കോലഞ്ചേരി
നാട്ടിടങ്ങളില്‍ നാട്യങ്ങളില്ലാതെ, വികസനനേട്ടങ്ങള്‍ മുതല്‍ക്കൂട്ടാക്കി ജനവിധി തേടുന്ന പ്രിയതാരത്തിന‌് കോലഞ്ചേരിയുടെ സുസ്വാഗതം. ഇന്നസെന്റായ അവരുടെ സ്ഥാനാർഥിക്കായി കണിക്കൊന്നയും റോസപ്പൂവും ബോഗൻവില്ലയും അവർ കൈയിൽ കരുതി. ‘ജയിക്കാം ഇന്നസെന്റിനൊപ്പം’ എന്നെഴുതിയ ബനിയനും ചുവന്ന മുണ്ടും ധരിച്ച യുവാക്കള്‍ പര്യടനത്തിന് മുന്നിൽ അണിനിരന്നു.
‘ചുറ്റിക, അരിവാള്‍, നക്ഷത്രം ചിഹ്‌നത്തില്‍ മത്സരിക്കുക എന്നത് മോഹമായിരുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പാര്‍ടി എനിക്ക് ചിഹ്‌നം അനുവദിച്ചു. തുടങ്ങിവച്ചവയുടെ പൂര്‍ത്തീകരണത്തിനും പുതിയ വികസനപദ്ധതികൾ നടപ്പാക്കാനും നിങ്ങള്‍ വോട്ടുകള്‍ ചെയ്ത് സഹായിക്കണം’–- ആത്മാര്‍ഥത തുളുമ്പിനിന്ന ചെറിയ പ്രസംഗം ജനം സ്വീകരിച്ചത‌് ഹൃദയത്തിലും.
ആദ്യ സ്വീകരണകേന്ദ്രമായ വളയന്‍ചിറങ്ങരമുതല്‍ വലിയ കൊടികളുമായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പര്യടനത്തിന് അകമ്പടിയായി. കൊടിതോരണങ്ങളാല്‍ ചുവപ്പ് പടര്‍ന്ന സ്വീകരണകേന്ദ്രങ്ങളും കാതടപ്പിക്കുന്ന വെടിക്കെട്ടും എല്ലായിടത്തും ഉത്സവഛായ പകര്‍ന്നു. പ്രിയതാരം കടന്നുപോയ വഴികളിലെല്ലാം വലിയ ജനക്കൂട്ടമുണ്ടായിരുന്നു. കുന്നത്തുനാട് മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുവികസന പദ്ധതി നടപ്പാക്കിയതിന്റെ അഭിമാനത്തിലായിരുന്നു മഴുവന്നൂര്‍ പഞ്ചായത്തിലൂടെയുള്ള ഇന്നസെന്റിന്റെ ജൈത്രയാത്ര. രണ്ടാംഘട്ട പര്യടനത്തിലെ ഭൂരിഭാഗവും വളയന്‍ചിറങ്ങര, -മഴുവന്നൂര്‍, -കടയിരുപ്പ്,-കാണിനാട്-, പീച്ചിങ്ങച്ചിറ റോഡിലൂടെയായിരുന്നു. മഴുവന്നൂരിലെ പെരിയാര്‍വാലി കനാല്‍ റോഡ് പോലും ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് പൂര്‍ത്തീകരിച്ചത്. മഴുവന്നൂര്‍, ഐക്കരനാട്, വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനായി 16 കോടി രൂപയാണ് ചെലവഴിച്ചത്. ഈ ഒരു പദ്ധതി മാത്രം മതി ഇന്നസെന്റിന് വികസനകാര്യത്തില്‍ ഏതു സ്ഥാനാര്‍ഥിയെയും നേരിടാന്‍ എന്നാണ് നാട്ടുകാരുടെ പക്ഷം.

രാവിലെ വളയന്‍ചിറങ്ങരയില്‍ മുന്‍ എംഎല്‍എ എം പി വര്‍ഗീസ് പര്യടനം ഉദ്ഘാടനംചെയ്തു. തുടർന്ന‌് പാതാളപ്പറമ്പ്, കമര്‍ത, റബര്‍പാര്‍ക്ക്, ബ്ലാന്തേവര്‍, ഐരാപുരം പഞ്ചായത്ത്, മണ്ണൂര്‍ എന്നീ സ്വീകരണകേന്ദ്രങ്ങള്‍. വലമ്പൂരില്‍ കൊച്ചുകുട്ടി ചുറ്റിക, അരിവാൾ, നക്ഷത്രം നല്‍കി സ്വീകരിച്ചത് കൗതുകമായി. കുന്നക്കുരുടിയില്‍ മഴുവന്നൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. ചെറുനെല്ലാട് വലിയ ജനക്കൂട്ടം സ്വീകരിക്കാനായി കാത്തുനിന്നിരുന്നു. നെറ്റിപ്പട്ടവും സ്ഥാനാര്‍ഥിയുടെ വലിയ കട്ടൗട്ടുകളും നെല്ലാട് മുമ്പെങ്ങുമില്ലാത്തവിധം ചുവന്നിരുന്നു. കൊച്ചി–--ധനുഷ്‌കോടി ദേശീയപാതയില്‍ പെരുവംമൂഴി ജങ‌്ഷനില്‍ സ്വീകരണത്തിന് കടമറ്റം സ്വദേശി ദിലീപ് കുതിരപ്പുറത്ത് ചുവന്നകൊടിയുമായാണ് എത്തിയത്. തുടര്‍ന്ന് തോന്നിക്ക, കാരമോളേല്‍പ്പീടിക എന്നിവിടങ്ങളിലെ സ്വീകരണശേഷം മാങ്ങാട്ടൂരില്‍ ഉച്ചയ‌്ക്കുമുമ്പുള്ള കേന്ദ്രങ്ങള്‍ സമാപിച്ചു.

