‘വീ പ്ലാൻ, വീ ക്യാൻ’ ; വികസനകാഴ‌്ചപ്പാടുകൾക്ക‌് രൂപംനൽകുന്നതിനായി ജനകീയ വികസനസമിതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

‘വീ പ്ലാൻ, വീ ക്യാൻ’ ; വികസനകാഴ‌്ചപ്പാടുകൾക്ക‌് രൂപംനൽകുന്നതിനായി ജനകീയ വികസനസമിതി


മട്ടാഞ്ചേരി
ആയിരങ്ങൾ ആവേശക്കടലായി ആർത്തിരമ്പിയപ്പോൾ അവർക്കൊപ്പം അവരിലൊരാളായി പി രാജീവ് നടന്നു. രാജീവിനൊപ്പം മട്ടാഞ്ചേരിയിലെ തെരുവുകൾ കൂടെയൊഴുകി. രാജീവിനെ വിജയിപ്പിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഉറപ്പിച്ച് ജനം ഒഴുകിയപ്പോൾ, രക്തസാക്ഷികളുടെ ചരിത്രമുറങ്ങുന്ന, ഗസലുകളുടെ ഈരടികൾ മുഴങ്ങുന്ന പൈതൃകനഗരി ഇതുവരെ കാണാത്ത ആളൊരുക്കത്തിന് സാക്ഷ്യംവഹിച്ചു. ഞായറാഴ‌്ച വൈകിട്ട‌് ഫോർട്ടുകൊച്ചി ആസ്പിൻവാളിനുസമീപത്തുനിന്ന് ആരംഭിച്ച പര്യടനം മട്ടാഞ്ചേരി പുതിയ റോഡ് ജങ്ഷനിൽ സമാപിച്ചു. നേരത്തെ തീരുമാനിച്ച സ്വീകരണ കേന്ദ്രങ്ങളിലൊതുങ്ങാതെ വഴിനീളെ തുറന്ന ജീപ്പിൽനിന്ന് സ്ഥാനാർഥിയെ ഇറക്കി ജനങ്ങൾ സ്വീകരിക്കുകയായിരുന്നു പലയിടത്തും. ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പ്രധാനപ്പെട്ട വഴികളിലൂടെയെല്ലാം പര്യടനം കടന്നുപോയി.

സ്നേഹവും പങ്കുവയ‌്പും കൊച്ചിയിലെ ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്ന് രാജീവ് പറഞ്ഞു.  കൊച്ചിയിലെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന  ടി എം മുഹമ്മദിന്റെ മണ്ണിൽ പാർടിപ്രവർത്തനത്തിന് വന്ന ഘട്ടത്തിലൊക്കെ ‘ആഹാരം കഴിച്ചോ’ എന്ന് ചോദിക്കാതെ കൊച്ചിയിലെ ഒരാളും സംസാരിച്ച് തുടങ്ങിയിട്ടില്ലെന്ന് രാജീവ് ഓർത്തെടുത്തു. കൊച്ചി എംഎൽഎ കെ ജെ മാക്സിയും നൂറുകണക്കിന‌് എൽഡിഎഫ് പ്രവർത്തകരും പര്യടനത്തിൽ ഉടനീളം സ്ഥാനാർഥിയെ അനുഗമിച്ചു.

‘വീ പ്ലാൻ, വീ ക്യാൻ’
കൊച്ചി
എറണാകുളത്തിന്റെ വികസനകാഴ‌്ചപ്പാടുകൾക്ക‌് രൂപംനൽകുന്നതിനായി ജനകീയ വികസനസമിതി രൂപീകരിക്കുമെന്ന‌് എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവ‌് അവതരിപ്പിച്ച ഭാവി എറണാകുളം സമഗ്ര വികസനകാഴ‌്ചപ്പാടിൽ പറയുന്നു. എറണാകുളം ബിടിഎച്ചിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പ്രകാശനം ചെയ‌്തു. ഹൃദയശസ‌്ത്രക്രിയാ വിദഗ‌്ധൻ ഡോ. ജോസ‌് ചാക്കോ പെരിയപ്പുറം, ഡോ. ജുനൈദ‌് റഹ‌്മാൻ, ഡോ. കെ ആർ വിശ്വംഭരൻ എന്നിവരടക്കം വിവിധ മേഖലകളിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങൾ ചേർന്ന‌് ഏറ്റുവാങ്ങി.

