കണ്ണൂർ> സ്വന്തം അഴിമതി മറച്ചുപിടിക്കാനാണ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറ്റുള്ളവർക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയില്ലാത്ത പ്രധാനമന്ത്രിയാകും ഇനി രാജ്യം ഭരിക്കുകയെന്നു പറഞ്ഞ‌് അധികാരത്തിൽ വന്ന മോഡിയുടെ സർക്കാർ അഴിമതിയിൽ റെക്കോഡ‌് സൃഷ്ടിച്ചു. റഫേൽ അടക്കമുള്ള കുംഭകോണങ്ങളിൽ പ്രധാനമന്ത്രിക്ക‌് നേരിട്ട‌് പങ്കുണ്ടെന്നും തെളിഞ്ഞു. ‘ചൗക്കിദാർ ചോർ ഹേ’ എന്ന‌് രാജ്യമാകെ വിളിച്ചുപറയുന്നു.
തിരുവനന്തപുരമടക്കം ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിനു വിൽപ്പന നടത്തിയതിനു പിന്നിലും വൻ കുംഭകോണമുണ്ട‌്. അദാനിഗ്രൂപ്പിനെ ഏൽപ്പിക്കാൻ പാകത്തിലായിരുന്നു ലേലനടപടികൾ. മോഡിക്കു നേരിട്ടു പങ്കുള്ള കച്ചവടമാണിത‌്. 30,000 കോടി രൂപയുടെ ആസ‌്തിയുള്ള തിരുവനന്തപുരം വിമാനത്താവളം ഒരു രൂപ പോലും മുതൽമുടക്കില്ലാതെയാണ‌് അദാനിക്കു ലഭിക്കുന്നത‌്. സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പുയർത്തിയതിനാൽ തെരഞ്ഞെടുപ്പുവരെ കൈമാറ്റം നിർത്തിവച്ചിരിക്കയാണ‌്.
ഗുജറാത്തിൽ അദാനിയുടെ വൈദ്യുതിവിതരണ കമ്പനിക്ക‌് നിരക്കു വർധിപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയതിലും പ്രധാനമന്ത്രിയുടെ ഇടപെടൽ വ്യക്തം. കൽക്കരിക്കു വില കൂടിയെന്നു പറഞ്ഞാണ‌് നിരക്കുവർധന ആവശ്യപ്പെട്ടത‌്. ഇൻഡോനേഷ്യയിൽ തങ്ങൾക്ക‌് കൽക്കരി ഖനിയുള്ളതിനാൽ കുറഞ്ഞ വിലയ‌്ക്ക‌് വൈദ്യുതി നൽകാൻ കഴിയുമെന്നു പറഞ്ഞാണ‌് അദാനി ഗ്രൂപ്പ‌് കരാർ സംഘടിപ്പിച്ചത‌്. യഥാർഥത്തിൽ അദാനിയാണ‌് ഇപ്പോൾ രാജ്യം ഭരിക്കുന്നത‌്. അയാൾ എന്തു പറഞ്ഞാലും മോഡി ഒപ്പിട്ടുകൊടുക്കും. ഇതിൽനിന്നു തികച്ചും വ്യത്യസ‌്തമാണ‌് കേരളം. ഉന്നതങ്ങളിലെ അഴിമതി പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞു. മൂന്നുവർഷത്തിനിടെ ഒരു അഴിമതിയാരോപണവും ഉയർന്നിട്ടില്ല. മുഖ്യമന്ത്രി ലാവ‌്‌ലിൻ കേസിന്റെ നിഴലിലാണെന്നു പറഞ്ഞ മോഡിക്കു സമനില തെറ്റി. പിണറായിക്കെതിരെ ഒരു കേസും നിലവിലില്ല.
പ്രളയത്തിനു കാരണം സംസ്ഥാന സർക്കാരാണെന്ന പ്രധാനമന്ത്രിയുടെ ആരോപണവും പച്ചക്കള്ളമാണ‌്. കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ‌്മൂലത്തിൽ അമിതമഴയാണ‌് പ്രളയത്തിനു കാരണമായതെന്നു വ്യക്തമാക്കുകയുണ്ടായി. സാങ്കേതിക വിദഗ‌്ധരടങ്ങിയ കേന്ദ്ര ജല കമീഷൻ റിപ്പോർട്ടിലും ഇതാവർത്തിച്ചു. ആഗസ‌്ത‌് 10 മുതലുണ്ടായ അസ്വാഭാവിക വേലിയേറ്റവും പ്രളയത്തിനു കാരണമായതായി ജലകമീഷൻ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ മറച്ചുവച്ച‌് കള്ളപ്രചാരണം നടത്തുന്നത‌് പ്രധാനമന്ത്രി പദവിക്കു യോജിച്ചതല്ല. ആർഎസ‌്എസ‌് പ്രചാരകനെപ്പോലെയാണ‌് അദ്ദേഹം സംസാരിക്കുന്നത‌്. പ്രളയക്കെടുതിയിൽനിന്ന‌് കേരളത്തെ രക്ഷിക്കുന്നതിൽ നിഷേധാത്മക നിലപാടു സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ തലവനാണ‌് സംസ്ഥാനത്തിനുമേൽ കുറ്റം ചുമത്തുന്നതെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2ZmbG3U
via IFTTT
No comments:
Post a Comment