പാറശാല> യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പറമ്പിൽ കണ്ടെത്തി. ആറയൂർ പുത്തൻകുളത്തിന് സമീപം ആർകെവി ഭവനിൽ ബിനുവിന്റെ (41) മൃതദേഹമാണ‌് ചാക്കിൽ കെട്ടി അഴുകിയനിലയിൽ കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചമുതൽ ബിനുവിനെ കാണാനില്ലാത്തതിനാൽ ബന്ധുക്കൾ പാറശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ച ബിനുവിനെ കൊറ്റാമം അലത്തറവിളാകത്തിന് സമീപത്തെ കനാലിനടുത്തുള്ള സുഹൃത്തായ ഷാജിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് ഈ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് എത്തിയെങ്കിലും ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പിന്നീട‌് ഗേറ്റിന്റെ പൂട്ടും വാതിലും പൊളിച്ച് പൊലീസ് അകത്ത് കയറുകയായിരുന്നു. പരിശോധനയിൽ വീടിനുള്ളിൽ മദ്യക്കുപ്പികൾ പൊട്ടിയ നിലയിലും വീടിന്റെ ഉൾഭാഗത്ത് രക്തം കട്ടപിടിച്ച‌് കിടക്കുന്നതായും കണ്ടെത്തി. രക്തക്കറകൾ തുടച്ചുനീക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് ഷാജിയെ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഫോറൻസിക് വിദഗ‌്ധരും വിരലടയാള വിദഗ‌്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീടിനകത്ത‌് മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പിന്നീട് വീടിന്റെ സമീപത്തും അടുത്തുള്ള കനാലിലും പരിശോധന നടത്തവെ വീടിന്റെ നൂറ് മീറ്ററിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിൽ തെങ്ങിന്റെ ചുവട്ടിലെ കുഴിയിൽ ബിനുവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളിലാക്കി ചെറിയ കുഴിയെടുത്ത് അതിനുള്ളിലാക്കിയ നിലയിലായിരുന്നു. ഇതിന് സമീപം കവറുകളിലാക്കിയ മദ്യക്കുപ്പികളും രക്തക്കറകൾ തുടച്ചുനീക്കിയ തുണിയും കണ്ടെത്തി.
ആൾ താമസമില്ലാത്ത ഷാജിയുടെ വീട്ടിൽ സുഹൃത്തുക്കളായ സംഘങ്ങൾ ഈസ്റ്റർ ദിനത്തിൽ മദ്യപിച്ച് ആഘോഷം നടത്തിയതിനെ തുടർന്ന് മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിൽ നടന്ന സംഘട്ടനത്തിലാണ് ബിനു കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഷാജിയെ കൂടാതെ സംഭവത്തിനുപിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടതായും ഇവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വരുന്നതായും പാറശാല സിഐ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
from Kerala || Deshabhimani Online News http://bit.ly/2XDOtIQ
via IFTTT
No comments:
Post a Comment