ആലുവ
എടയാറിലെ സ്വർണശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന ആറുകോടി രൂപവരുന്ന 20 കിലോ സ്വർണം രണ്ടംഗസംഘം തട്ടിയെടുത്തതായി പരാതി. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ‌് സംഭവം. എടയാർ വ്യവസായമേഖലയിലെ സിഎംആർഎൽ കമ്പനിക്കു പിന്നിൽ എല്ലുപൊടിക്കുന്ന കമ്പനിക്ക് സമീപമുള്ള സിആർജി മെറ്റൽസ് എന്ന സ്ഥാപനത്തിനു മുമ്പിലായിരുന്നു സംഭവം.സ്വർണവുമായെത്തിയ വാഹനം കമ്പനിക്കു മുന്നിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാറിന്റെ ഗ്ലാസ‌് തകർത്ത‌് വാഹനത്തിലുണ്ടായിരുന്നവർക്കു നേരെ സ‌്പ്രേയടിച്ചശേഷം സ്വർണവുമായി കടക്കുകയായിരുന്നുവെന്നാണ‌് പരാതി.
പഴയ സ്വർണവും മാറ്റുകുറഞ്ഞ സ്വർണവും 916 ഗോൾഡാക്കുന്ന സ്ഥാപനമാണ് സിആർജി മെറ്റൽസ്. ജെയിംസ് എന്നയാളുടേതാണ‌് സ്ഥാപനം. ചെമ്മണൂർ എന്ന പേരിലാണ‌് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇവരുടെതന്നെ എറണാകുളം ജോസ് ജങ്ഷനു സമീപമുള്ള സദനം എന്ന സ്ഥാപനത്തിൽനിന്നാണ് കെഎൽ 7 സിഎം 938 നമ്പർ മഹീന്ദ്ര എക‌്സ‌്‌യുവി കാറിൽ സിആർജി മെറ്റൽസിലേക്ക് സ്വർണമെത്തിച്ചത്.
ഡ്രൈവർ സജിയെ കൂടാതെ നോയൽ, പീറ്റർ, മാർട്ടിൻ എന്നീ നാലുപേരാണ് കാറിലുണ്ടായിരുന്നത്. 20 കിലോ സ്വർണം ഒരു പെട്ടിയിലും അഞ്ചു കിലോ സ്വർണം മറ്റൊരു പെട്ടിയിലുമായിരുന്നു. 20 കിലോ സ്വർണം നിറച്ച പെട്ടി കാറിന്റെ പിൻസീറ്റിലും അഞ്ചു കിലോയുടെ പെട്ടി സീറ്റിനടിയിലുമായിരുന്നു.
കമ്പനി വാച്ചർ ഗേറ്റ് തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. കവർച്ചക്കാർ കടന്നുപോകുന്ന ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ് ശേഖരിച്ചെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടത്ര വ്യക്തതയില്ല.
സംഭവം തയ്യാറാക്കിയ തിരക്കഥ പ്രകാരമാണോ എന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന നാലുപേരിൽനിന്ന‌് പൊലീസ് മൊഴി എടുത്തു.
റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായർ, ഡിവൈഎസ‌്‌പി വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ‌് അന്വേഷണം. ബിനാനിപുരം പൊലീസാണ് കേസെടുത്തിട്ടുള്ളത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.പ്രധാനവഴിയിൽനിന്നും ഏറെ ഉള്ളിലേക്ക് മാറിയുള്ള സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സംബന്ധിച്ച് നാട്ടുകാർക്ക‌് കാര്യമായ വിവരമില്ല. കമ്പനിയിലെ മറ്റു ജീവനക്കാരെയും സെക്യൂരിറ്റിക്കാരനെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.
ആസൂത്രിത തിരക്കഥയെന്ന‌് സംശയം
കൊച്ചി
എറണാകുളത്തുനിന്ന‌് ആലുവ എടയാറിലെ സ്വർണശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ ആറുകോടി രൂപയുടെ സ്വർണം കവർന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് നിഗമനം. ജ്വല്ലറി ജീവനക്കാരെയും സ്വർണശുദ്ധീകരണ സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യംചെയ‌്തുവരികയാണ‌്. സമീപപ്രദേശങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട‌്.
എറണാകുളത്തുനിന്ന‌് എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിലേക്ക് സ്വർണം എത്തിക്കുന്നുവെന്നത് സംബന്ധിച്ച് കവർച്ചക്കാർക്ക് മുൻകൂട്ടി അറിവ‌് ലഭിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. സ്വർണം കൊടുത്തുവിട്ട ജ്വല്ലറിയിൽനിന്നോ എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിൽനിന്നോ വിവരം കവർച്ചക്കാർക്ക് ലഭിച്ചുവെന്നുതന്നെയാണ് പൊലീസിന്റെ നിഗമനം. അർധരാത്രിയോടെ സ്വർണശുദ്ധീകരണ സ്ഥാപനത്തിന്റെ മുന്നിൽ കാർ എത്തുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാറിന്റെ ചില്ലുതകർത്ത‌് ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത് കടന്നുവെന്നാണ് പറയുന്നത്. എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നതും പൊലീസിന്റെ സംശയം ഇരട്ടിയാക്കുന്നു. കാറിനുള്ളിൽ നാലുപേരുണ്ടായിരുന്നുവെന്നാണ് വിവരം. ബൈക്കിലെത്തിയത് രണ്ടുപേരും. കാറിലുണ്ടായിരുന്നവരും ബൈക്കിലെത്തിയവരും തമ്മിൽ ബലപ്രയോഗമൊന്നും നടന്നതായും കണ്ടെത്തിയിട്ടില്ല. കവർച്ച നടന്നതിന‌് തൊട്ടുപിന്നാലെ ആലുവ എടയാർ മേഖലയിലെ മുഴുവൻ റോഡുകളും പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതും ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു. ആലുവ റൂറൽ എസ‌്‌പി രാഹുൽ ആർ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. എറണാകുളം റേഞ്ച് ഐജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.
from Kerala || Deshabhimani Online News http://bit.ly/2E1K2Au
via IFTTT
No comments:
Post a Comment