കൊച്ചി
തന്നെ ഇത്രയും ദിവസം കാത്തുനിന്നവരെ, ഞായറാഴ‌്ച ഇന്നസെന്റ‌് കാത്തുനിന്നു. രാവിലെ കയ്പമംഗലം കൂരിക്കുഴി കടപ്പുറത്തെ കമ്പനിക്കടവിൽനിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ മീനും പിടിച്ച് തീരത്തെത്തുമ്പോൾ അവരെ കാത്തുനിൽക്കുകയായിരുന്നു ഇന്നസെന്റ്.
നമ്മളെ എല്ലാവരെയും ആരോഗ്യത്തോടെ കാക്കുന്ന വിവിധതരം മത്സ്യങ്ങൾ എത്തിച്ചുതരുന്നതിലുപരി പ്രളയകാലത്ത് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചവർകൂടിയാണ് ഈ കടലിന്റെ മക്കളെന്ന് ഇന്നസെന്റ് പറഞ്ഞു. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ക്ഷമയോടെ കേട്ട അദ്ദേഹം പോകാനൊരുങ്ങുമ്പോൾ തീരത്തെ മുതിർന്ന മത്സ്യത്തൊഴിലാളിയായ സുമതിച്ചേട്ടൻ അദ്ദേഹത്തിന് ഒരു പങ്കായം സമ്മാനിച്ചു. കടൽക്ഷോഭം നേരിടുന്ന എറിയാട് കടപ്പുറത്ത് കടൽഭിത്തി കെട്ടുകയെന്നതാണ് ജയിച്ചുവന്നാലുള്ള ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതെന്ന‌് ഇന്നസെന്റ് പറഞ്ഞു.
2005-ൽ തുടക്കംമുതൽ രക്ഷാധികാരിയായ ഇടമുട്ടത്തെ ആൽഫാ പാലിയേറ്റീവ് കെയറിലേക്കായിരുന്നു പിന്നീട് ഇന്നസെന്റിന്റെ യാത്ര. കയ്പമംഗലം എംഎൽഎ ഇ ടി ടൈസണും മറ്റ് എൽഡിഎഫ് നേതാക്കളും ഇന്നസെന്റിനോടൊപ്പമുണ്ടായിരുന്നു. ആൽഫാ സ്ഥാപകനും വ്യവസായപ്രമുഖനും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാർഥിയുമായിരുന്ന സുഹൃത്ത് കെ എ നൂറുദീൻ ഇന്നസെന്റിനെ സ്വീകരിച്ചു. ആൽഫയിൽ കഴിയുന്ന രോഗികളുടെ ക്ഷേമമന്വേഷിച്ചശേഷം നടന്ന യോഗത്തിൽ ഇന്നസെന്റ് ജയിച്ചുവരേണ്ടത് ആൽഫയുടെ ആവശ്യമാണെന്ന് നൂറുദീൻ പറഞ്ഞു.
എംപി ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ അനുവദിച്ച കയ്പമംഗലം കടലായിക്കുളത്തെ കുടിവെള്ളപദ്ധതിയുടെ നിർമാണസ്ഥലം സന്ദർശിച്ച‌് നിർമാണപുരോഗതിയും ഇന്നസെന്റ് വിലയിരുത്തി. അപ്രതീക്ഷിതമായെത്തിയ, പദ്ധതിയുടെ അമരക്കാരനെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിലൂടെ പ്രദേശവാസികളുടെ വലിയൊരാവശ്യമാണ് നിറവേറുന്നതെന്ന് പറയാൻ ഒരു രാഷ്ട്രീയവും തടസ്സമില്ലെന്ന‌് നാട്ടുകാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഉച്ചയ്ക്കുശേഷം പെരുമ്പാവൂരിൽ ഡോ. ഡി ബാബുപോളിന്റെ സംസ്‌കാരച്ചടങ്ങുകളിലും ഇന്നസെന്റ് പങ്കെടുത്തു. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലുമായി മൂന്നുതവണവീതം നടത്തിയ പര്യടനങ്ങളിലൂടെ 1200 കേന്ദ്രങ്ങൾ സന്ദർശിച്ച് തുറന്ന വാഹനത്തിലെ പൊതുപ്രചാരണം ശനിയാഴ്ച പൂർത്തിയാക്കിയശേഷമാണ് ഇന്നസെന്റ് വീണ്ടും വിവിധ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുന്ന ഘട്ടത്തിലേക്ക‌് കടന്നത‌്.
വിഷുദിനത്തിലും മണ്ഡലത്തിലെ വിവിധ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കാനാണ് പരിപാടി. കേരളത്തിൽ കാലക്രമേണ കൃഷി ഏറെ കുറഞ്ഞുപോയിട്ടുള്ളത് നല്ല കാര്യമല്ലെന്നും കൃഷി വൻതോതിൽ തിരിച്ചുപിടിക്കണമെന്നുള്ളതാണ് തന്റെ വിഷു ആശംസയെന്നും ഇന്നസെന്റ് പറഞ്ഞു. ഓണം പോലെതന്നെ വിഷുവും അടിസ്ഥാനപരമായി കാർഷികോത്സവമാണ്. പല കൃഷികളിലും കുറവുണ്ടായെങ്കിലും ചക്കയും മാങ്ങയും ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.
