സ്വന്തം ലേഖകൻ
കോഴ വിവാദത്തിൽ ഒളിക്യാമറയിൽ കുടുങ്ങിയ യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവൻ എംപി വീണ്ടും നിയമക്കുരുക്കിലേക്ക‌്.29 കോടിയിലധികം രൂപയുടെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന ഇദ്ദേഹം ഇക്കാര്യ നാമനിർദേശ പത്രികയിൽനിന്ന‌് മറച്ചുവച്ചുവെന്നാണ‌് പുതിയ പരാതി. തെരഞ്ഞെടുപ്പ‌് ചട്ടം ലംഘിച്ചതിനാൽ എം കെ രാഘവനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട‌് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് വരണാധികാരിയായ ജില്ലാ കലക്ടർക്ക‌് പരാതി നൽകി.
എം കെ രാഘവൻ ചെയർമാനായ കേരളാ സ‌്റ്റേറ്റ‌് അഗ്രീൻകോ ലിമിറ്റഡ‌് 29,22,32,681 രൂപ റവന്യൂ റിക്കവറി ഇനത്തിൽ സർക്കാരിലേക്ക‌് അടയ‌്ക്കാനുണ്ട‌്. ഈ റിക്കവറി നടപടികൾ നിർത്തിവയ‌്ക്കണമെന്നാവശ്യപ്പെട്ട‌് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ നൽകിയ അപേക്ഷയിൽ സർക്കാർ 2016 സെപ‌്തംബർ 29ന‌് സ‌്റ്റേ അനുവദിച്ചു. എന്നാൽ ഇതിൽ കാലപരിധി സൂചിപ്പിച്ചിട്ടില്ല എന്ന‌് കണ്ടെത്തിയതിനെ തുടർന്ന‌് ഈ വർഷം ജനുവരി ഏഴിന‌് ഉത്തരവ‌് പുതുക്കി നൽകി. ഇതുപ്രകാരം 2019 മാർച്ച‌് 31 വരെ സ‌്റ്റേ നീട്ടിക്കൊടുത്തു.
എന്നാൽ, തെരഞ്ഞെടുപ്പ‌് നാമനിർദേശ പത്രികയിൽ ഇത്തരമൊരു റവന്യൂ റിക്കവറി നടപടിയെക്കുറിച്ച‌് എം കെ രാഘവൻ സൂചിപ്പിച്ചിട്ടില്ല. മാർച്ച‌് 30നാണ‌് ഇദ്ദേഹം പത്രിക നൽകിയത‌്. ഏപ്രിൽ അഞ്ചിന‌് സൂക്ഷ‌്മപരിശോധന നടന്നു. അന്നും ഇക്കാര്യം മറച്ചുപിടിച്ചു. ഇത‌് തെരഞ്ഞെടുപ്പ‌് ചട്ടങ്ങളുടെ ലംഘനമാണെന്ന‌് എൽഡിഎഫ‌് പരാതിയിൽ പറഞ്ഞു.
2001–-06ലെ യുഡിഎഫ‌് ഭരണകാലത്താണ‌് എം കെ രാഘവൻ ചെയർമാനായി അഗ്രീൻകോ എന്ന പേരിൽ സ്ഥാപനം തട്ടിക്കൂട്ടിയത‌്. കർഷകക്ഷേമത്തിനായി വിവിധ പദ്ധതികൾ ആരംഭിക്കാനെന്ന പേരിലായിരുന്നു തുടക്കം. കനറാ ബാങ്കിൽനിന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽനിന്നും കോടികൾ വായ‌്പയെടുത്തെങ്കിലും ഒന്നും തിരിച്ചടച്ചില്ല. സംസ്ഥാന സഹകരണ ബാങ്ക‌് വൈസ‌് ചെയർമാൻ സ്ഥാനവും ഇക്കാലത്ത‌് രാഘവൻ വഹിച്ചിരുന്നു. ഈ ബന്ധം ഉപയോഗിച്ചായിരുന്നു പണം സംഭരിച്ചത‌്. കനറാ ബാങ്കിൽ നിന്നെടുത്ത എട്ടു കോടി രൂപയുടെ വായ‌്പ ഇപ്പോൾ പലിശ സഹിതം മൂന്നിരട്ടിയിലധികമായിട്ടുണ്ട‌്. മറ്റു നിരവധി ബാങ്കുകൾക്കായി അനവധി കോടികൾ വേറെയും. അഗ്രീൻകോ അഴിമതിയിൽ കണ്ണൂർ ടൗൺ പൊലീസ‌് കേസെടുത്തിട്ടുണ്ട‌്. അന്വേഷണം പുരോഗമിക്കുകയാണ‌്.
from Kerala || Deshabhimani Online News http://bit.ly/2KloYdC
via IFTTT
No comments:
Post a Comment