തരൂർ> ‘ഇതാ മക്കളെ പി കെ ബിജു, നമ്മുടെ ആളാണ‌്’ –- കമലം പേരക്കുട്ടികളായ അനന്യയെയും അയനെയും തോളിൽ പിടിച്ച‌് മുമ്പോട്ട‌് നീക്കി പറഞ്ഞു. കരിഞ്ഞാക്കോട‌് സ്വീകരണത്തിനിടെയാണ‌് ഒന്നിലും രണ്ടിലും പഠിക്കുന്ന പേരമക്കൾക്ക‌് മുത്തശ്ശി ആലത്തൂരിന്റെ സ്ഥാനാർഥിയെ പരിചയപ്പെടുത്തിയത‌്. നാടിന‌് വികസനത്തിന്റെ മണിമുത്തുകൾ സമ്മാനിച്ച എൽഡിഎഫ‌് ആലത്തൂർ മണ്ഡലം സ്ഥാനാർഥി പി കെ ബിജു മനസ്സുകളിൽനിന്ന‌് മനസ്സുകളിലേക്ക‌് ചേക്കേറുന്നത‌് കർമപഥത്തിലെ മികവും നേരും നൽകിയ സ്വീകാര്യതയിലൂടെയാണ‌്. ഈ സ‌്നേഹമാണ‌് നാട്ടുകാർ സ്വീകരണകേന്ദ്രങ്ങളിൽ തിരിച്ചു നൽകുന്നത‌്. പുതിയ തലമുറയ‌്ക്കും അവർ പറഞ്ഞുകൊടുക്കുന്നത‌് ഇടതുപക്ഷത്തിന്റെ ഈ ശരികളാണ‌്.
തരൂർ നിയമസഭാ മണ്ഡലത്തിലെ ശനിയാഴ‌്ചത്തെ മൂന്നാംഘട്ട പര്യടനത്തിൽ ഓരോ സ്വീകരണവും പൂരാവേശത്തെ വെല്ലുന്നതായിരുന്നു. കുട്ടികളും പ്രായമായവരുമെല്ലും പൊള്ളുന്ന വെയിലിലും സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക‌് വിജയാശംസകളും അനുഗ്രഹങ്ങളും നേരാൻ എത്തി. ചെറുപുഞ്ചിരിയിൽ, ഹൃദ്യമായ ഒരു അഭിവാദ്യത്തിൽ, കൈവീശലിൽ ബിജു അവരെ തന്നോട‌് ചേർത്തു. വിഷുക്കൊന്നയും പനിനീർപ്പൂവുമെല്ലാം നാട്ടുകാരുടെ സ‌്നേഹമായി ബിജുവിനു ലഭിച്ചു. പൂക്കൾ സമ്മാനിക്കാൻ കുട്ടികളായിരുന്നു മുന്നിൽ. ഒരു പിടി പൂക്കളുമായി കാത്തുനിന്ന കുട്ടികൾ പി കെ ബിജുവിന്റെ പ്രചാരണ വാഹനത്തിൽ നിന്നുള്ള അനൗൺസ‌്മെന്റ‌് കേൾക്കുമ്പോൾ തന്നെ ആവേശഭരിതരാകും.
കുട്ടിക്കൂട്ടങ്ങളിൽ ചിലർ പി കെ ബിജുവിന്റെ മുഖം മൂടി ധരിച്ചും ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നമുള്ള ബലൂണുകൾ ഉയർത്തിയും സ്വീകരണ കേന്ദ്രങ്ങളിൽ ആരവമായി. കുട്ടംകോട‌് 73 വയസുള്ള പാറുവും 82 വയസുള്ള അമ്മുവും ചേർന്നാണ‌് പി കെ ബിജുവിനെ സ്വീകരിച്ചത‌്. വിഷുക്കൊന്നയും ചെത്തിയും റോസാപ്പൂവുമെല്ലാമായി ഒരു പിടി പൂക്കൾ ഇരുവരും സമ്മാനിച്ചു. ഇരുവിളാംകാട‌് വിഷുക്കണി നൽകിയാണ‌് നാട്ടുകാർ വരവേറ്റത‌്. കണിക്കൊന്നയും വെള്ളരിയും ഫല ധാന്യങ്ങളുമെല്ലാം താലത്തിൽ ഒരുക്കി സമ്മാനിച്ചപ്പോൾ അടുത്ത ഊഴവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്ന‌് വിഷുക്കണി നൽകിയ രാധാകൃഷ‌്ണൻ ആശംസകൾ നേർന്നു.