നാടിന്റെ വികസനപ്രക്രിയയിൽനിന്ന‌് ഒരാൾപോലും ഒറ്റപ്പെട്ടുപോകരുത‌് എന്നതിന്റെ അടിസ്ഥാനത്തിലാണ‌്, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ജനകീയ വികസനസമിതി രൂപീകരിക്കുന്നത‌്. പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട‌് സോഷ്യൽ ഓഡിറ്റിങ‌് നടപ്പിൽവരുത്തുമെന്നും രേഖ പറയുന്നു.
എംപിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും എറണാകുളത്തിന്റെ വികസനത്തിനായി സ്വീകരിച്ച നടപടികളുടെ അനുഭവത്തിന്റെയും വിവിധ മേഖലകളിലെ വിദഗ‌്ധർ, തൊഴിലാളികൾ, സാധാരണക്കാർ എന്നിവരുമായി വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലുള്ള വികസനകാഴ‌്ചപ്പാടാണ‌് ‘വീ പ്ലാൻ, വീ ക്യാൻ’ എന്ന പേരിൽ അവതരിപ്പിച്ചത‌്.

വിവിധ ഔപചാരിക ഭരണസംവിധാനങ്ങളെ ജനങ്ങളുടെ ഇടപെടലിലൂടെ കൂടുതൽ സർഗാത്മകമായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള സാധ്യതയാണ‌് ഈ രേഖയിലൂടെ പി രാജീവ‌് പരിശോധിക്കുന്നതെന്ന‌് എം എ ബേബി പറഞ്ഞു. വളരെ ക്രിയാത്മകമായി ജനാധിപത്യത്തെ എങ്ങനെ പ്രയോഗിക്കാമെന്ന‌് പരിശ്രമിക്കുകയാണ‌് ഇതുവഴിയെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക‌് ഒന്നിച്ച‌് എറണാകുളത്തെ എങ്ങനെയാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള കാഴ‌്ചപ്പാടാണ‌് അവതരിപ്പിക്കുന്നതെന്ന‌് രാജീവ‌് പറഞ്ഞു. അപൂർണമായ രേഖയാണ‌് അവതരിപ്പിക്കുന്നതെന്നും കൂടുതൽ ചർച്ചകളുടെയും ഉയർന്നുവരുന്ന മറ്റ‌് വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ എൽഡിഎഫിന്റേതായി പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്തുണയുമായി ഊരാളി ബാന്‍ഡ് 
കൊച്ചി
ജനഹൃദയത്തിലിടം പിടിച്ച ഊരാളി ബാന്‍ഡ് സംഘം ചൊവ്വാഴ്ച എറണാകുളം ലോക‌്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് പിന്തുണ പ്രഖ്യാപിച്ച് രാജേന്ദ്രമൈതാനിയിലെത്തും. വ്യത്യസ്തമായ ആശയവും ശൈലിയും പിന്തുടരുന്ന ഊരാളിക്ക് പറയാനും പാടാനും ഏറെയുണ്ട്. പാട്ടും കഥകളും കളികളും നാടകങ്ങളുമായി പലവഴിയേ സഞ്ചരിക്കുന്ന ഊരാളിസംഘത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തി‌ന് രാജേന്ദ്രമൈതാനി വേദി‌യാകും. ഭരണമേൽക്കുന്ന മതനിരപേക്ഷ സർക്കാരിൽ പി രാജീവിന്റെ സാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്കാരികപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സാംസ്കാരികസം​ഗമത്തിന്റെ ഭാ​ഗമായാണ്  ബാന്‍ഡെത്തുന്നത്.

രാവിലെ പത്തിന‌് ആരംഭിക്കുന്ന സാംസ്‌കാരികസംഗമം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. എഴുത്തുകാർ, ചിത്രകാരന്മാർ, സിനിമാപ്രവർത്തകർ തുടങ്ങി സാംസ്‌കാരികമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. രാത്രി എട്ടുവരെ നീളുന്ന സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

അമ്പതു ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ജനകീയ ചിത്രരചന, മിഴാവിൽ മേളം, ചവിട്ടുനാടകം, അഷ്ടപദി, കവിതാലാപനം, ഹാസ്യകലാപ്രകടനം, ശീതങ്കൻ തുള്ളൽ എന്നിവയുണ്ടാകും.  രാഷ്ട്രീയനേതാവ് എന്നതിനപ്പുറം  മാധ്യമപ്രവർത്തകനായും ഗ്രന്ഥകാരനായും പ്രഭാഷകനായും  സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന പി രാജീവിന്റെ സാംസ്‌കാരികമുഖം കൂടുതൽ പരിചിതമാക്കുന്നതിന്റെ ഭാഗമായാണ് പത്തുമണിക്കൂർ നീണ്ട സംഗമം സംഘടിപ്പിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2GemxUR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages