള്ളതെന്ന‌് സർക്കാർ വിശദീകരിച്ചു. ഇത് പരിഗണിച്ച കോടതി വിജിലൻസ് ഡയറക്ടറെ കേസിൽ സ്വമേധയാ കക്ഷിചേർത്തു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. പ്രതികൾക്കെതിരെ അഴിമതി നിരോധ നിയമ വകുപ്പുകൾപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 420, 120 ബി വകുപ്പുകൾ പ്രകാരവും കേസെടുത്തു.
വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ടോക്‌സിക്കോളജി ഡിവിഷൻ 2ലെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്, കടുത്തുരുത്തി പൊലീസിന് ലഭിച്ച വ്യാജ സർട്ടിഫിക്കറ്റ്, ലാബോറട്ടറിയിലെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ മൻസൂർ ഷാ നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, യഥാർഥ സർട്ടിഫിക്കറ്റ് എന്നിവ പിടിച്ചെടുത്തു.
ആലപ്പുഴയിൽ സമാന സ്വഭാവത്തിലുള്ള കേസുള്ളതായി സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി അറിയിച്ചു. ഒരു വലിയ ലോബി ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ നിരീക്ഷിച്ചു.
from Kerala || Deshabhimani Online News http://bit.ly/2X0faYi
via IFTTT
No comments:
Post a Comment