കൊച്ചി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗീയപ്രചാരണം ശക്തമാക്കി സംഘപരിവാർ. വാട്ട്‌സാപ്പിലെ വിവിധ കുടുംബ, -രാഷ്ട്രീയ, -സ്‌കൂൾ-, കോളേജ് ഗ്രൂപ്പുകളിലും ഫെയ‌്സ്ബുക്ക് അടക്കമുള്ള മറ്റ‌് സാമൂഹ്യ മാധ്യമങ്ങളിലുമാണ് കടുത്ത വർഗീയ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോഡിയും അമിത് ഷായും യോഗി ആദിത്യനാഥും അടക്കമുള്ള ദേശീയനേതാക്കളും ശ്രീധരൻപിള്ളയടക്കമുള്ള സംസ്ഥാന നേതാക്കളും പരസ്യമായി വർഗീയ വിഷം തുപ്പി പ്രചാരണത്തിന്റെ ഉള്ളടക്കം എന്തായിരിക്കണമെന്ന് അണികൾക്ക് വ്യക്തത നൽകിയിരുന്നു. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെ കുറിച്ചാണ് കൂടുതൽ വ്യാജപ്രചാരണങ്ങൾ. ഡൽഹിയിലെ ബിജെപി നേതാവും സുപ്രീംകോടതിയിലെ ബിജെപി ലീഗൽ സെല്ലിന്റെ സെക്രട്ടറിയുമായ പ്രേരണാകുമാരിയടക്കമുള്ളവരാണ് ശബരിമല വിഷയത്തിൽ ഹർജി നൽകിയതെങ്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും ഇടതുപക്ഷത്തിന് എതിരെയാണ് സംഘപരിവാർ പ്രചാരണം. കോൺഗ്രസ് അണികളുടെ പിന്തുണയും അവർക്ക‌് ഇക്കാര്യത്തിലുണ്ട്. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ വീണാ ജോർജിന് എതിരെയാണ് കൂടുതലായും നുണപ്രചാരണം നടക്കുന്നത്. ശബരിമല കയറാൻ എത്തിയ രെഹ‌്ന ഫാത്തിമയെ ഒളിവിൽ പാർപ്പിച്ചത് വീണയാണെന്ന് ജനപക്ഷം നേതാവ‌് പി സി ജോർജ് നേരത്തെ പ്രചരിപ്പിച്ചിരുന്നു. ജോർജിന്റെ നുണ, വീണയുടെ ചിത്രം സഹിതമാണ‌് ഇപ്പോഴും പ്രചരിപ്പിക്കുന്നത‌്. ജോർജ് പിന്നീട് എൻഡിഎയുടെ ഭാഗമായി.
തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ശബരിമലയിൽ കയറാനാണെന്നും വിജയിച്ചതിന് ശേഷം പതിനെട്ടാംപടി ചവിട്ടുമെന്നും വീണ പറഞ്ഞതായുള്ള വ്യാജ ചിത്രങ്ങളും ട്രോളുകളും വ്യാപകമായി പടച്ചുണ്ടാക്കി പ്രചരിപ്പിക്കുന്നു. ശബരിമലയിൽ സാനിറ്ററി നാപ്കിൻ വിൽക്കാൻ സൗകര്യമൊരുക്കുമെന്നു വീണ പറഞ്ഞതായുള്ള പ്രചാരണവും നടക്കുന്നു. തിരുവല്ലയിൽ എസ്എൻഡിപിയുടെ യോഗത്തിൽനിന്ന് വീണയെ ശരണം വിളിച്ച് ഇറക്കിവിട്ടെന്നും പ്രചാരണമുണ്ടായി. കോൺഗ്രസ് അണികളും ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽ മുന്നിലുണ്ട്.
ശബരിമല സംബന്ധിച്ച വ്യാജപ്രചാരണങ്ങൾ സംസ്ഥാനത്തെ മറ്റ‌് ഇടത‌് സ്ഥാനാർഥികൾക്കെതിരെയും നടക്കുന്നുണ്ട്. സംഘപരിവാർ മാത്രമല്ല, കോൺഗ്രസ്, മുസ്‌ലിം ലീഗ് കേന്ദ്രങ്ങളും വ്യാജ പ്രചാരണങ്ങളുമായി സജീവമാണ്.
from Kerala || Deshabhimani Online News http://bit.ly/2V7hLCj
via IFTTT
No comments:
Post a Comment