കൊച്ചി
ബിഎസ‌്എൻഎലിൽ എഫ‌്ടിടിഎച്ചും ഇന്റർനെറ്റ‌് ലൈനും ഉൾപ്പെടെയുള്ള പണികൾ കരാറെടുത്തവരുടെ പ്രതിഫലവും വിവിധ കരാർ തൊഴിലാളികളുടെ ശമ്പളവും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. 115 കോടിയോളം രൂപയുടെ കുടിശ്ശികയാണുള്ളത‌്. കോൺട്രാക്ടർമാർക്ക‌് കഴിഞ്ഞ ഏഴുമാസമായി ചെയ‌്തുതീർത്ത പണികൾക്ക‌് 50 കോടിയോളം രൂപയാണ‌് നൽകാനുള്ളത‌്. ഏണ്ണായിരത്തോളം കാഷ്വൽ കോൺട്രാക്ട‌് ജീവനക്കാർക്ക‌് മൂന്നുമാസത്തെ വേതനമായി 65 കോടി രൂപയും നൽകാനുണ്ട‌്.
തിരുവനന്തപുരം, എറണാകുളം സെക്കൻഡറി സ്വിച്ചിങ‌് ഏരിയകൾക്കു കീഴിലാണ‌് കരാറുകാർക്കും കരാർതൊഴിലാളികൾക്കും കുടിശ്ശികത്തുക കൂടുതലുള്ളത‌്. ഈ രണ്ട‌് എസ‌്എസ‌്എകളും വലിയ എസ‌്എസ‌്എകളാണെന്നതും തൊഴിലാളികൾ കൂടുതലുണ്ടെന്നതുമാണ‌് കാരണം. ഒഎഫ‌്സി, സ‌്റ്റേ വയറുകൾ, സ്വിച്ചുകൾ, ടെർമിനേഷൻ ബോക‌്സുകൾ, മീഡിയ കൺവെർട്ടറുകൾ തുടങ്ങിയവ വാങ്ങുന്നത‌് ചേർത്തുള്ള കരാർ ജോലികളുമുണ്ട‌്. കഴിഞ്ഞ വർഷം മേയിലാണ‌് ഒരു വർഷത്തേക്ക‌് പ്രാദേശികമായി കരാർ നൽകിയത‌്.
ഒരു വർഷത്തെ കാലാവധിയാണ‌് കരാറിന‌്. അത‌് ഈ വർഷം മേയിൽ തീരും. ഫൈബർ ടു ദ ഹോം (എഫ‌്ടിടിഎച്ച‌്), ഇന്റർനെറ്റ‌് ലൈൻ, ട്രാൻസ‌്മിഷൻ ജോലികൾ കരാറെടുത്തവർക്ക‌് കഴിഞ്ഞ സെപ‌്തംബർ മുതലുള്ള ജോലികൾക്ക‌് തുക നൽകിയിട്ടില്ല. സംസ്ഥാനത്തെ വിവിധ എസ‌്എസ‌്എകളിലായി പതിനഞ്ചോളം കരാറുകാരുണ്ട‌്. ഇവർക്ക‌് മെറ്റീരിയൽ വാങ്ങിയ തുകയുൾപ്പെടെ കിട്ടാനുള്ളത‌് 50 കോടിയിലേറെ രൂപ വരും. ഭൂമിക്കടിയിലൂടെ കേബിളിടുന്ന ജോലികൾ മാത്രം കരാറെടുത്തവരുമുണ്ട‌്.
ബിഎസ‌്എൻഎൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പ്രാദേശികമായി ചെയ്യുന്ന ജോലികൾ നിർത്തിവയ‌്ക്കാനും പുതിയ ടെൻഡറുകൾ കോർപറേറ്റ‌് ഓഫീസിൽനിന്നുള്ള അറിയിപ്പിനുശേഷം അനുവദിച്ചാൽ മതിയെന്നും എല്ലാ സർക്കിൾ ചീഫ‌് ജനറൽ മാനേജർമാർക്കും കോർപറേറ്റ‌് ഡിജിഎം ഫെബ്രുവരിയിൽ സർക്കുലർ അയച്ചിരുന്നു. ഇതുകൂടിയായതോടെ ചെയ‌്തു തീർത്ത പണികളുടെ തുക കിട്ടാതെ നെട്ടോട്ടമോടുകയാണ‌് കരാറുകാർ.
സ്വീപ്പർ ജോലി മുതൽ ക്ലറിക്കൽ ജോലിവരെ ചെയ്യുന്ന കരാർ തൊഴിലാളികളും വിദഗ‌്ധ തൊഴിൽ ചെയ്യുന്നവരുമുൾപ്പെടെ സംസ്ഥാനത്ത‌് എണ്ണായിരത്തോളംപേർ ബിഎസ‌്എൻഎലിലുണ്ട‌്. ഇവർക്ക‌് കഴിഞ്ഞ മൂന്നുമാസമായി ശമ്പളമില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന‌് രണ്ട‌് മാസത്തെ ശമ്പളം നൽകി അധികൃതർ തൽക്കാലം മുഖം രക്ഷിച്ചു. വീണ്ടും ജനുവരി മുതലുള്ള ശമ്പളം കുടിശ്ശികയായി. എറണാകുളത്താണ‌് ഏറ്റവുമധികം കരാർ തൊഴിലാളികൾ. എഴുന്നൂറിലധികം പേർ. വർഷങ്ങളായി കരാർ തൊഴിൽ ചെയ്യുന്നവരുമുണ്ട‌്. കരാർ തൊഴിലാളികളോടുള്ള അവഗണന തുടർന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന‌് തൊഴിലാളികൾ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2PDAaRU
via IFTTT
No comments:
Post a Comment