പര്യടനയാത്രയിലുടനീളം കൊന്നപ്പൂക്കൾ നൽകി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും എല്ലാവർക്കും സമ്പൽസമൃദ്ധമായ വിഷു ആശംസിക്കുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.
സ്നേഹാലയത്തില്‍
കൊടുങ്ങല്ലൂർ
വിഷുതലേന്ന് വിരുന്നെത്തിയ അതിഥിയെ പോലെ സ്നേഹാലയം ഇന്നസെന്റിനെ സ്വീകരിച്ചു. കണിക്കൊന്ന പോലെ മനസ്സിലെന്നും നന്മകൾ പൂക്കുന്ന, കാരുണ്യത്തിന്റെ കടൽ ഹൃദയത്തിലിരമ്പുന്ന കന്യാസ‌്ത്രീകൾ ഉഷ്മള വരവേൽപ്പാണ് ഇന്നസെന്റിന് നൽകിയത്.
ഞായറാഴ്‍ച ഉച്ചയോടെയാണ് മേത്തല ടികെഎസ് പുരത്തുള്ള സ്നേഹാലയ കോൺവെന്റിൽ ഇന്നസെന്റ് എത്തിയത്. പെയിൻ ആൻഡ‌് പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായ ഇന്നസെന്റ് ആതുര സേവനരംഗത്ത് എംപിയായതിനുശേഷം വലിയ സംഭാവനകൾ നൽകിയത് ഇവർക്കറിയാം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചതും, മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചതുമെല്ലാം പത്രത്തിലൂടെ വായിച്ചറിഞ്ഞിരുന്നു.
.jpg)
ആദ്യം പരിചയപ്പെട്ടത് സിസ്റ്റർ ഷോജിയാണ്. പിന്നീട് ഓരോരുത്തരെയായി ഇന്നസെന്റിന് പരിചയപ്പെടുത്തി, സിസ്റ്റർമാരായ സിൽവിയ, മേരി ആൻഡ്രിയ, സിനി, വിനീത, സ്മിലി, ലയോണി... കൂട്ടത്തിലൊരാൾ ചത്തീസ്ഗഢ്കാരിയാണ് എന്ന് സി. ഷോജി പറഞ്ഞപ്പോൾ അവരോട് ഹിന്ദിയിലായി സംസാരം.
കോൺവെന്റ് നടത്തുന്ന സ്കൂളിനെക്കുറിച്ച് ചോദിച്ചു. നല്ല രീതിയിലാണ് സ്കൂളിന്റെ പ്രവർത്തനമെന്ന് അധ്യാപിക കൂടിയായ സിസ്റ്റർ ആൻഡ്രിയ പറഞ്ഞു. കോൺവെന്റിന്റെ സ്വീകരണ മുറിയിലിരുന്ന് ഓരോരുത്തരുടെയും നാട് ചോദിച്ചു. മേത്തല, കുറുമാത്തുരുത്ത്...ഇന്നസെന്റിന്റെ നർമത്തിൽ ചാലിച്ച സംസാരം എല്ലാവർക്കും ഇഷ്ടമായി. സ്കൂളിന് ബസ് വേണ്ടതടക്കമുള്ള കാര്യങ്ങൾ കന്യാസ്ത്രീകൾ ധരിപ്പിച്ചു. എന്താവശ്യവും തന്നോട് പറയാൻ മടിക്കേണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു.
വിഷു–-ഈസ്റ്റർ ആശംസകൾക്കൊപ്പം ഇന്നസെന്റിന് വിജയാശംസകളും നേർന്നാണ് കന്യാസ്ത്രീകൾ യാത്രയാക്കിയത്. എൽഡിഎഫ് നേതാക്കളായ കെ എസ് കൈസാബ്, എം ജി പുഷ്പാകരൻ, കൗൺസിലർ ശോഭ, ഇ എ നവാസ്, കെ എം പ്രകാശൻ, ജോൺസൻ എന്നിവരും ഇന്നസെന്റിന് ഒപ്പമുണ്ടായി.
ഇന്നസെന്റിനായി ബാലസംഘം കൂട്ടുകാരും
കൊടുങ്ങല്ലൂർ
ചാലക്കുടി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിന്റെ വിജയത്തിനായി ബാലസംഘം പ്രവർത്തകരും സജീവമായി രംഗത്ത‌്. ബാലസംഘം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി കലാ ജാഥയുമായി കയ‌്പമംഗലം മണ്ഡലത്തിൽ പര്യടനം നടത്തി. രാജ്യം നേരിടുന്ന ഗുരുതര പ്രശ‌്നങ്ങൾ പ്രമേയമാക്കി കലാപരിപാടികൾ അവതരിച്ചു. എടതിരുത്തിയിൽ നിന്നാരംഭിച്ച കലാജാഥ അഴീക്കോട‌് സമാപിച്ചു. മതിലകം എമ്മാട‌് ബാല സംഘം പ്രവർത്തകർ ഇന്നസെന്റിനെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി ഗൃഹ സന്ദർശനം നടത്തി.
.jpg)
from Kerala || Deshabhimani Online News http://bit.ly/2UD0YHx
via IFTTT
No comments:
Post a Comment