തിരുവനന്തപുരം
സംവരണ വിഭാഗമല്ലേ, നിങ്ങൾക്കെല്ലാം എളുപ്പമാണ് എന്ന‌് പറയുന്നവർക്കുള്ള മറുപടിയാണ‌് വയനാട് അമ്പലക്കൊല്ലിയിലെ ശ്രീധന്യ സുരേഷ‌്. മലയാളം ഐച്ഛിക വിഷയമായെടുത്താണ‌് ഈ മിടുക്കി സിവിൽ സർവീസ‌് പരീക്ഷയിലെ 410–-ാം റാങ്ക‌് നേടിയത‌്. പതറാത്ത നിശ്ചയദാർഢ്യത്തിന‌് കരുത്തായി സർക്കാർ സംവിധാനങ്ങൾ അടിയുറച്ച‌് നിന്നപ്പോൾ ചരിത്രമാതൃക കുറിച്ചു ഈ വയനാടൻ പെൺവിജയം. സാമൂഹ്യ, സാമ്പത്തിക പരിമിതി നേരിടുന്ന വിഭാഗങ്ങൾക്കെല്ലാം പ്രചോദനം ഈ വിജയം. സംവരണവിഭാഗത്തെ ജാതീയമായി വേർതിരിച്ച് കാണുന്ന സമൂഹത്തിന്റെ മനഃസ്ഥിതിയാണ് മാറേണ്ടതെന്ന‌് ശ്രീധന്യ പറഞ്ഞു.
പത്രം വാങ്ങാൻപോലുമാകാത്ത വീട്ടിലെ അവസ്ഥയോട് മല്ലിട്ടാണ‌് ഈ വിജയം. 2016ലെ ആദ്യ പരിശ്രമം പരാജയപ്പെട്ടപ്പോൾ പിന്തിരിയാതെ ഐഎഎസ് എന്ന സ്വപ്നംമാത്രം ലക്ഷ്യമാക്കി നടത്തിയ പരിശ്രമത്തിന് പിന്തുണയുമായി സർക്കാർകൂടി എത്തിയപ്പോൾ സ്വപ്നനേട്ടം സ്വന്തമായി. കുറിച്യ വിഭാഗത്തിലെ ആദ്യ സിവിൽ സർവീസുകാരിയുമായി. തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷും കമലയും മകളുടെ സ്വപ്നത്തേക്കാൾ വലുതല്ല സാമ്പത്തികപ്രശ്നങ്ങളെന്ന‌് തീരുമാനിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ കുടുംബത്തിന് താങ്ങായിരുന്ന ജോലി ഉപേക്ഷിച്ച് പഠിക്കാൻ പൂർണ പിന്തുണനൽകി അവർ. തേടിയെത്തിയ പൊലീസ് കോൺസ്റ്റബിൾ ജോലിയും ഉപേക്ഷിച്ചു.
സംസ്ഥാന പട്ടികജാതി–- വർഗ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ശ്രീധന്യ സിവിൽ സർവീസ് പഠനം ആരംഭിച്ചത്. തിരുവനന്തപുരത്ത് പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് സിവിൽ സർവീസ് പഠനത്തിനായി സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസ് എക്സാമിനേഷൻ ട്രെയ‌്നിങ് സെന്ററിലായിരുന്നു പരിശീലനം. സ്വകാര്യ സ്ഥാപനത്തിലെ ഫീസിനുപുറമെ ഇന്റർവ്യൂവിന് പോകാനുള്ള ചെലവും സർക്കാരാണ‌് വഹിച്ചത‌്. തന്റേതായ പഠനരീതികൾ തയ്യാറാക്കിയാണ് ശ്രീധന്യയുടെ ഒരുക്കം. എല്ലാവരും ചെയ്യുന്നതുപോലെ മുൻവിജയികളുടെ പാത പിന്തുടർന്നില്ല. സമയം നിശ്ചയിച്ചുള്ള രീതിയും ഉണ്ടായിരുന്നില്ല. പഠിക്കാൻ തോന്നുമ്പോൾ പഠിക്കും. ഒരുമണിക്കൂർപോലും പഠിക്കാത്ത ദിവസങ്ങളുണ്ട്. ആറുമണിക്കൂറിൽ കൂടുതൽ പഠിച്ചദിവസങ്ങളുമുണ്ട്. രാത്രിയിലാണ് പഠനം. ഐച്ഛിക വിഷയം ഏതാകണമെന്നതിലും തെല്ലും സംശയമുണ്ടായില്ല, മാതൃഭാഷതന്നെ. കോളേജിൽ മലയാളം പഠിക്കാൻ കഴിയാതെ പോയ വിഷമവും അതോടെ തീർന്നു.
from Kerala || Deshabhimani Online News http://bit.ly/2UjOk01
via IFTTT
No comments:
Post a Comment