ഹൃദ്രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനെ കാണാന്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലും ഇന്നസെന്റ് എത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. എന്‍ സി മോഹനനും ജില്ലാ കമ്മിറ്റിയംഗം സി ബി ദേവദര്‍ശനനും ഒപ്പമുണ്ടായി. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കൊമ്പത്തെപ്പീടിക, വലമ്പൂര്‍ കുരിശ്, പാങ്കോട്, പഴന്തോട്ടം എന്നിവിടങ്ങളിലും സന്ദർശനം. ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്ട‌്സിറ്റിയും അതിരുപങ്കിടുന്ന കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, എരുമേലി, കുമാരപുരം, പടിഞ്ഞാറേ മോറക്കാല, മോറക്കാല, അമ്പലപ്പടി, പെരിങ്ങാല, പള്ളിക്കവല എല്ലായിടത്തും നാടിന്റെ മനമറിഞ്ഞ പ്രിയതാരത്തിന് കലവറയില്ലാത്ത സ്‌നേഹസ്വീകരണമാണ് ഒരുക്കിയത്. പിണര്‍മുണ്ട കുട ജങ‌്ഷനില്‍ പര്യടനം സമാപിക്കുമ്പോള്‍ വൈകിയവേളയിലും ജനക്കൂട്ടം കാത്തുനിന്നു. നേതാക്കളായ സി കെ വര്‍ഗീസ്, ജോര്‍ജ് ഇടപ്പരത്തി, എം പി ജോസഫ്, കെ വി ഏലിയാസ്, അഡ്വ. കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായി.
തെളിനീരിനായി ‘ഇന്നസെന്റ‌്’ പദ്ധതികൾ
കെ ഇ നൗഷാദ‌്
പെരുമ്പാവൂർ
പെരുമ്പാവൂരിൽ കുടിവെള്ളപദ്ധതിക്കായി മാത്രം ഇന്നസെന്റ് എംപി ചെലവഴിച്ചത‌് അരക്കോടിയിലേറെ രൂപ. വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളപദ്ധതികൾക്കായി 60 ലക്ഷം രൂപയാണ് എംപി ഫണ്ടിൽനിന്ന് അനുവദിച്ചത്. കൂവപ്പടി പഞ്ചായത്തിലെ ഏഴാം വാർഡിൽ വേനൽക്കാലത്ത‌് കടുത്ത കുടിവെള്ളക്ഷാമമായിരുന്നു. ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വിഷമിച്ചത്. ഇവിടെ 27 ലക്ഷം രൂപ ചെലവഴിച്ച‌് നെടുമ്പാറ കുടിവെള്ളപദ്ധതി ഒരുക്കി. പുതിയ കുളം കുഴിച്ച് 30,000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് പൈപ്പ്‌ലൈനുകൾ വലിച്ച് വീടുകളിൽ വെള്ളമെത്തിക്കുന്ന പദ്ധതിയാണ് പൂർത്തിയാക്കിയത്.

അശമന്നൂർ പഞ്ചായത്തിലെ കല്ലേലിമോളം എസ്‌സി കോളനിയിലെ കുടുംബങ്ങളുടെ ശുദ്ധജലപ്രശ്നം ഏക്കുന്നം കുടിവെള്ളപദ്ധതിയിലൂടെ പരിഹരിച്ചു. 26 ലക്ഷത്തിന്റെ പദ്ധതിക്കാണ‌് അനുവാദം നൽകിയത്. വെങ്ങോല പഞ്ചായത്തിലെ വെട്ടിക്കാട്ടുകുന്ന് കുടിവെള്ള വിതരണത്തിന് ഏഴുലക്ഷം രൂപ എംപി ഫണ്ട് അനുവദിച്ചു. നൂറുകണക്കിന് കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2Uzy22m
via IFTTT
No comments:
Post a Comment