ആലപ്പുഴ> പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ രംഗത്ത‌് പ്രവർത്തിക്കുന്ന ‘ഐ ആം ഫോർ ആലപ്പി' ഏറ്റെടുത്ത വീടുകളുടെ നിർമാണം പൂർത്തിയാകുന്നു. ‘ബാഹുബലി’ സിനിമാ ടീം ഐ ആം ഫോർ ആലപ്പിയുമായി സഹകരിച്ച‌് നിർമിക്കുന്ന അഞ്ച‌് വീടുകളിൽ ആദ്യത്തേതാണ‌് പൂർത്തിയായത‌്.
കൊമ്മാടി സ്വദേശി ജോസഫിനാണ് 425 ചതുരശ്ര അടി വിസ‌്തീർണമുള്ള വീട് നിർമിച്ചത്. ഇനിയൊരു പ്രളയമുണ്ടാകുകയാണെങ്കിൽ അതിനെ അതിജീവിക്കാനാകുന്നവിധം ഒന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽ തറയോടുകൂടിയാണ് വീട്. രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോടെയുള്ള വീട്ടിൽ വൈദ്യുതീകരണവും പൂർത്തീകരിച്ചു.
മെയ് ആദ്യവാരത്തോടെ മറ്റു വീടുകളും പൂർത്തീകരിക്കുമെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറയ‌്ക്ക‌് ഉദ്ഘാടനം നിർവഹിക്കുമെന്നും സബ്കലക‌്ടർ വി ആർ കൃഷ‌്ണതേജ അറിയിച്ചു. മുന്നൂറോളം വീടുകൾ നിർമിക്കാനുള്ള പദ്ധതിയാണ‌് ഐ ആം ഫോർ ആലപ്പി ഏറ്റെടുത്തത‌്. ഇതിനൊപ്പം അങ്കണവാടികളുടെയും നിർമാണം ഏറ്റെടുത്തിട്ടുണ്ട‌്. 33 അങ്കണവാടികൾ പുതുതായും 67 എണ്ണം അറ്റകുറ്റപ്പണി നടത്തിയും കൈമാറും. 400 ഫൈബർ ബോട്ടുകളും പ്രളയബാധിതർക്ക‌് നൽകും.
വാട്ടർപ്യൂരിഫയർ കുട്ടനാട്ടിലെ എല്ലാ സ‌്കൂളുകളിലും നൽകിയിട്ടുണ്ട‌്. ഇപ്പോൾ ചേർത്തല താലൂക്കിലാണ‌് വിതരണം. വീടുനിർമാണം, ജീവനോപാധികളുടെ വിതരണം, സ‌്കൂളുകൾക്കും അങ്കണവാടികൾക്കും കുട്ടികൾക്കുമുള്ള പഠനസാമഗ്രികളുടെ വിതരണം, ആരോഗ്യസംരക്ഷണം, ഹരിത പുനഃസൃഷ‌്ടി തുടങ്ങിയവയിലൂടെയാണ‌് ഐ ആം ഫോർ ആലപ്പിയുടെ സഞ്ചാരം.
പ്രളയമൊഴിഞ്ഞതിനു പിന്നാലെ 2018 സെപ‌്തംബർ 14ന‌് ഫെയ‌്സ‌്ബുക്ക‌് കൂട്ടായ‌്മ പിറവിയെടുത്തു. തകഴി കുന്നുമ്മ പ്രാഥമികാരോഗ്യകേന്ദ്രം പുനർനിർമിച്ചായിരുന്നു തുടക്കം. പ്രളയത്തിൽ കന്നുകാലികളെ നഷ‌്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക‌് ജീവനോപാധി തിരികെ നൽകുന്ന ‘ഡൊണേറ്റ‌് എ കാറ്റിൽ’ പദ്ധതിയിലൂടെ 150 ക്ഷീരകർഷകർക്ക‌് പശുക്കൾ നൽകി. പശുവിതരണം തൽക്കാലികമായി നിർത്തിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2voCbrE
via IFTTT
No comments:
Post a Comment