മണ്ഡലത്തിലെ വികസനനേട്ടങ്ങളും ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകതയും ചുരുങ്ങിയ വാക്കുകളിൽ നാട്ടുകാരുമായി പങ്കുവച്ചു.
ഇടതുപക്ഷത്തിനുള്ള ഓരോ വോട്ടും രാജ്യത്തിന്റെ മതനിരപേക്ഷതക്കുള്ള വോട്ടാണെന്ന‌് ബിജു പറഞ്ഞപ്പോൾ കൈയടിയോടെയാണ‌് ജനം വരവേറ്റത‌്. മാലപ്പടക്കങ്ങളും മുദ്രാവാക്യങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ ആവേശമായി. പ്രായമായവരുടെ സാന്നിധ്യം സ്വീകരണ കേന്ദ്രങ്ങളിൽ ശ്രദ്ധേയം. നേരത്തെയെത്തിയ പെൻഷന്റെ സന്തോഷവുമായാണ‌് വെള്ളയും കാമ്പായിയും ദൈവാനിയും എത്തിയത‌്.
തരൂരിന്റെ ഗ്രാമ വീഥികളിലൂടെ നൂറുകണക്കിനു പ്രവർത്തകരുടെ അകമ്പടിയോടെയാണ‌് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും പി കെ ബിജുവിന്റെ വാഹനം നീങ്ങിയത‌്.
നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും റബർ തോട്ടങ്ങളും മാറിമാറി വന്നു. വഴികളുടെ ഇരു വശവും ചെങ്കൊടിയും തോരണങ്ങളും അലങ്കാരമായി. മതിലുകൾ ഡോ. പി കെ ബിജുവിന്റെ ചുവരെഴുത്തുകൊണ്ട‌് നിറഞ്ഞിരിക്കുന്നു. മാത്രമല്ല വീടിന്റെ ചുമരുകളിലും ബിജുവിന്റെ പോസ്റ്ററുകളാണ‌്. ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയായ ആലത്തൂരിൽ ഇത്തവണയും ചെങ്കൊടി പാറുമെന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു തരൂരിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും. രാവിലെ എട്ടിന‌് കണ്ണച്ചിപ്പറമ്പിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത‌്. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി എട്ടരയോടെ വാണിയംപാറയിൽ സമാപിച്ചു.
കോട്ടായി, കുത്തനൂർ, പെരിങ്ങോട്ടുകുറുശി, തരൂർ, പുതുക്കോട‌്, കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകളിലായി 34 കേന്ദ്രങ്ങളിലായിരുന്നു ശനിയാഴ‌്ച സ്വീകരണം ഒരുക്കിയത‌്. മന്ത്രി എ കെ ബാലൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചാമുണ്ണി, വടക്കഞ്ചേരി ഏരിയ സെക്രട്ടറി കെ ബാലൻ, മറ്റ് എൽഡിഎഫ് നേതാക്കളായ വി മോഹനൻ, ടി കെ ദേവദാസ്, പി ഗംഗാധരൻ (സിപിഐ എം), സി വാസുദേവൻ, എൻ അമീർ (സിപിഐ), എസ് ബഷീർ (എൻസിപി), പി പ്രീത , കെ പി രവീന്ദ്രൻ, ടി എം സുനിൽകുമാർ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.
from Kerala || Deshabhimani Online News http://bit.ly/2P81FCM
via IFTTT
No comments:
Post a Comment