കാസർകോട‌്
കുടുംബശ്രീ വനിതാസംഘങ്ങൾ ഇനി പൂന്തോട്ട നിർമാണ–-പരിപാലനമേഖലയിലേക്കും. കുടുംബശ്രീ മിഷന‌് കീഴിലുള്ള ‘ഗ്രീൻ കാർപെറ്റ‌്സ‌്’ പദ്ധതിയിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും പൂന്തോട്ടം നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൗത്യമാണ‌് വനിതകൾ ഏറ്റെടുക്കുന്നത‌്. സ‌്ത്രീകളുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ‌് പദ്ധതി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത‌് ഈ വർഷം 70 മൊബൈൽ ഗാർഡൻ ഇൻസ‌്റ്റലേഷൻ യൂണിറ്റുകൾ രൂപീകരിക്കും.
ഓരോ ജില്ലയിലും ആദ്യവർഷം അഞ്ച‌് യൂണിറ്റുകൾ വീതമുണ്ടാകും. പത്തുപേർ വരെയുള്ളതാണ‌് ഒരു യൂണിറ്റ‌്. യൂണിറ്റിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിനകം പൂർത്തിയാക്കും. ഓരോ യൂണിറ്റിനും ഒരു വർഷത്തേക്ക‌് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ‌്പ നൽകും. തിരിച്ചടയ‌്ക്കുന്നമുറയ‌്ക്ക‌് വർഷംതോറും വായ‌്പ പുതുക്കി നൽകും. വനിതാ കർഷകർക്ക‌് ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കാൻ ആവശ്യമായ സങ്കേതിക–-സാമ്പത്തിക സഹായങ്ങളും നൽകും. വീട്ടുമുറ്റത്ത‌് പൂന്തോട്ടം, മട്ടുപ്പാവ‌് കൃഷി, അടുക്കളത്തോട്ടം, അലങ്കാര പുഷ‌്പോദ്യാനം തുടങ്ങിയവയിൽ വൈദഗ‌്ധ്യമുള്ള വനിതാസംഘങ്ങൾ രൂപീകരിക്കാനും പദ്ധതി വിഭാവനംചെയ്യുന്നു. സംഘം അംഗങ്ങൾക്ക‌് സർക്കാർ–-സർക്കാരിതര സ്ഥാപനങ്ങളുടെ സഹായത്തോടെ അതത‌് ജില്ലകളിൽ പരിശീലനം നൽകും. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോക്താവിന്റെ താൽപര്യം അനുസരിച്ചുള്ള പൂന്തോട്ടങ്ങൾ, പച്ചക്കറി തോട്ടങ്ങൾ എന്നിവ ഗുണമേന്മയോടെയും ആകർഷകമായും നിർമിച്ച‌് നൽകാനും തുടർസേവനങ്ങൾക്കും പ്രാപ‌്തരാക്കും. പച്ചപ്പുല്ലുകൾ വച്ചുപിടിപ്പിക്കാനും പരിശീലനംനൽകും.
മാനസികോല്ലാസം പ്രദാനം ചെയ്യുന്നതാണ‌് ഉദ്യാനങ്ങൾ എന്ന കണ്ടെത്തലിൽ ഹോർടികൾച്ചർ തെറാപ്പി അടിസ്ഥാനമാക്കിയാണ‌് പദ്ധതി വിഭാവനം ചെയ‌്തിരിക്കുന്നത‌്. കുടുംബശ്രീ മിഷന‌് കീഴിൽ ജില്ലകളിലുള്ള ജൈവിക‌് പ്ലാന്റ‌് നേഴ‌്സറികളിൽനിന്നുള്ള ചെടികളും ഫലവൃക്ഷങ്ങളുമായിരിക്കും തോട്ടങ്ങളിൽ ഉപയോഗിക്കുക. കാസർകോട‌് ജില്ലയിൽ വനിതാസംഘങ്ങൾക്ക‌് കീഴിൽ 17 നേഴ‌്സറികളുണ്ട‌്. മൂന്ന‌് ഘട്ടങ്ങളായാണ‌് പദ്ധതി നടപ്പാക്കുക. ജൂലൈ അവസാനത്തോടെ യൂണിറ്റുകളുടെ രജിസ‌്ട്രേഷൻ പൂർത്തിയാക്കി ഉന്നത സാങ്കേതികപരിശീലനവും വിവിധ തോട്ടങ്ങളിലേക്കുള്ള സന്ദർശനവും പൂർത്തിയാക്കും. ആഗസ‌്ത‌് മുതൽ ഒക‌്ടോബർ വരെയുള്ള മാസങ്ങളിൽ ജില്ലകളിൽ പ്രവർത്തനസജ്ജമായ യൂണിറ്റുകൾക്ക‌് പ്രചാരണം നൽകാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. ബ്രാൻഡിങ്ങിനും പ്രാചാരണത്തിനുമായി കുടുംബശ്രീ ഓരോ ജില്ലക്കും 50,000 രൂപ വീതം വകയിരുത്തിയിട്ടുണ്ട‌്.
നവംബറാകുമ്പോൾ കുറഞ്ഞത‌് 10 സേവനങ്ങളെങ്കിലും ലഭിക്കുന്ന തലത്തിലേക്ക‌് ഓരോ യൂണിറ്റിനേയും ഉയർത്തും. അടുത്തവർഷം ജനുവരിയോടെ കുടുംബശ്രീയുടെ പൂന്തോട്ട നിർമാണ –- പരിപാലനസംഘങ്ങൾ സുപരിചിതമായ ബ്രാൻഡായി സംസ്ഥാന–-ദേശീയതലത്തിൽ അറിയപ്പെടുന്ന നിലയിലേക്ക‌് മാറ്റാനാണ‌് പരിപാടി. പദ്ധതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ജില്ലകളിലെ കുടുംബശ്രീ മിഷൻ ഓഫീസുകളിൽ ലഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2EqozB8
via IFTTT
No comments:
Post a Comment