പൂത്തിറങ്ങി പുതിയ കൊച്ചി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

പൂത്തിറങ്ങി പുതിയ കൊച്ചി


കൊച്ചി
നൂറുകണക്കിനാളുകൾ നിശ‌്ചയിച്ച സ്വീകരണകേന്ദ്രങ്ങളിൽ. വഴിയരികിൽ കാത്തുനിൽക്കുന്ന ആയിരങ്ങൾ. എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് തൃക്കാക്കര മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനത്തിനെത്തുമ്പോൾ മുമ്പു കണ്ടതിനേക്കാൾ പതിന്മടങ്ങ‌് ആവേശം. സ്വീകരണകേന്ദ്രങ്ങളിൽ പൂക്കളും പൂമാലകളും കാർഷിക ഉൽപ്പന്നങ്ങളുമായാണ‌് പ്രിയനേതാവിനെ വളയുന്നതെങ്കിൽ,  നിറഞ്ഞ ചിരിയും കൈ ഉയർത്തിയുള്ള അഭിവാദ്യവും തുറന്ന വാഹനത്തിലേക്ക‌് പൂക്കൾ വിതറിയുമാണ‌് വഴിയരികുകളിലെത്തുന്നവർ സ‌്നേഹം പങ്കിടുന്നത‌്. 

തൃക്കാക്കര മണ്ഡലത്തിലെ മൂന്നാംഘട്ട പൊതുപര്യടനം വെള്ളിയാഴ‌്ച രാവിലെ പോണേക്കര സ്റ്റാൻഡിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട‌് ഉദ‌്ഘാടനം ചെയ‌്തു. പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ബാദുഷ വേദിയിൽവച്ച് സ്ഥാനാർഥിക്ക് കാരിക്കേച്ചർ വരച്ചുനൽകി. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് കോ–-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ഹരിതം സേനയുടെ പ്രവർത്തകർ പെരുമനത്താഴത്തെ സ്വീകരണത്തിൽ സ്ഥാനാർഥിക്ക് തിലോപ്പിയമത്സ്യം നൽകി. യൂണിവേഴ്‌സൽ ജങ‌്ഷനിൽ സ്ഥാനാർഥിയെ സ്വീകരിച്ചത് നാൽപ്പത്തെട്ടുമുതൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകയായ സുഭദ്രാമ്മയുടെ നേതൃത്വത്തിലാണ്.

മരോട്ടിച്ചുവട് ജങ‌്നിഷലും എൻജിഒ ക്വാർട്ടേഴ്‌സിലും സ്വീകരണത്തിൽ മുത്തുക്കുടകളും നാസിക് ഡോൾ മേളങ്ങളും ഉണ്ടായിരുന്നു.കഴിഞ്ഞദിവസം തൃക്കാക്കര കുഴിക്കാട്ട് ക്ഷേത്രത്തിൽ വിവാഹിതരായ ഫിലിപ്പീൻ സ്വദേശിനി മാർജുരി ജുണ്ടില്ല റോസേക്യുവും ജൂൺ മോഹനും തോപ്പിൽ ജങ‌്ഷനിലെ സ്വീകരണകേന്ദ്രത്തിൽ സ്ഥാനാർഥിക്ക് അഭിവാദ്യങ്ങൾ അറിയിക്കാനെത്തി.

പടനാട്ടപ്പറമ്പിലെ സ്വീകരണകേന്ദ്രത്തിൽ പ്രായഭേദമെന്യേ നൂറുകണക്കിനാളുകളാണ് വീട്ടിൽ വിളഞ്ഞ പച്ചക്കറികളും പൂക്കളും ഫലവർഗങ്ങളുമായി പ്രിയനേതാവിനെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. എൽഡിഎഫ് നേതാക്കൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമൊപ്പം ഹരിതം പ്രവർത്തകരും ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഞാറ്റുവേല'യുടെ പ്രവർത്തകരും രാജീവിനെ അനുഗമിച്ചു.

ബിഎം നഗറിൽ റോഡിനിരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടം മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. ഇടുങ്ങിയ വഴിയിലൂടെ നാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി നടന്നുനീങ്ങിയ രാജീവിനു പിന്നാലെ അപ്രതീക്ഷിതമായൊരു അതിഥിയെത്തി. പതിവു ചിരിയുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കെട്ടിപ്പിടിച്ച് ആശംസകളറിയിച്ച് സ്വീകരണവേദിയിലേക്ക് ഇരുവരും നടന്നു. പോളിയോ ബാധിച്ച് കാലിന് സ്വാധീനം നഷ്ടമായ അനിത ബിജു പേപ്പർ പേനകൾ നൽകിയാണ് സ്ഥാനാർഥിയെയും മന്ത്രിയെയും സ്വീകരിച്ചത്. ചലച്ചിത്രതാരം ഗായത്രിയും വേദിയിലെത്തി. രാജ്യസഭാ  എംപിയായിരിക്കെ ഭിന്നശേഷിക്കാരുടെ പട്ടികയിൽ ഓട്ടിസം, സെറിബ്രൽ പാൾസി ബാധിതരെക്കൂടി ഉൾപ്പെടുത്താൻ നിയമം ഭേദഗതിചെയ്യാൻ നടത്തിയ ശ്രമങ്ങൾ സ്ഥാനാർഥി ഓർത്തെടുത്തു.

