നെടുങ്കണ്ടം
രാമക്കൽമേട്ടിൽ ഓഫ് റോഡ് സവാരി നടത്തിയ ജീപ്പ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിദ‌്യാർഥി മരിച്ചു. ആറ‌് വിദ‌്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ സ‌്വദേശി ശ്രീജിത്ത്(19) ആണ‌് മരിച്ചത‌്. ശനിയാഴ്ച പകൽ 3.30 ന‌് രാമക്കൽമേട് കുരുവിക്കാനം കാറ്റാടിപ്പാടത്തിന് സമീപമാണ് അപകടം. തൃശൂർ കുന്നംകുളം ഗുഡ്‌ഷെപ്പേർഡ് ഐടിഐയിൽനിന്നും എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 28 വിദ്യാർഥികൾ രണ്ട് ജീപ്പുകളിലായാണ് ഓഫ് റോഡ് സവാരിക്കായി പോയത്.
ആദ്യത്തെ ജീപ്പ് ചെങ്കുത്തായ പാറയുടെ മുനമ്പിൽ എത്തിയശേഷം വാഹനം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 150 അടിയോളം നിരങ്ങിനീങ്ങിയശേഷം കൊക്കയിലേക്ക് കുത്തനെ മറിഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ നെടുങ്കണ്ടം, തൂക്കുപാലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവർ തോവാളപ്പടി ഗോകുലം വീട്ടിൽ നീലു എന്ന് വിളിക്കുന്ന ഗിരീഷ്(33), ഐടിഐ വിദ്യാർഥികളായ അഭിജിത്ത്(20), സോനു(19), ഷെഫീഖ്(22), ഹാബിൻ(19), രാഹുൽ(18), അഖിൽ(26) എന്നിവർക്കാണ് പരുക്കേറ്റത്.
കോളേജിൽനിന്നും കൊടൈക്കനാൽ സന്ദർശിച്ചശേഷം രാമക്കൽമേട്ടിൽ എത്തിയതായിരുന്നു ഇവർ. വൈകിട്ടോടെ തൃശൂരിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. പാറക്കെട്ടിൽനിന്നും ജീപ്പ് നിരങ്ങി നീങ്ങുന്നതിനിടെ പുറത്തേക്ക് ചാടിയവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിരവധി തവണ മലക്കം മറിഞ്ഞ ജീപ്പ് മരങ്ങളിൽ തട്ടി നിൽക്കുകയായിരുന്നു. ജീപ്പ് പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് മറ്റ് വിദ്യാർഥികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽനിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. തോപ്പിൽ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ജീപ്പ്. രാമക്കൽമേട്ടിൽ മൂന്ന് മാസം മുമ്പാണ് ഓഫ് റോഡ് സവാരി പുനരാരംഭിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2Umuzos
via IFTTT
No comments:
Post a Comment