പനമരം
ബിജെപിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌്. പരിമിതമായ താൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന കോൺഗ്രസ‌് മതേതര സഖ്യത്തെ തകർക്കാനാണ‌് ശ്രമിക്കുന്നതെന്നും ബൃന്ദ പറഞ്ഞു. പനമരത്ത‌് എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബിജെപിയെ പരാജയപ്പെടുത്തുകയാണ‌് ലക്ഷ്യമെന്ന‌് പറയുക മാത്രമാണ‌് കോൺഗ്രസ‌് ചെയ്യുന്നത‌്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വിജയിച്ച രണ്ട‌് സീറ്റുകൾ മാത്രമാണ‌് ഉത്തർപ്രദേശിൽ കോൺഗ്രസിനുള്ളത‌്. ഇതുതന്നെ ലഭിച്ചത‌് ബിഎസ‌്പിയും എസ‌്പിയും ആർഎൽഡിയും പിന്തുണച്ചതുകൊണ്ട‌്. 73 സീറ്റുകളിൽ ബിജെപിയാണ‌് വിജയിച്ചത‌്. ഇത്തവണ അമേഠിയിലടക്കം രാഹുലിനെതിരെ എസ‌്പിയും ബിഎസ‌്പിയും ആർഎൽഡിയും സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
ബംഗാളിൽ സിറ്റിങ‌് സീറ്റുകളിൽ പരസ‌്പരം സ്ഥാനാർഥികളെ നിർത്താതെ സഹകരിക്കാമെന്ന സിപിഐ എം നിർദേശവും കോൺഗ്രസ‌് തള്ളി. രാഹുൽ ഇടതുപക്ഷത്തിനെതിരെ ഒന്നും സംസാരിക്കില്ലെന്നാണ‌് പറയുന്നത‌്. പക്ഷേ പ്രവർത്തിക്കുകയാണ‌്. അതുകൊണ്ടാണ‌് ബിജെപിയില്ലാത്ത വയനാട്ടിൽ വന്ന‌് എൽഡിഎഫ‌് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത‌്.
മോഡി ഭരിച്ച അഞ്ച‌് വർഷം ന്യൂനപക്ഷങ്ങൾക്കും ദളിത‌് വിഭാഗങ്ങൾക്കുമെല്ലാം ദുരിതമായിരുന്നു. തലയിൽ തൊപ്പിവച്ചെന്ന കുറ്റം ചുമത്തി ജുനൈദ‌് എന്ന 16കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടുപോലും കോൺഗ്രസ‌് നിശ്ശബ്ദമായി. ഭക്ഷണത്തിന്റെ പേരിൽ ബിജെപി കൊലപ്പെടുത്തിയ ഒരാളുടെ വീട്ടിലും കോൺഗ്രസ‌് നേതാക്കൾ പോയില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ വീട്ടിലെത്തി സഹായം നൽകി. ദളിതുകൾക്കും മോഡി ഭരണത്തിൽ രക്ഷയില്ലെന്നും ബൃന്ദ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2IHDSIH
via IFTTT
No comments:
Post a Comment