കരുമാലിപ്പറമ്പിലെ സ്വീകരണ കേന്ദ്രത്തിൽ പി രാജീവിനെ സ്വീകരിച്ചത് ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർഥിനിയായ ടി ആർ അനഘ താൻ വരച്ച രാജീവിന്റെ ചിത്രം നൽകിയാണ‌്. തമ്മനം ജങ‌്ഷനിൽ തമ്മനം റൂബി ലെയ്നിൽ താമസിക്കുന്ന റിജി ജിൻസൺ സ്ഥാനാർഥിക്ക് താൻ വാഴയിലയിൽ വരച്ച ചിത്രം സമ്മാനിച്ചു.

പര്യടനത്തിനിടയിൽ പള്ളിശേരിയിൽ എത്തിയ രാജീവിനെ പട്ടിക്കാട് പെരിന്തൽമണ്ണയിലെ സയ്യിദ് നൗഷാദ് ജിഫ്രി തങ്ങൾ ആശ്ലേഷിച്ചാണ‌് സ്വീകരിച്ചത്. വൈകിട്ട് ചളിക്കവട്ടത്തും വൈറ്റിലയിലും സംഘടിപ്പിച്ച സ്വീകരണയോഗങ്ങളിലും പി രാജീവ് പങ്കെടുത്തു.

രാജീവ‌് സമർഥനായ പാർലമെന്റേറിയൻ: ചുള്ളിക്കാട‌്
കൊച്ചി
പതിനേഴാമത‌് പാർലമെന്റ് തെരഞ്ഞെടുപ്പ‌് അഹിന്ദുക്കളുടെയും അവർണ ജനകോടികളുടെയും ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന‌് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത‌് നടന്ന തെരഞ്ഞെടുപ്പിനുശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത‌്. ജനാധിപത്യം സംരക്ഷിക്കാൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മുന്നണികൾക്ക് ശക്തിപകരുക എന്നൊരൊറ്റ വഴിയേ നമുക്കുമുന്നിലുള്ളൂ. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സമർഥനായ പാർലമെന്റേറിയനെയാണ‌് എറണാകുളത്തിന് ലഭിച്ചിട്ടുള്ളത്. പ്രബുദ്ധരായ വോട്ടർമാർ പി രാജീവിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പി രാജീവിന്റെ തൃക്കാക്കര മണ്ഡലത്തിലെ മൂന്നാംഘട്ട പൊതുപര്യടനം പോണേക്കര സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് എറണാകുളം പാർലമെന്റ‌് മണ്ഡലം കൺവീനർ സി എം ദിനേശ് മണി,  സി കെ പരീത്, കെ ഡി വിൻസന്റ്, ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

അരങ്ങത്ത‌് ചായക്കടയിലെ രാഷ‌്ട്രീയചർച്ച
കളമശേരി
ഏലൂരിൽനിന്ന് പി ഡി ഡേവിസിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം കലാകാരന്മാർ രാജീവിന്റെ വിജയത്തിനായി തെരുവുനാടകവുമായി രംഗത്ത്. സൗത്ത് കളമശേരിയിലായിരുന്നു ആദ്യ അവതരണം.

വെള്ളിയാഴ്ച എറണാകുളം മണ്ഡലത്തിലായിരുന്നു നാടകാവതരണം. നാട്ടിൻപുറത്തെ ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് നാടകമൊരുക്കിയിട്ടുള്ളത്. നാടക കലാകാരന്മാരായ ചൊവ്വര ബഷീർ, എ ആർ രതീശൻ, ആന്റണി കടവന്ത്ര, കെ പി ഷൈബിൻ, ഷാനവാസ്, നാസർ, ഹുസൈൻകോയ, ജെസി തുടങ്ങിയവർ കഥാപാത്രങ്ങളായി വേഷമിടുന്നു. ഗെയ്ഗി, പി കെ രാജീവ് എന്നിവരുടേതാണ‌് രചന. സംവിധാനം പി കെ രാജീവ്, കല ദിൽജിത്ത്, സംഗീതം സാലിമോൻ. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും വരുംദിവസങ്ങളിൽ നാടകം അരങ്ങേറും.



from Kerala || Deshabhimani ​Online ​News http://bit.ly/2G8TpOR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages