സ്വന്തം ലേഖകൻ> ‘എന്നെ അവർ ബൂത്തിനകത്തും പുറത്തുമിട്ട‌് തല്ലിച്ചതച്ചു. കുപ്പായം വലിച്ചുകീറി, നിലത്തിട്ടു ചവിട്ടി. എന്റെ നിഴൽപോലും കാണാൻ പാടില്ലെന്നായിരുന്നു ഭീഷണി. ഏജന്റായ എന്നെ ബൂത്തിൽ ഇരിക്കാൻ അനുവദിച്ചില്ല. വൈകിട്ട‌് എത്തിയപ്പോൾ വോട്ടുചെയ്യാൻ പോലും അനുവദിക്കാതെ വീണ്ടും മർദിച്ചു’–- കാഞ്ഞങ്ങാട‌് നഗരസഭ ആവിയിൽ വാർഡിൽനിന്ന‌് സ്വതന്ത്രനായി വിജയിച്ച- വിദ്യാഭ്യാസ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ മുഹമ്മദ‌് മുറിയനാവി ദുരനുഭവം വിവരിച്ചു. ലീഗ‌് കേന്ദ്രങ്ങളിലെ കള്ളവോട്ടും ബൂത്തുപിടിത്തവും വെളിവാക്കുന്നതാണ‌് ഈ വാക്കുകൾ. ലീഗ‌് അക്രമത്തിൽ പരിക്കേറ്റ മുഹമ്മദ‌് കാഞ്ഞങ്ങാട‌് ജില്ലാ ആശുപത്രിയിലായിരുന്നു.
കാഞ്ഞങ്ങാട‌് കടപ്പുറം പാണക്കാട‌് പൂക്കോയ തങ്ങൾ മെമ്മോറിയൽ എയുപി സ‌്കൂൾ 150–--ാം ബൂത്തിൽ എൽഡിഎഫ‌് ഏജന്റായിരുന്നു മുഹമ്മദ്. രാവിലെ ഏഴിനു മുന്നേ ബൂത്തിലെത്തി. അവിടെ തമ്പടിച്ച ഒരു പറ്റം ലീഗുകാർ മുഹമ്മദിനെ സ‌്കൂളിൽ കയറാൻ അനുവദിച്ചില്ല.
‘ഞാൻ ബൂത്ത‌് ഏജന്റാണെന്നു പറഞ്ഞിട്ടും കയറാൻ വിട്ടില്ല. ഒടുവിൽ പ്രിസൈഡിങ‌് ഓഫീസർ ഇടപെട്ട‌് എന്നെ ബൂത്തിലിരുത്തി. വ്യാജ വോട്ടർ ഐഡിയുമായി വരുന്നവരെ ചൂണ്ടിക്കാട്ടിയപ്പോൾ അവർ ബഹളം തുടങ്ങി. ജനലിലൂടെ കൈയിട്ട‌് എന്റെ ഷർട്ട‌് വലിച്ചുകീറി; അടിച്ചു. ബഹളം രൂക്ഷമായപ്പോൾ വോട്ടെടുപ്പ‌് നിർത്തിവച്ചു. എന്നെ ഒഴിവാക്കാതെ തെരഞ്ഞെടുപ്പ‌് തുടരാൻ അനുവദിക്കില്ലെന്നായിരുന്നു ലീഗിന്റെ വാശി. അക്രമം രൂക്ഷമായപ്പോൾ ഞാൻ വീട്ടിലേക്ക‌് പോയി. ഉച്ചയ‌്ക്കുശേഷം വീട്ടുകാർ വോട്ടുചെയ്യാൻ പോയി.
അപ്പോഴാണ‌് ജ്യേഷ്ഠന്റെ ഭാര്യ വോട്ടർ ഐഡി കാർഡ‌് എടുത്തില്ലെന്ന കാര്യം മനസ്സിലാക്കുന്നത‌്. അതുമായി ഞാൻ വീണ്ടും ബൂത്തിനടുത്തെത്തി. അപ്പോഴും ചിലർ ബഹളം തുടർന്നു. അതിനിടയിലാണ‌് ഗൾഫുകാരനായ ഫൈസലിന്റെ വോട്ട‌് മറ്റൊരാൾ ചെയ്യുന്നത‌് ശ്രദ്ധയിൽ പെട്ടത‌്. ഞാൻ എതിർത്തു. അതോടെ പുറത്തുനിന്ന‌് നൂറോളം വരുന്ന ക്രിമിനൽ സംഘം ബൂത്തിലേക്ക‌് ഇരച്ചുകയറി. എന്നെ ഭീകരമായി മർദിച്ച‌് കഴുത്തിന‌് പിടിച്ച‌് തള്ളി. തുടർന്ന‌് സ‌്കൂൾ നിൽക്കുന്ന സ്ഥലത്തുനിന്ന‌് ഏറെ ദൂരേയ‌്ക്ക‌് വലിച്ചിഴച്ചുകൊണ്ടുപോയി. ബഹളം ശമിച്ചശേഷം മറ്റുള്ളവർ ഇടപെട്ടാണ‌് എനിക്കു വോട്ടുചെയ്യാൻപോലും അവസരമൊരുക്കിയത‌്.
മുനിസിപ്പൽ ലീഗ‌് പ്രസിഡന്റും ജില്ലാ യൂത്ത‌് ലീഗ‌് വർക്കിങ‌് കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ‌് മുറിയനാവി കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലാണ‌് ലീഗ‌് ശക്തികേന്ദ്രമായ ആവിയിൽ വാർഡിൽനിന്ന‌് സ്വതന്ത്രനായി മത്സരിച്ച‌് വിജയിക്കുന്നത‌്. കാഞ്ഞങ്ങാട്ട‌് ബാർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട‌് യൂത്ത‌് ലീഗുകാർ അന്നത്തെ ചെയർമാൻ ഹസീന താജുദ്ദീനെതിരെ സമരം ചെയ‌്തിരുന്നു. ആ സമരത്തിന‌് നേതൃത്വം നൽകിയത‌് മുഹമ്മദായിരുന്നു. ബാറിനു വേണ്ടി നിലകൊണ്ടവരെ തെരഞ്ഞെടുപ്പിൽനിന്ന‌് മാറ്റിനിർത്തണണെമെന്ന യൂത്ത‌് ലീഗിന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ‌് സ്വതന്ത്രനായി മത്സരിച്ചത‌്. ലീഗ‌് സ്ഥാനാർഥികൾ സ്ഥിരമായി തെരഞ്ഞെടുക്കപ്പെടുന്ന വാർഡിലാണ‌് മുഹമ്മദ‌് വൻ ഭൂരിപക്ഷത്തോടെ ജയിച്ചത‌്.
from Kerala || Deshabhimani Online News http://bit.ly/2vsGnqr
via IFTTT
No comments:
Post a Comment