തിരുവനന്തപുരം
വിജിലൻസ‌് ആൻഡ‌് ആന്റി കറപ‌്ഷൻ ബ്യൂറോയുടെ ഓഫീസുകൾക്ക‌് വാടകക്കെട്ടിടങ്ങളിൽനിന്ന‌് മോചനമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ ഓഫീസുകൾക്കും സ‌്പെഷ്യൽ യൂണിറ്റുകൾക്കുമാണ‌് സ്വന്തം കെട്ടിടം ഒരുങ്ങുന്നത‌്. തിരുവനന്തപുരത്ത‌് മുട്ടത്തറയിൽ 75 സെന്റ‌് സ്ഥലത്ത‌് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടനിർമാണത്തിന‌് സർക്കാർ അനുമതി നൽകി. മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്വന്തം കെട്ടിട നിർമാണം അന്തിമഘട്ടത്തിലാണ‌്. കണ്ണൂരിൽ നിർമാണ പ്രവർത്തനങ്ങൾ ഊർജിതം. വയനാട‌് ഭൂമി കൈമാറുന്നതിനുള്ള നടപടിയാകുന്നു. ഇടുക്കിയിൽ പുതിയ കെട്ടിടത്തിൽ ഓഫീസ‌് പ്രവർത്തനം തുടങ്ങി. സ്വന്തം കെട്ടിടം വരുന്നതോടെ വാടകയിനത്തിൽമാത്രം ലക്ഷങ്ങളാണ‌് സർക്കാരിന‌് ലാഭം.
മുട്ടത്തറയിൽ പുതിയ കെട്ടിടം നിർമിക്കുന്നതോടെ അഞ്ച‌് ഓഫീസുകൾ അവിടേക്ക‌് മാറും. സ‌്പെഷ്യൽ ഇൻവെസ‌്റ്റിഗേഷൻ യൂണിറ്റ‌് (എസ‌്ഐയു) ഒന്ന‌്, രണ്ട‌്, എസ‌്ആർടി, എസ‌്സിടി, തിരുവനന്തപുരം യൂണിറ്റ‌് എന്നിവയാണ‌് വാടകക്കെട്ടിടത്തിൽനിന്ന‌് മാറുക. ഈ ഓഫീസുകൾ മാറുന്നതിലൂടെ മാത്രം വാടകയിനത്തിൽ വർഷം 35 ലക്ഷം രൂപയാണ‌് സർക്കാരിന‌് ലാഭം.
നിലവിൽ 23 കോടി രൂപയുടെ പദ്ധതിയാണ‌് മുട്ടത്തറയിൽ നടപ്പാക്കുന്നത‌്. എട്ട‌് കോടിരൂപ സർക്കാർ അനുവദിച്ചു. പൊലീസ‌് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 75 സെന്റ‌് ഭൂമിയും ഇതിനായി ലഭ്യമാക്കി. താമസിയാതെ തന്നെ ഇവിടെ നിർമാണപ്രവർത്തനം തുടങ്ങും. കണ്ണൂരിൽ രണ്ടുകോടി രൂപയും മലപ്പുറത്ത‌് 1.90 കോടി രൂപയും ചെലവഴിച്ചാണ‌് കെട്ടിടനിർമാണം. ഇടുക്കിയിൽ രണ്ട‌് കോടി രൂപ വിനിയോഗിച്ച‌് നിർമിച്ച കെട്ടിടം മുഖ്യമന്ത്രിയാണ‌് ഉദ‌്ഘാടനം ചെയ‌്തത‌്.
ഓഫീസുകൾ സ്വന്തം കെട്ടിടത്തിലാകുന്നതോടെ വിജിലൻസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. നിലവിൽ മിനിസ‌്റ്റീരിയൽ സ‌്റ്റാഫ‌് ഉൾപ്പെടെ 850ഓളം ജീവനക്കാർ വിജിലൻസിലുണ്ട‌്. പല ഓഫീസുകളും വാടകകെട്ടിടങ്ങളിലായതിനാൽ ഉദ്യോഗസ്ഥർക്ക‌് ആവശ്യത്തിന‌് സൗകര്യമില്ലെന്ന പരാതിക്ക‌് ഏറെ പഴക്കമുണ്ട‌്. ഈ പ്രശ‌്നത്തിനു കൂടിയാണ‌് പരിഹാരമാകുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2PHHITO
via IFTTT
No comments:
Post a Comment