കാസർകോട‌്> കാസർകോട‌് പാർലമെൻറ് മണ്ഡലം സ്ഥാനാർഥി രാജ‌്മോഹൻ ഉണ്ണിത്താന്റെ വാക്കും പ്രവൃത്തിയും യുഡിഎഫിന‌് ബാധ്യതയാവുന്നു. ഉണ്ണിത്താന്റെ നാവിലൂടെ മണ്ഡലത്തിൽ ഓളമാകാൻ കഴിയുമെന്ന‌് വിശ്വസിച്ച യുഡിഎഫ‌് വെട്ടിലായി. തെരഞ്ഞെടുപ്പ‌് ചട്ടംലംഘിച്ചതായി മുഖ്യവരണാധികാരി ഉണ്ണിത്താനെതിരെ റിപ്പോർട്ട‌് സമർപ്പിച്ചതോടെ യുഡിഎഫിന‌് ആദ്യ തിരിച്ചടി നേരിട്ടു. പയ്യന്നൂർ അരവഞ്ചാലിൽ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയതും ശബരിമല വിഷയം ഉന്നയിച്ചതുമാണ‌് ഉണ്ണിത്താനെ കുടുക്കിയത‌്. പ്രസംഗം ചട്ടലംഘനമാണെന്നാണ‌് റിപ്പോർട്ട‌്. ഇതിനായി മുഖ്യവരണാധികാരി കലക്ടർ ഡോ. ഡി സജിത‌്ബാബു നിയോഗിച്ച രണ്ട‌് കമ്മിറ്റികളും പ്രസംഗം ചട്ടവിരുദ്ധമാണെന്ന‌് കണ്ടെത്തി. തുടർന്ന‌് ഉണ്ണിത്താന‌് കാരണം കാണിക്കൽ നോട്ടീസ‌് അയച്ചു. 48 മണിക്കൂറിനകം മറുപടി നൽകണം.
ചട്ടലംഘനം കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചു. ഉണ്ണിത്താന‌് പാർടി ചിഹ്നമായ കൈപ്പത്തി അനുവദിച്ച ഫോം ബിയിൽ ഒപ്പിട്ടയാൾ എന്ന നിലയിലാണ‌് മുല്ലപ്പള്ളിയെ വിവരം അറിയിച്ചത‌്. ഉണ്ണിത്താന്റെ വിശദീകരണം ലഭിച്ചതിന‌് ശേഷം മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് വിശദാംശങ്ങൾ അയച്ചുകൊടുക്കും. പ്രസംഗത്തിന്റെ വീഡിയോ നേരിട്ട‌് പരിശോധിച്ച മുഖ്യവരണാധികാരിക്ക‌് ചട്ടലംഘനം ബോധ്യപ്പെട്ടിട്ടുണ്ട‌്. പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ നിയോഗിച്ച അഡീഷണൽ ജില്ലാ മജിസ‌്ട്രേട്ട‌് കൂടിയായ നോഡൽ ഓഫീസർ സി ബിജുവിന്റെ നേതൃത്വത്തിലുള്ള സമിതിയും മാധ്യമ നിരീക്ഷണത്തിന‌് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധു സെക്രട്ടറിയായ സമിതിയും വീഡിയോ പരിശോധിച്ചിരുന്നു. ഈ സമിതികളാണ‌് പ്രസംഗം ചട്ടലംഘനമാണെന്ന‌് കണ്ടെത്തി മുഖ്യവരണാധികാരിക്ക‌് റിപ്പോർട്ട‌് നിൽകിയത‌്.
ശബരിമല ദർശനം സംബന്ധിച്ച കോടതിവിധിയെ അവഹേളിച്ചും അവിടെ സന്ദർശനം നടത്തിയ രണ്ട‌് യുവതികളെ മോശമായി ചിത്രീകരിച്ചും നടത്തുന്ന പ്രസംഗമാണ‌് ചട്ടലംഘനമായി മാറിയത‌്. വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ സൈബർ സെല്ലിന‌് കൈമാറിയിട്ടുണ്ട‌്. പ്രസംഗം രണ്ട‌് പ്രദേശിക ചാനലുകളും സംപ്രേക്ഷണം ചെയ‌്തിരുന്നു. ജനപ്രാതിനിധ്യ നിയമം 123-3(എ)യുടെ ലംഘനമാണ‌് ഉണ്ണിത്താന്റെ പ്രസംഗം. മതം, വംശം, ജാതി, സുമദായം, ഭാഷ എന്നിവയുടെ പേരിൽ പൗരന്മാർ തമ്മിൽ ശത്രുതയോ, വെറുപ്പോ സൃഷ‌്ടിച്ച‌് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സ്ഥാനാർഥിയോ, അദ്ദേഹത്തിന്റെ ആളുകളോ ശ്രമിക്കുന്നത‌് തടയുന്നതാണ‌് ഈ നിയമം.
അരവഞ്ചാൽ പ്രസംഗത്തിൽ സമുദായ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പരാമർശം നടത്തിയിട്ടുണ്ടെന്ന‌് സമിതിക്ക‌് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പിന‌് ശേഷവും ചട്ടലംഘനത്തിന‌് കേസ‌് വരാം. ശിക്ഷിച്ചാൽ ആറുമാസം വരെ തടവും ലഭിക്കും. ഉണ്ണിത്താന്റെ നാവ‌് വോട്ടുതരുമെന്നാണ‌് യുഡിഎഫ‌് പ്രതീക്ഷിച്ചത‌്. എന്നാൽ ആ നാവ‌് ഇപ്പോൾ വിനയായിരിക്കുകയാണ‌്. കാസർകോട‌് ഡിസിസി നിർദേശിച്ച സുബയ്യ റൈയെ ഒഴിവാക്കി അവസാന നിമിഷമാണ‌് ഉണ്ണിത്താനെ കെട്ടിയിറക്കിയത‌്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സ്ഥാനാർഥിയും ഡിസിസിയും രണ്ട‌് വഴിക്കാണ‌്. ലീഗിലും അമർഷമുണ്ട‌്. അതിനിടയിലാണ‌് ചട്ടലംഘനവും.അതിനാൽ പല പ്രചാരണ പരിപാടികളും മാറ്റിവെക്കേണ്ടിവന്നു.
from Kerala || Deshabhimani Online News http://bit.ly/2vcoFrn
via IFTTT
No comments:
Post a Comment