കൊച്ചി
കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ ബിജു ആന്റണി എന്ന ഓട്ടോക്കാരനെ നിങ്ങളും കണ്ടുമുട്ടിയേക്കാം. അരയ്ക്കു കീഴ്‌പോട്ട് തളർന്നിട്ടും ജീവിതം മുന്നോട്ടുനീക്കാൻ പരിശ്രമിക്കുന്ന ഈ ചെറുപ്പക്കാരന്റെ പുഞ്ചിരിക്കുന്ന മുഖം നിങ്ങൾക്കും ആത്മവിശ്വാസം പകരും. ശാരീരികാവശതകളെ ഉൾക്കരുത്തുകൊണ്ട് മറികടന്ന ഒരുപാടുപേരിൽ ഒരാൾമാത്രമാണ് താനെന്ന് പറയാനാണ് ബിജുവിനിഷ്ടം. പക്ഷേ, എന്നെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നു പറഞ്ഞ് നേരംകളയുന്ന നിരവധിപേർക്കാണ് ബിജു മാതൃകയാകുന്നത്.
ഇരുപതുവർഷംമുമ്പുണ്ടായ അപകടത്തിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ ബിജുവിന്റെ ശരീരം അരയ്ക്കു കീഴ്‌പോട്ട് തളർന്നത്. 19 വയസ്സുകാരനായിരുന്ന ബിജുവിന് ആദ്യം തന്റെ ശരീരത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മോറക്കാല കുരിശുപള്ളിയിലെ പെരുന്നാളിന് ലൈറ്റ് സജ്ജീകരിക്കുമ്പോഴുണ്ടായ അപകടത്തെക്കുറിച്ചുമാത്രമായിരുന്നു അപ്പോഴൊക്കെ ബിജുവിന്റെ ചിന്ത. ആ കാലത്ത് വീട്ടുജോലി ചെയ്ത് അമ്മ ജെസിയാണ് ബിജുവിനെ സംരക്ഷിച്ചിരുന്നത്. പ്രായമായ അമ്മയെയും രോഗങ്ങൾ കീഴടക്കിയതോടെ കുടുംബം പ്രതിസന്ധിയിലായി.
അമ്മയെയും അമ്മൂമ്മയെയും എന്തെങ്കിലും ജോലി ചെയ്ത് തനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞെങ്കിലെന്ന് തീവ്രമായി ആഗ്രഹിച്ച സമയത്താണ‌് കിഴക്കമ്പലം പഴങ്ങനാട് സ്വദേശിയായ ബിജുവിന് പഞ്ചായത്തിൽനിന്ന് മുച്ചക്രസ്‌കൂട്ടർ ലഭിച്ചത‌്. ഇതോടെ വീടുകളിലും കടകളിലും കയറിയിറങ്ങി സോപ്പുപൊടി വിൽപ്പന ആരംഭിച്ചു. സ്‌കൂട്ടറിൽ കയറാനും ഇറങ്ങാനും നന്നേ ബുദ്ധിമുട്ടിയപ്പോൾ അതുമറികടക്കാനായി ഒരു സഹായസംവിധാനം ബിജുവിന്റെ ആശയത്തിൽ യാഥാർഥ്യമായി.
കയറിയിറങ്ങാനുള്ള ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സോപ്പുപൊടി വിൽപ്പനകൊണ്ട് കഴിയില്ലെന്ന് ബിജു മനസ്സിലാക്കിയതോടെയാണ് ഓട്ടോക്കാരനാകുന്നത്.കഴിഞ്ഞവർഷം നവംബറിൽ ചിട്ടിയിൽനിന്ന‌് ലഭിച്ച പണം ഉപയോഗിച്ച് ഓട്ടോ സ്വന്തമാക്കി. അരയ്ക്കു കീഴ്‌പോട്ട് തളർന്നിട്ടും സുഹൃത്തുക്കളായ മൂലമ്പിള്ളിക്കാരൻ ഷാനിയും തമ്മനം സ്വദേശി സന്തോഷും പിറവംകാരൻ ജൂബിയും ഇടുക്കിക്കാരൻ അരുണും ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട്. അവർ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജുവും ഓട്ടോയുമായി നഗരത്തിലിറങ്ങിയത്. വീൽചെയറിലാണ് ഓട്ടോയ്ക്കടുത്തുവരെ എത്തുന്നത്.
അമ്മയുടെയും അയൽവാസികളുടെയും സഹായത്തോടെ ഓട്ടോയിൽ കയറും. ഓട്ടോയിലേക്ക് സ്വയം കയറാനുള്ള സംവിധാനത്തിന് രൂപംനൽകാനുള്ള ശ്രമത്തിലാണ് ബിജു.ഓട്ടോയ്ക്ക് ടാക്‌സി ലൈസൻസ് ഇല്ലാത്തതിനാൽ എറണാകുളം നഗരത്തിലാണ് സർവീസ് നടത്തുന്നത്. രാവിലെ എട്ടുമുതൽ രാത്രി 11 വരെ ഓടും. പ്രതിദിനം 800 രൂപയോളം വരുമാനം കിട്ടും. ഇതിൽ 400 രൂപ ഡീസലിന് ചെലവാകുമെങ്കിലും ബാക്കി തുക ഉപയോഗിച്ച് അമ്മയെയും അമ്മൂമ്മയെയും നോക്കാമല്ലോയെന്ന ആശ്വാസത്തിലാണ് ബിജു.
from Kerala || Deshabhimani Online News http://bit.ly/2Vte0ap
via IFTTT
No comments:
Post a Comment