തിരുവനന്തപുരം
രാഹുൽ ഗാന്ധി മത്സരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ‌് അനുകൂലതരംഗമുണ്ടാകുമോയെന്ന‌് ഉത്തർപ്രദേശിലെ സ്ഥിതി പരിശോധിച്ചാൽ മതിയെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. 80 ലോക‌്സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിച്ചപ്പോൾ ആ രണ്ടു സീറ്റൊഴികെ 78ലും തോറ്റു. സമീപ സംസ്ഥാനങ്ങളായ ബിഹാറിലുൾപ്പെടെ കോൺഗ്രസിന്റേത‌് പരിതാപകരമായ അവസ്ഥയാണ‌്. വർഗീയതയെ ചെറുക്കുകയാണ‌് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെങ്കിൽ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ തെരഞ്ഞെടുക്കേണ്ടത‌് കർണാടകമായിരുന്നു. കേരളത്തിൽ ബിജെപിക്ക‌് സീറ്റില്ല. കർണാടകത്തിലാണ‌് ബിജെപിക്ക‌് കൂടുതൽ പാർലമെന്റ‌് സീറ്റുള്ളത‌്.
തിരുവനന്തപുരം മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം കല്ലിയൂരിലും മണ്ണന്തലയിലും എൽഡിഎഫ‌് പൊതുയോഗങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി. പാർലമെന്റിലേക്ക‌് കൂടുതൽ ഇടതുപക്ഷ പ്രതിനിധികളെ അയച്ചാൽ മാത്രമേ ജനങ്ങളുടെ ജീവൽപ്രശ‌്നങ്ങൾക്ക‌് പരിഹാരമുണ്ടാകൂ. ഒന്നാം യുപിഎ ഭരണകാലത്ത‌് തൊഴിലുറപ്പു പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനായത‌് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദത്തിന്റെ ഫലമായാണ‌്. ഭരണനയത്തിലും അഴിമതിയിലും കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വഭാവമാണ‌്. ജനജീവിതം ദുസ്സഹമാക്കി വിലക്കയറ്റം സൃഷ്ടിക്കുന്നതിലും കോൺഗ്രസും ബിജെപിയും ഒന്നാണ‌്. ഇന്ത്യയെ മതാധിഷ‌്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ‌് ബിജെപി ഭരണം നടത്തിക്കൊണ്ടിരിക്കുന്നത‌്. കള്ളം പറഞ്ഞ‌് വോട്ട‌് പോക്കറ്റടിക്കുന്നത‌് മോഡിയുടെ സ്വഭാവമാണ‌്. വർഷംതോറും രണ്ടുകോടി പേർക്ക‌് തൊഴിൽ, 15 ലക്ഷം രൂപ ഓരോരുത്തരുടെയും ബാങ്ക‌് അക്കൗണ്ടിൽ എന്നെല്ലാം പറഞ്ഞാണ‌് കഴിഞ്ഞതവണ വോട്ടു നേടിയത‌്. ഇത്തവണയും ഒരുപാട‌് കള്ളങ്ങൾ വോട്ടു തട്ടാൻ മോഡിയും കൂട്ടാളികളും പറയുമെന്നും എം എ ബേബി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2I10LXm
via IFTTT
No comments:
Post a Comment